ഇത് ഒരാളുടെ ജീവിത വിജയത്തിന്‍റെ കഥയാണ്. ഒപ്പം, തന്നെപ്പോലെ ദുരിതമനുഭവിക്കുന്ന മനുഷ്യരെ കൈപിടിച്ച് ദാരിദ്ര്യത്തില്‍ നിന്നും കര കയറ്റാന്‍ കൂടെ നിന്ന ഒരു മനുഷ്യ സ്നേഹിയുടേയും. അതാണ്, ഡ്രീവ്... 

ഡ്രീവ് ഗൂഡല്‍ അഭിനേതാവായി തന്‍റെ കരിയര്‍ തുടങ്ങുമ്പോള്‍ കരുതിയിരുന്നത് ഭാവിയില്‍ താന്‍ ഒരു വലിയ നടനാകുമെന്നും വളരെ മികച്ച ജീവിതം നയിക്കുമെന്നുമാണ്. പക്ഷെ, എല്ലാ പ്രതീക്ഷകളും തകര്‍ന്നു പോയി. സിനിമകളില്‍ വേഷമൊന്നും കിട്ടാതെ ജീവിതം നിയന്ത്രണത്തില്‍ നിന്നും വിട്ടുപോയി. കയ്യില്‍ ഒന്നുമില്ലാത്തവനായി അച്ഛനമ്മമാരെ അഭിമുഖീകരിക്കാന്‍ ഡ്രീവിന് ബുദ്ധിമുട്ടായി. തന്‍റെ വിധിയെ തനിച്ച് പിന്തുടരാന്‍ തന്നെ ഡ്രീവ് തീരുമാനിച്ചു. 

2011 ആകുമ്പോഴേക്കും അദ്ദേഹം വീട്ടില്‍ നിന്നിറങ്ങി. വീടോ, തൊഴിലോ, കയ്യില്‍ പണമോ ഒന്നുമില്ലാത്തവനായി മാറി ഡ്രീവ്. അയാള്‍ തെരുവില്‍ അന്തിയുറങ്ങി. ഭക്ഷണത്തിന് വേണ്ടി, ചില്ലറത്തുട്ടുകള്‍ക്ക് വേണ്ടി യാചിച്ചു. അതിനിടെയാണ് എന്നും കാണുന്ന ഒരാളുടെ അഭിപ്രായം ഡ്രീവിന്‍റെ ജീവിതം മാറ്റിമറിച്ചത്. ഷൂ പോളിഷ് ചെയ്തുകൂടേ എന്ന് ഡ്രീവിനോട് ചോദിക്കുന്നത് അയാളാണ്. അങ്ങനെ വഴിയരികിലിരുന്ന് ഷൂ പോളിഷ്  ചെയ്യുകയായി ഡ്രീവിന്‍റെ ജോലി. ലൈസന്‍സ് ഒന്നുമില്ലാതെ തുടങ്ങിയ തൊഴിലായിരുന്നു അത്. എന്നാല്‍, പിന്നീട് ഡ്രീവ് ലൈസന്‍സ് നേടി. ആറ് മാസമായപ്പോഴേക്കും റെഗുലര്‍ കസ്റ്റമറായിരുന്ന ഒരാള്‍ ഡ്രീവിന് ഓഫീസ് നല്‍കാം എന്ന് ഓഫര്‍ ചെയ്തു. ആ ഓഫീസ് വികസിച്ചു. കൂടുതല്‍ ആളുകളെ ജോലിക്ക് നിയമിക്കേണം എന്ന അവസ്ഥയിലേക്ക് ഡ്രീവിന്‍റെ കമ്പനി വളര്‍ന്നു. 

ജോലിക്കായി ആളുകളെ തെരഞ്ഞെടുക്കുമ്പോള്‍ താന്‍ വന്ന വഴി ഡ്രീവ് മറന്നില്ല. തെരുവില്‍ അലയുന്നവരേയും ദരിദ്രരേയും വീടില്ലാത്തവരേയുമാണ് അദ്ദേഹം തൊഴിലാളികളായി നിയമിച്ചത്. ഇന്ന് വലിയ തോതില്‍ സമ്പാദിക്കുന്ന ഒരു കമ്പനിയാണ് ഡ്രീവിന്‍റേത്. അതില്‍ നിന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം പണം നല്‍കുന്നു. 

ഒരുപാട് ആളുകളെ ദാരിദ്ര്യത്തില്‍ നിന്നും കര കയറ്റാന്‍ ഡ്രീവിന്‍റെ കമ്പനിക്ക് കഴിഞ്ഞു. ദാരിദ്ര്യത്തില്‍ നിന്നും, അന്തിയുറങ്ങാന്‍ മേല്‍ക്കൂരയില്ലാത്തതില്‍ നിന്നും മനുഷ്യരെ കര കയറ്റാന്‍ നമ്മുടെ ചെറിയൊരു സഹായമോ വാക്കോ മതിയാകും എന്നാണ് തന്‍റെ അനുഭവത്തില്‍ നിന്നും ഡ്രീവ് പറയുന്നത്.