Asianet News MalayalamAsianet News Malayalam

ആമസോണിൽ നിന്ന് ഒരടി മാത്രമുള്ള മലമ്പാമ്പിനെ കണ്ടെത്തി; കണ്ടെത്തൽ പുതിയ പഠനങ്ങൾക്ക് വഴി തുറക്കും

ഈ കുഞ്ഞൻ പാമ്പുകളുടെ കണ്ടെത്തൽ പരിണാമ കാലഘട്ടത്തെ കുറിച്ചുള്ള പുതിയ പഠനങ്ങൾക്ക് സഹായകമാകും എന്നാണ് ഗവേഷകരുടെ നിഗമനം.

a foot long snake found
Author
First Published Jan 26, 2023, 4:10 PM IST

പൊതുവിൽ പാമ്പുകളെ നമുക്ക് ഭയമാണെങ്കിലും പലതരത്തിലുള്ള പാമ്പുകളെ കണ്ടിട്ടുള്ളവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗവും. എന്നാൽ, കഴിഞ്ഞ ദിവസം ഇക്വഡോറിലെ ആമസോൺ മേഖലയിൽ നിന്ന് കണ്ടെത്തിയ മലമ്പാമ്പ് ഗവേഷകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു. കാരണം വെറും ഒരു അടി മാത്രമാണ് ഇതിന്റെ നീളം. ഈ കുഞ്ഞൻ പാമ്പുകളുടെ കണ്ടെത്തൽ പരിണാമ കാലഘട്ടത്തെ കുറിച്ചുള്ള പുതിയ പഠനങ്ങൾക്ക് സഹായകമാകും എന്നാണ് ഗവേഷകരുടെ നിഗമനം. ഈ പാമ്പ് കുള്ളൻ മലമ്പാമ്പ് അഥവാ ബോ എന്നറിയപ്പെടുന്ന പാമ്പ് വർഗത്തിൽ പെട്ടതാണ്

പരിണാമ കാലഘട്ടത്തിലേക്കുള്ള പുതിയ പഠനങ്ങൾക്ക് വഴിതുറക്കാൻ ഈ കുഞ്ഞൻ പാമ്പുകളുടെ കണ്ടെത്തൽ സഹായകരമാകും എന്ന് ഗവേഷകർ വിശ്വസിക്കുന്നതിന് പ്രധാന കാരണം ഇതിൻറെ വാൽ ഭാഗത്തോട് ചേർന്ന് കണ്ടെത്തിയ ഇടുപ്പെല്ലിന് സമാനമായ ഒരു അസ്ഥിയാണ്. കാലുകളുള്ള ജീവികളിൽ മാത്രം കണ്ടുവരുന്ന ഈ അസ്ഥി ഇത് ആദ്യമായാണ് കുള്ളൻ മലമ്പാമ്പ് വർഗ്ഗത്തിൽ കണ്ടെത്തുന്നത്.

കാലുകൾ ഇല്ലാത്തതും എന്നാൽ നട്ടെല്ലുള്ളതുമായ ജീവിയായ പാമ്പുകൾക്ക് മുൻപ് കാലുകൾ ഉണ്ടായിരുന്നതായും അവ പിന്നീട് പതിയെ അപ്രത്യക്ഷമായതാണെന്നും ഗവേഷകർ ഏറെക്കാലം മുൻപേ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ അവയെ സാധൂകരിക്കത്തക്ക വിധത്തിലുള്ള ശക്തമായ തെളിവുകൾ ഒന്നും ഇതുവരെയും ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഈ കുഞ്ഞൻ പാമ്പ് മുൻ കണ്ടത്തലുകളെ സാധൂകരിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. മുമ്പ് മറ്റുചില പെരുമ്പാമ്പ് വർഗ്ഗങ്ങളിലും ഇടുപ്പെല്ലിന് സമാനമായ അസ്ഥികൾ ഗവേഷകർ കണ്ടെത്തിയിരുന്നു.

ആമസോണിലെ  കൊളോൻസോ ചാലുപാസ്  ദേശീയ വന്യജീവി പാർക്കിൽ നിന്നാണ് പുതിയ കുഞ്ഞൻ പാമ്പിനെ കണ്ടെത്തിയത്. കുള്ളൻ ബോവ വിഭാഗത്തിലെ ആറാമത്തെ വർഗമായാണ് പുതിയ പാമ്പിനെ കണക്കാക്കുക. ട്രോപിഡോഫി‍ഡെ കകുവാൻഗോ എന്നാണ് ഈ  പാമ്പ് വർഗ്ഗത്തിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്.

Follow Us:
Download App:
  • android
  • ios