സംസ്ഥാന വിജിലൻസ് വകുപ്പ് അഴിമതിക്കെതിരെ ബോധവത്ക്കരണത്തിനായി 'അ-നീതി' എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം പുറത്തിറക്കി. മനോജ് അബ്രഹാം ഐപിഎസിന്‍റെ ആശയത്തിൽ പിറന്ന ഈ ചിത്രം, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനെക്കുറിച്ചാണ് പറയുന്നത്.  

സംസ്ഥാന വിജിലന്‍സ് വകുപ്പ് സര്‍ക്കാര്‍ സംവിധാനത്തിലെ അഴിമതി തുടച്ച് നീക്കുന്നതിനായി പൊതുജനങ്ങളില്‍ ബോധവത്ക്കരണം നടത്തുന്നതിന് വേണ്ടി തയ്യാറാക്കിയ ഷോർട്ട് ഫിലിം ശ്രദ്ധനേടുന്നു. വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷൻ ബ്യൂറോ ഡയറക്ടറായ മനോജ് അബ്രഹാം ഐപിഎസാണ് അ-നീതി എന്ന് പേരിട്ടിരിക്കുന്ന ഷോർട്ട് ഫിലിമിന് ആശയം നല്‍കിയത്. ആറര മിനിറ്റ് ദൗർഘ്യമുള്ളതാണ് അ-നീതി എന്ന ഷോർട്ട് ഫിലിം. സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റന്നതിനായി അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിജിലന്‍സിന് കാണിച്ച് കൊടുക്കുന്ന ഒരു അമ്മയുടെയും ഒരു യുവാവിന്‍റെയും കഥ പറയുന്നതാണ് അ-നീതി. കെ കാര്‍ത്തിക് ഐപിഎസ് ക്രീയേറ്റീവ് ഹെഡ്ഡായ അനീതിയുടെ കഥയും സംവിധാനവും നിർവഹിച്ചത് മനുകൃഷ്ണന്‍ ആർ ആണ്.

അതേസമയം, സംസ്ഥാനത്ത് അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിജിലന്‍സ് വകുപ്പ് ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. ഈ വര്‍ഷം 10 മാസത്തിനുള്ളില്‍ 48 ട്രാപ്പ് കേസുകളിലായി സർക്കാർ സർവ്വീസിലുള്ള 66 പേരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇതിൽ 17 കേസുകൾ വന്യു വകുപ്പിൽ നിന്നും 10 കേസുകൾ തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്നുമാണെന്ന് കണക്കുകൾ കാണിക്കുന്നു. 6 കേസുകൾ ഉള്ള പോലീസ് വകുപ്പാണ് മൂന്നാം സ്ഥാനത്ത്.

ഈ വ‍ർഷം മാത്രം 172 ഓളം വിജിലൻസ് കേസുകളും 52 വിജിലൻസ് അന്വേഷണങ്ങളും 250 കേസുകളില്‍ പ്രാഥമിക അന്വേഷണങ്ങളും 110 കോൺഫിഡൻഷ്യൽ വെരിഫിക്കേഷനുകളും വിജിലൻസിൽ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ 10 മാസത്തിനിടെ വിചാരണ നടന്ന 24 വിജിലൻസ് കേസുകളിലായി 26 പേര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ഈ വർഷം ഇതുവരെയായി സംസ്ഥാനമൊട്ടാകെ റവന്യു, മോട്ടോർ വാഹനം, രജിസ്ട്രേഷൻ, എക്സൈസ്, ഫോറസ്റ്റ് എന്നീ വകുപ്പുകളിലായി 5 സംസ്ഥാനതല മിന്നൽ പരിശോധനകളും, കൂടാതെ വിവിധ വകുപ്പുകളിലായി 828 മിന്നൽ പരിശോധനകളും വിജിലൻസ് നടത്തി. പത്ത് മാസത്തിനിടെ അഴിമതി സംബന്ധിച്ച് വിജിലൻസിന് ലഭിച്ച 7,490 പരാതികളിൽ വകുപ്പ് നടപടി കൈക്കൊണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 

അഴിമതി ശ്രദ്ധയില്‍പ്പട്ടാൽ വിളിച്ച് പറയാൻ

ടോൾ ഫ്രീ നമ്പർ: 1064/ 8592900900 

വാട്സാപ്പ്: 9447789100, 

Email:vig.vacb@kerala.gov.in