ടിക്കറ്റില്ലാതെ റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത സ്ത്രീയെ ടിടിഇ പിടികൂടി. പിഴയടച്ച ശേഷം സീറ്റ് പങ്കുവെക്കുന്നതിനെച്ചൊല്ലി തനിക്ക് ഉയർന്ന 'സ്റ്റാറ്റസ്' ഉണ്ടെന്ന് അവകാശപ്പെട്ട് ഇവർ ടിടിഇയോടും സഹയാത്രികനോടും തർക്കിച്ചു.
ടിക്കറ്റില്ലാതെയോ, ലോക്കൽ ടിക്കറ്റില്‍ എസിയിലും സ്ലീപ്പറിലും യാത്ര ചെയ്യുകയോ ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തില്‍ അടുത്ത കാലത്തായി വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവരെ ടിടിഇ പിടിക്കുമ്പോൾ തര്‍ക്കിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയില്‍ ടിക്കറ്റില്ലാതെ പിടിക്കപ്പെട്ട ഒരു സ്ത്രീ ടിടിഇയോടും സഹ യാത്രക്കാരനോടും തനിക്ക് ഉയർന്ന സ്റ്റാറ്റസ് ഉണ്ടെന്നും അതിനാല്‍ തന്നോട് സംസാരിക്കേണ്ടെന്നും പറയുന്ന വീഡിയോ വൈറലായി.
പിഴയിട്ടത് 1,100 രൂപ
ടിക്കറ്റില്ലാതെ റിസർവേഷന്‍ കമ്പാർട്ട്മെന്‍റിൽ യാത്ര ചെയ്ത സ്ത്രീയെ ടിടിഇ പിടികൂടി. തുടർന്ന് ടിക്കറ്റ് ഇല്ലാത്തതിന് ടിടിഇ ഇവർക്ക് 1,100 രൂപ പിഴ ചുമത്തി. പിഴ അടച്ചതിനെ തുടർന്ന് ഒരു സീറ്റ് രണ്ട് പേര്‍ക്കായി ടിടിഇ അനുവദിച്ചു. എന്നാല്‍, തനിക്ക് അനുവദിച്ച സീറ്റ് മറ്റൊരു പുരുഷനുമായ പങ്കിടാന്‍ സാധ്യമല്ലെന്ന് പറഞ്ഞ് സ്ത്രീ ടിടിഇയുമായി വീണ്ടും തർക്കുന്നതും വീഡിയോയില്‍ കാണാം. ഇവർ ഉച്ചത്തിൽ ടിടിഇയോടും സഹയാത്രക്കാരനോടും തർക്കുന്നു.
ടിടിഇയുടെ പ്രതികരണം
'മിണ്ടാതിരിക്കൂ, നിങ്ങൾ ഒരു കാരണവുമില്ലാതെ എന്നെ അസ്വസ്ഥയാക്കുന്നു. എനിക്ക് നിങ്ങളേക്കാൾ കൂടുതൽ പദവിയുണ്ട്.' എന്ന് സഹയാത്രക്കാരനോട് തന്‍റെ സ്റ്റാറ്റസിനെ കുറിച്ച് ഇവർ സൂചിപ്പിക്കുന്നു. അതേസമയം ടിടിഇ വളരെ ശാന്തനായാണ് സംസാരിച്ചത്. റെയില്‍വേയിൽ യാത്ര ചെയ്യുമ്പോൾ റെയില്‍വേയുടെ നിയമങ്ങൾ അനുസരിക്കണം. അല്ലാതെ ബഹളം വച്ചത് കൊണ്ട് കാര്യമല്ലെന്നും അദ്ദേഹം പറയുന്നു. അതേ സമയം താന്‍ പിഴ അടച്ചതിനാല്‍ തനിക്കും മകൾക്കും സീറ്റിന് അർഹതയുണ്ടെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍, നിമയങ്ങൾക്ക് വിധേയമായി മാത്രമേ സീറ്റ് അനുവദിക്കാന്‍ കഴിയൂവെന്നും അനുവദിച്ച സീറ്റിൽ 10 മണി വരെ മറ്റൊരാൾ കാണുമെന്നും ടിടിഇ പറയുന്നു.
ഈ സമയം താന്‍ പോലീസ് ഉദ്യോഗസ്ഥയാണെന്നും തന്‍റെ മുഴുവന്‍ വകുപ്പും ഡിആറും ഡിആര്‍എമ്മും തനിക്കൊപ്പം നില്‍ക്കുമെന്നും ഒറ്റ ഫോണ്‍ കോളില്‍ നിങ്ങളെല്ലാവരും ഞെട്ടിപ്പോകുമെന്നും സ്ത്രീ ടിടിആറിനെ ഭീഷണിപ്പെടുന്നു. ഈ സമയം നിങ്ങൾ ഫോണ്‍ ചെയ്താല്‍ ഈ ട്രെയിന്‍ തന്നെ കുലുങ്ങുമെന്ന് ടിടിഇ അവരെ പരിഹസിക്കുന്നു. പിന്നാലെ സ്ത്രീ മറ്റൊരു യാത്രക്കാരനുമായി മിണ്ടാതിരിക്കാനും അയാളെക്കാൾ സ്റ്റാറ്റസ് ഉള്ളയാളാണ് താനെന്നും തര്‍ക്കുന്നതും വീഡിയോയില്‍ കേൾക്കാം. ഈ സമയം കുടുതല്‍ ബഹളം വയ്ക്കാതിരിക്കാന്‍ ടിടിഇ സ്ത്രീയോട് ആവശ്യപ്പെടുമ്പോൾ വീഡിയോ അവസാനിക്കുന്നു. ഡൂൺ എക്സ്പ്രസിൽ നിന്നും ചിത്രീകരിച്ച വീഡിയോയാണെന്ന് ചിലര്‍ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. അതേസമയം എപ്പോൾ എവിടെ വച്ചാണ് സംഭവമെന്ന് വിശദീകരണമില്ല.


