ലോകമെമ്പാടുമുള്ള പരശ്ശതം ജനങ്ങൾ കൊവിഡ് എന്ന മഹാമാരിക്ക് മുന്നിൽ ഉഴലുകയാണ്. ഈ പോരാട്ടത്തിന്റെ മുൻ നിരയിൽ തങ്ങളുടെ ഡ്യൂട്ടിയിൽ സധൈര്യം രോഗബാധിതരുമായി നിരന്തരം ഇടപെട്ടുകൊണ്ട് നമ്മുടെ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റു മെഡിക്കൽ സ്റ്റാഫ്, പൊലീസുകാർ എന്നിങ്ങനെ പലരുമുണ്ട്. രണ്ടാം നിരയിലും, സാമൂഹ്യപ്രവർത്തകർ, ആശാ വർക്കർമാർ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിങ്ങനെ പലരും തങ്ങളുടെ കർത്തവ്യങ്ങളിൽ വ്യാപൃതരാണ്. ഇവരുടെയൊക്കെ ഏകോപിതമായ പ്രവർത്തനമാണ് കോവിഡിനോടുള്ള നമ്മുടെ പോരാട്ടത്തിന്റെ ഊർജ്ജം.

ഇന്ത്യ സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ് ഈ കൊറോണക്കാലം. അതിനെ നേരിടാൻ രാജ്യം അഹോരാത്രം പ്രയത്നിക്കുകയാണ്. അതിനിടെ, ജാതിമതചിന്തകൾക്ക് അതീതമായി നടത്തുന്ന തന്റെ സാമൂഹികപ്രവർത്തനത്തിന്റെ മേന്മയാൽ ജനശ്രദ്ധ പിടിച്ചുപറ്റുകയാണ്, സൂറത്തിലെ ഒരു മുസൽമാൻ. നിരവധി കുടുംബങ്ങൾക്കും, സർക്കാർ ഉദ്യോഗസ്ഥർക്കും ഇന്ന് ഏകാശ്രയമാണ് അദ്ദേഹം. അബ്ദുൽ വഹാബ് ഷെയ്ഖ്അ എന്നാണെങ്കിലും അദ്ദേഹത്തെ സൂറത്തുകാർ സസ്നേഹം വിളിക്കുന്ന പേര് അബ്ദുൽ ഭായ് മലബാറി എന്നാണ്. ഏകതാ ട്രസ്റ്റ് എന്ന തന്റെ സ്ഥാപനം വഴി അബ്ദുൽ നൽകുന്ന സേവനം, 'ഹ്യൂമൻ ഫ്യൂണറൽ സർവീസ്' എന്നറിയപ്പെടുന്നു. അതായത് മനുഷ്യരുടെ മൃതദേഹങ്ങൾ യഥാവിധി സംസ്കരിക്കുക. കഴിഞ്ഞ മുപ്പതു വർഷമായി താൻ ഈ നിസ്വാർത്ഥ സേവനം ചെയ്യുന്നു എന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

 

 

അബ്ദുൽ ഭായ് മലബാറി. പേരുകേൾക്കുമ്പോൾ ഒരു മലയാളിച്ചുവ തോന്നുന്നുണ്ടല്ലേ..? അതേ, ആൾ അത്യാവശ്യത്തിലധികം മലയാളി വേരുകളുള്ള ഒരാളാണ്. കച്ചവടം ചെയ്തു കാശുണ്ടാക്കാനായി എഴുപതുകളിലെ കേരളത്തിൽ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് പുറപ്പെട്ടു പോന്നതാണ് പട്ടാമ്പി വല്ലപ്പുഴക്കാരൻ അലി ബീരാൻ എന്ന മലയാളി യുവാവ്. നാട്ടിൽ നിന്ന് ലുങ്കിയും മറ്റുമായി സൂറത്തിൽ വരും. അത് അവിടെ വിറ്റുകിട്ടുന്ന കാശിന് സാരി വാങ്ങും. തിരികെ നാട്ടിലേക്കു കൊണ്ട് ചെന്ന് അത് അവിടെ നല്ല ലാഭത്തിന് വിൽക്കും. ഇങ്ങനെ, ജൗളിക്കച്ചവടം അത്യാവശ്യം പച്ചപിടിച്ചതോടെ അലി സൂറത്തിൽ തന്നെ കൂടാൻ തീരുമാനിച്ചു. ഗുജറാത്തിന്റെ മണ്ണിൽ ജീവിതം കരുപ്പിടിപ്പിക്കാനുറപ്പിച്ചതോടെ നാട്ടിലേക്ക് തിരികെച്ചെന്ന്, താനൂരുകാരിയായ ഫാത്തിമ ബീവി എന്നുപേരായ, നല്ല മൊഞ്ചുള്ള ഒരു പെൺകുട്ടിയെക്കൂടി കൂടെക്കൂട്ടി അയാൾ. അവരുടെ ജീവിതം പിന്നെ സൂറത്തിൽ തന്നെയായി. നാട്ടിലേക്കുള്ള പോക്കൊക്കെ കഷ്ടിയായി. കുട്ടികളുണ്ടായപ്പോൾ അവരെ അവിടെത്തന്നെ പഠിപ്പിച്ചു. അലി ബീരാന്റെയും ഫാത്തിമാ ബീവിയുടെയും മൂത്തപുത്രനായ അബ്ദുൽ വഹാബ് ഷെയ്ഖ്. എൻജിഒ രംഗത്ത് സജീവമായ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി, എച്ച്ഐവി രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച, അനാഥശവങ്ങൾ കണ്ടെത്തി യഥാവിധി മറവുചെയ്യാൻ ഉത്സാഹിച്ച അയാളെ സൂറത്തുകാർ നിറഞ്ഞ നന്ദിയോടെ അബ്ദുൽ ഭായ് മലബാറി എന്നു വിളിച്ചു. മലയാളം കഷ്ടിയാണെങ്കിലും അബ്ദുൽ ഭായ് മിന്നുകെട്ടിയത് ഒറ്റപ്പാലത്തുനിന്നാണ്. മോളെ കെട്ടിച്ചയച്ചതും ഒറ്റപ്പാലത്തേക്കുതന്നെ.

ഗുജറാത്തിൽ പലയിടത്തായി കൊവിഡ് ബാധിച്ചു മരിക്കുന്നവർ ഏത് മതത്തിൽ പെട്ടവരാണോ അതിലെ ആചാരങ്ങൾ പാലിച്ചു കൊണ്ട് മൃതദേഹങ്ങൾ യഥാവിധി സംസ്കരിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്ത് ആരോഗ്യവകുപ്പിന് താങ്ങാവുന്നത് ഇന്ന് അബ്ദുൽ ഭായ് മലബാരിയുടെ ഏകതാ ട്രസ്റ്റാണ്. മരിച്ചയാൾ ഏത് ജാതിയിൽ പെട്ടയാളാവട്ടെ. ഏത് മതക്കാരനാവട്ടെ, അബ്ദുലിന് അത് പ്രശ്നമല്ല. അവരുടെ ആചാരങ്ങൾ പൂർണമായും പാലിച്ചുകൊണ്ട്, അതേ സമയം വളണ്ടിയർമാരുടെയും പൊതുജനങ്ങളുടെയും ആരോഗ്യം സംരക്ഷിച്ചുകൊണ്ട് അന്തിമകർമ്മങ്ങൾ നടത്തും ഏകതാ ട്രസ്റ്റ്. അങ്ങനെ, എത്രയോ കാലമായി രോഗബാധിതരായി തെരുവുകളിൽ മരിച്ചുവീഴുന്ന മനുഷ്യരുടെ അനാഥജഡങ്ങൾ യഥാവിധി സംസ്കരിച്ചു കൊണ്ടിരിക്കുന്നു ഈ അമ്പത്തൊന്നുകാരൻ.  

"മുപ്പതു വർഷമായി ഞാനിത് നടത്തുന്നു. തെരുവിൽ ആരോരുമില്ലാതെ കണ്ടെത്തപ്പെടുന്ന അജ്ഞാത ജഡങ്ങൾ പലപ്പോഴും ഭരണകൂടങ്ങൾക്ക് ബാധ്യതയാകും. ചിലർ ആത്മഹത്യ ചെയ്തവരാകും, ചില അപകടങ്ങളിൽ മരിച്ചു പോയവരും. പലരും തെരുവുകളിൽ കഴിയുന്ന ആരോരുമില്ലാത്തവർ. മരിച്ചാലോ കൊന്നാലോ ഒന്നും ഒരാളും ചോദിക്കാനുണ്ടാവില്ല. എന്നാൽ അവരും മനുഷ്യരാണ്. അവർക്കും മാന്യമായ സംസ്കാരത്തിന് അർഹതയുണ്ട്. അത് ഞാൻ നടത്തിക്കൊടുക്കുന്നു. അത്രമാത്രം" അദ്ദേഹം  പറഞ്ഞു.

 

 

ഈ ശവസംസ്കാരങ്ങളിൽ തന്നെ സഹായിക്കാൻ തന്റെ ഏകതാ ട്രസ്റ്റിൽ മുപ്പത്തഞ്ചു വളണ്ടിയർമാർ ഉണ്ടെന്ന്‌ അബ്ദുൽ പറഞ്ഞു. പല പ്രകൃതി ക്ഷോഭങ്ങൾക്കിടയിലും, കലാപങ്ങളിലും ഒക്കെ കൂട്ടത്തോടെ ആളുകൾ മരിച്ച സാഹചര്യങ്ങൾ ഉണ്ടായപ്പോഴൊക്കെ മൃതദേഹങ്ങളുടെ അന്തിമസംസ്കാരത്തിനായി സർക്കാർ അബ്ദുലിന്റെ ട്രസ്റ്റിനെ ആശ്രയിച്ചിട്ടുണ്ട്. കൊറോണാ മരണങ്ങൾ ഉണ്ടായപ്പോഴും സൂറത്ത് നഗരസഭയ്ക്ക് ആദ്യം ഓർമ്മ വന്നത് അബ്ദുലിനെത്തന്നെയാണ്. " ഇക്കാര്യത്തിൽ ഇടപെട്ടു സഹായിക്കാമോ എന്ന് ചോദിച്ചാണ് വിളി വന്നത്, സന്തോഷമേയുള്ളൂ എന്ന് ഞാൻ,,, കേട്ട പാടെ ചെയ്യാമെന്ന് ഏൽക്കുകയും ചെയ്തു."

വളരെ പ്രൊഫഷണൽ ആയ ഒരു സമീപനമാണ് രോഗം ബാധിച്ചു മരിക്കുന്നവരെ മറവു ചെയുന്ന കാര്യത്തിൽ ഏകതാ ട്രസ്റ്റിനുള്ളത്. സൂറത്തിലെ സമാദരണീയനായ ഭിഷഗ്വരൻ, ഡോ. ഒലിവർ സോളങ്കിയാണ് ഇപ്പോൾ ഏകതാ ട്രസ്റ്റിന്റെ ഓണററി ചെയർമാൻ. എല്ലാത്തരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഏകതാ ട്രസ്റ്റ് തങ്ങളുടെ ജോലി പൂർത്തീകരിക്കുന്നത്. കൃത്യമായ പിപിഎ കിറ്റുകൾ മൃതദേഹം മറവുചെയ്യാനായി പോകുന്നവർക്ക് നൽകുന്നുണ്ട് ട്രസ്റ്റ്. സംസ്കാരം ചെയ്യാൻ പോകുന്ന വളണ്ടിയർമാരുടെ പൂർണ്ണമായ ദേഹസുരക്ഷ ഉറപ്പുവരുത്തി, രോഗബാധിതമായ മൃതദേഹവുമായി  യാതൊരു വിധത്തിലും സമ്പർക്കം വരാത്ത രീതിയിലാണ് അന്തിമകർമ്മങ്ങൾ നിർവഹിക്കുന്നത്. ഇക്കാര്യത്തിൽ WHO യുടെ എല്ലാ മാർഗനിർദേശങ്ങളും ഏകതാ ട്രസ്റ്റ് കർശനമായി പാലിക്കുന്നുണ്ട് എന്ന് അബ്ദുൽ പറയുന്നു. " മൃതദേഹങ്ങളെ കെമിക്കൽ സൊല്യൂഷൻ കൊണ്ട് സാനിറ്റൈസ് ചെയ്യും. എന്നിട്ട് പൂർണ്ണമായും ഒരു കവർ കൊണ്ട് മൂടും. മൃതദേഹങ്ങൾ കൊണ്ടുപോകാൻ അഞ്ചു വാഹനങ്ങൾ ട്രസ്റ്റിന് സ്വന്തമായുണ്ട്.  സമയബന്ധിതമായി സാനിറ്റൈസ് ചെയ്യപ്പെടുന്ന ഈ വാഹനങ്ങളിൽ രണ്ടെണ്ണം ഇപ്പോൾ കൊറോണാ ബാധിതർക്ക് മാത്രമായി മാറ്റി വെച്ചിരിക്കുകയാണ് ട്രസ്റ്റ് " അദ്ദേഹം തുടർന്നു.

 

 

സൂറത്തിലും പരിസരപ്രദേശങ്ങളിലുമായി പ്രതിദിനം പത്തുപന്ത്രണ്ടു അജ്ഞാത ശവങ്ങളെങ്കിലും കണ്ടുകിട്ടാറുണ്ട് എന്നും, അതൊക്കെ സംസ്കരിക്കുന്നത് തങ്ങളുടെ സംഘടനയാണ് എന്നും അബ്ദുൽ പറഞ്ഞു. മിക്കവാറും ആത്മഹത്യ ചെയ്യുന്നവരുടെ മൃതദേഹങ്ങളാണ്. റെയിൽവേ ട്രാക്കുകൾ, കനാലുകൾ, നദീതടങ്ങൾ, കടലോരങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഇവരുടെ ശവങ്ങൾ കണ്ടുകിട്ടാറുള്ളത്. ഈ മൃതദേഹങ്ങൾ സംസ്കരിക്കുമ്പോഴും പൂർണമായ പിപിഇ കിറ്റ് വളണ്ടിയർമാർക്ക് നൽകാറുണ്ട് ട്രസ്റ്റ്.

" കൊറോണ വല്ലാത്തൊരു രോഗമാണ്. ഒരാൾക്ക് പിടിപെട്ടു എന്നറിഞ്ഞാൽ അധികൃതർ ആദ്യം ചെയ്യുക അയാളുടെ വീട്ടിലെ അടുത്ത ബന്ധുക്കളെ എല്ലാവരെയും ഓരോ മുറിയിൽ ഐസൊലേഷനിൽ പാർപ്പിക്കുകയാണ്. അവർക്ക് ഇയാളോട് പോയിട്ട് ആരോടും തന്നെ സമ്പർക്കം പുലർത്താൻ അനുവാദമില്ല പിന്നെ. രോഗിയുടെ ചികിത്സ തുടരും, അയാളുമായി സമ്പർക്കം പുലർത്തിയവരുടെ ക്വാറന്റൈനും. ഇതിനിടെയെങ്ങാനും രോഗി മരിച്ചാൽ, അയാളെ ഒന്ന് കാണാൻ പോലും ഈ ബന്ധുക്കൾക്ക് സാധിക്കില്ല. ഞങ്ങൾക്ക് ഇങ്ങനെ മരിക്കുന്നവരുടെ മൃതദേഹങ്ങളുടെ അന്തിമ കർമങ്ങൾ ചെയ്യുക എന്നത് ഇപ്പോൾ പതിവ് നടപടിക്രമം പോലെ ആയിട്ടുണ്ട്, എന്നാൽ ഇങ്ങനെ മരിക്കുന്നവർക്കും, അവരുടെ ബന്ധുക്കൾക്കും അസ്വാഭാവികമായ ഈ മൃതു നൽകുന്നത് വല്ലാത്ത ഷോക്കാണ്. ഉറ്റവരെ കാണാതെ മരിക്കേണ്ടി വരിക. ഒരു അന്ത്യ ചുംബനം പോലും നൽകാതെ അവരെ മറവു ചെയ്യേണ്ടി വരിക, രണ്ടും ഹൃദയഭേദകമായ അനുഭവങ്ങൾ തന്നെ. അതുകൊണ്ടാണ് ഞാൻ നേരത്തെ പറഞ്ഞത്, ഈ കൊറോണ വല്ലാത്തൊരു രോഗമാണ് എന്ന്." അബ്ദുൽ പറഞ്ഞു നിർത്തി.