Asianet News Malayalam

'ദിവസവും ഓരോരുത്തരെയായി അയാൾക്കൊപ്പം കിടക്കാൻ നിർബന്ധിച്ചു, പീഡിപ്പിച്ചു' സംരക്ഷകരെന്ന പേരിൽ പീഡകരെത്തുമ്പോള്‍

മാത്രമല്ല ഒരു സ്ലീപിംഗ് ടൈംടേബിളും ഗ്ലേസറുണ്ടാക്കിയിരുന്നു. അതിനനുസരിച്ചാണ് ഓരോ ദിവസവും ആരൊക്കെയാണ് അയാള്‍ക്കൊപ്പം അയാളുടെ മുറിയില്‍ കിടക്കേണ്ടതെന്ന് തീരുമാനിക്കപ്പെട്ടിരുന്നത്. ആ ടൈംടേബിള്‍ ഒരിക്കലും പൊതുമുറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ അയാള്‍ സമ്മതിച്ചിരുന്നില്ല. 

abuses behind a shelter
Author
Uganda, First Published Apr 17, 2020, 12:19 PM IST
  • Facebook
  • Twitter
  • Whatsapp

(സംരക്ഷകരെന്ന പേരിലെത്തുന്നവർ തന്നെ പലപ്പോഴും സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യാറുണ്ട്. പോകാനൊരിടമില്ലാത്തതിനാൽ പലരും ഏറെക്കാലം അത് സഹിക്കും. ചിലർ അതിജീവിക്കും, ചിലർ പാതിവഴിയിൽ ഇല്ലാതെയാവും. ഇത് ഉ​ഗാണ്ടയിലെ കുറച്ച് പെൺകുട്ടികളുടെ അനുഭവമാണ്. കുട്ടികളുടെ പേരുകൾ സാങ്കൽപികമാണ്.)

പതിനൊന്നാമത്തെ വയസ്സിലാണ് പാട്രിക്കയെ പൊലീസ് പിടിക്കുന്നത്. ഭയത്തിനു പകരം അവള്‍ക്കപ്പോള്‍ ആശ്വാസമാണ് തോന്നിയത്. കാരണം, പാട്രിക്കയുടെ അമ്മാവനാണ് അവളെ ഒരു അധ്യാപകന് വിറ്റത്. അവിടെവച്ച് അവള്‍ പീഡിപ്പിക്കപ്പെട്ടു. അതിനുശേഷം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. പൊലീസ് തന്നെ കണ്ടെത്തി കൊണ്ടുപോകുന്നതോടെ തന്‍റെ അതുവരെയുണ്ടായിരുന്ന കഷ്ടപ്പാടുകളവസാനിക്കുമെന്നും താന്‍ രക്ഷപ്പെടുമായിരിക്കുമെന്നും പാട്രിക്കയ്ക്ക് തോന്നി. അവിടെ അടുത്ത് പാട്രിക്കയെ പോലെയുള്ള കുട്ടികളെ സംരക്ഷിക്കുന്ന ഒരാളുണ്ടെന്നും അയാൾ അവളെപ്പോലെ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നയാളാണെന്നും ഒരു പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥന്‍ അവളോട് പറഞ്ഞിരുന്നു. 

'ഒരു വെളുത്ത വിദേശിയായ മനുഷ്യന്‍ അങ്ങനെ എന്നെത്തേടിയെത്തി. ബെറി ​ഗ്ലേസർ എന്നാണ് അയാളുടെ പേരെന്നും അയാള്‍ നല്ലൊരു മനുഷ്യനാണെന്നും എന്നെ കൊണ്ടുപോകുമെന്നും പൊലീസുകാരെന്നോട് പറഞ്ഞിരുന്നു. എനിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു. പക്ഷേ, എന്നെപ്പോലെ ഒരുപാടുപേരെ അയാള്‍ സംരക്ഷിക്കുന്നുണ്ടെന്നും അവിടെ വേറെയും പെണ്‍കുട്ടികളുണ്ടെന്നും കേട്ടപ്പോള്‍ പേടി മാറി.' പാട്രിക്ക പറയുന്നു. 

ബര്‍ണാഡ് ബെറി ഗ്ലേസര്‍ ഒരു ജര്‍മ്മന്‍ പൗരനാണ്. സ്വയം പരിചയപ്പെടുത്തുന്നത് ആരോഗ്യരംഗത്തുനിന്ന് വിരമിച്ചയാളാണ് എന്നാണ്. കലംഗലയില്‍ ബെറീസ് പ്ലേസ് (Bery's Place) എന്ന പേരില്‍ 2006 മുതല്‍ അയാൾ കുട്ടികള്‍ക്കുള്ള അഭയകേന്ദ്രം നടത്തുന്നുണ്ട്. ബെറിയുടെ തന്നെ വെബ്സൈറ്റില്‍ പറയുന്നത്, മാനസികവും ശാരീരികവും വൈകാരികവുമായ പീഡനങ്ങളെ അതിജീവിച്ച ഡസന്‍ കണക്കിന് പെണ്‍കുട്ടികള്‍ക്ക് അവര്‍ അഭയം നല്‍കുന്നുണ്ട് എന്നാണ്. സംരക്ഷകരാല്‍ വില്‍ക്കപ്പെട്ടതോ, കടത്തപ്പെട്ടതോ, ഉപേക്ഷിക്കപ്പെട്ടതോ ആയ കുട്ടികള്‍ക്കും ബെറീസ് പ്ലേസ് അഭയം നല്‍കുമെന്നും വെബ്സൈറ്റില്‍ പറയുന്നു. 

ഒരു പ്രൊമോഷണല്‍ വീഡിയോയില്‍ ഗ്ലേസര്‍ പറയുന്നത്, 'ആ കുട്ടികള്‍ക്ക് അമ്മയും അച്ഛനും എല്ലാം ഞാന്‍ തന്നെയാണ്' എന്നാണ്. എന്നാല്‍, സിഎന്‍എന്‍ അവിടെയുണ്ടായിരുന്ന അഞ്ച് പെണ്‍കുട്ടികളെ കണ്ട് സംസാരിച്ചു. അവരെല്ലാവരും കൗമാരക്കാരികളോ, ഇരുപതുകളുടെ തുടക്കത്തിലുള്ളവരോ ആയിരുന്നു. അവര്‍ വെളിപ്പെടുത്തിയത് ലൈംഗികമായും മാനസികമായും ​ഗ്ലേസർ നടത്തിയ പീഡനങ്ങളുടെയും ക്രൂരതകളുടെയും അനുഭവമാണ്. 

അയാളവരെ അയാളുടെ കിടക്കയില്‍ അയാള്‍ക്കൊപ്പം കിടക്കാന്‍ നിര്‍ബന്ധിക്കുകയും അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്യുമായിരുന്നു. അവരെ അയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. എതിര്‍ത്തപ്പോള്‍ തെരുവിലിറക്കി നിര്‍ത്തുമെന്നായിരുന്നു അയാളുടെ ഭീഷണി. നേരത്തെ തന്നെ പലവിധത്തിലുള്ള പീഡനങ്ങളെ അതിജീവിച്ചുവന്ന പെണ്‍കുട്ടികളായിരുന്നു അവരെല്ലാം തന്നെ. അതിനാല്‍ വീണ്ടും തെരുവിലിറങ്ങിയാല്‍ എന്ത് സംഭവിക്കുമെന്ന് തീര്‍ച്ചയില്ലാത്തത് അവരെ ഭയപ്പെടുത്തി. അതുകൊണ്ടുതന്നെ അവരൊന്നും മിണ്ടാതെ എല്ലാം അനുസരിച്ചു. 

ഉഗാണ്ടയിലെ നിയമമനുസരിച്ച് കുട്ടികളുടെ അഭയകേന്ദ്രങ്ങളെല്ലാം രജിസ്റ്റര്‍ ചെയ്യണമെന്നാണ്. എന്നാല്‍, ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ചില്‍ഡ്രന്‍സ് കെയര്‍ ഹോമുകള്‍ ഉഗാണ്ടയിലുണ്ട്. അതിലൊന്നായിരുന്നു ബെറീസ് പ്ലേസും. 2018 -ല്‍ ഉഗാണ്ട രാജ്യത്തെ അഞ്ഞൂറോളം വരുന്ന ഇത്തരം ഹോമുകള്‍ പൂട്ടാനുള്ള തീരുമാനത്തിലെത്തിയിരുന്നു. എന്നാല്‍, ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധക്കുറവ് കാരണം വിദേശനിക്ഷേപകരും സന്നദ്ധ പ്രവര്‍ത്തകരുമെന്ന പേരില്‍ ആളുകളെത്തുകയും പാട്രിക്കയെപ്പോലെ നിരവധി പെണ്‍കുട്ടികള്‍ ചൂഷണത്തിനിരയാവുകയും ചെയ്തു. 

ഒരു പതിറ്റാണ്ടിലേറെക്കാലം കുട്ടികളെ ചൂഷണം ചെയ്ത ഗ്ലേസര്‍ തന്നെ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിചാരണ ചെയ്യപ്പെട്ടത്. മനുഷ്യക്കടത്ത്, പീഡനം, നിയമവിരുദ്ധമായി ചൈല്‍ഡ് കെയര്‍ ഹോം പ്രവര്‍ത്തിപ്പിക്കുക തുടങ്ങി നിരവധി കുറ്റങ്ങള്‍ ഗ്ലേസറിനെതിരെയുണ്ടായിരുന്നു.  ഫെബ്രുവരിയില്‍ പൊലീസ് ബെറീസ് പ്ലേസ് റെയ്ഡ് ചെയ്തപ്പോള്‍ 13 പെണ്‍കുട്ടികള്‍ അവിടെയുണ്ടായിരുന്നു. മറ്റ് കുട്ടികള്‍ സ്കൂളിലായിരുന്നുവെന്ന് അഭിഭാഷകര്‍ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി തവണയാണ് അയാളുടെ അഭിഭാഷകര്‍ കേസ് മാറ്റിവെപ്പിച്ചത്. ഗ്ലേസറിന് കാന്‍സറാണെന്നും അയാള്‍ അതിനോട് പോരാടിക്കൊണ്ടിരിക്കുകയാണെന്നും മറ്റും പറഞ്ഞാണ് കേസ് നീട്ടിയത്. സിഎന്‍എന്നുമായി വാട്ട്സാപ്പിലൂടെ നടത്തിയ സംഭാഷണത്തില്‍ ഗ്ലേസറിന്‍റെ അഭിഭാഷകന്‍ ഗ്ലേസറിനെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും ചെയ്തു. 

മെഡിക്കല്‍ പരിശോധനകളും സ്ലീപിംഗ് ടൈംടേബിളും

ബെറീസ് പ്ലേസില്‍ എത്തിയ ഉടനെ മെഡിക്കല്‍ പരിശോധനയെന്ന പേരിൽ ആ പെൺകുട്ടികളുടെ ശരീരമാകെ പരിശോധിച്ചു. തുടര്‍ന്ന് അവിടെ കഴിഞ്ഞ കാലങ്ങളിലെല്ലാം പെൺകുട്ടികളുടെ സ്വകാര്യഭാ​ഗങ്ങളിൽ പരിശോധന നടത്താറുണ്ടായിരുന്നുവെന്നും പെൺകുട്ടികൾ പറയുന്നു. നഗ്നരാക്കി നിര്‍ത്തുകയും അവരുടെ യോനിയിൽ അണുബാധയ്ക്ക് എന്ന പേരില്‍ മരുന്ന് വയ്ക്കുകയും ചെയ്യുമായിരുന്നു. പലപ്പോഴും ഷവറിന്‍റെ അടിയില്‍ നിർത്തിവരെ ഇങ്ങനെ ചെയ്യുമായിരുന്നു എന്നും പെണ്‍കുട്ടികള്‍ പറയുന്നു. ഗ്ലേസര്‍ സ്വയം പറഞ്ഞിരുന്നത് അയാള്‍ ഒരു ഡോക്ടറാണെന്നായിരുന്നു. അയാളുടെ അഭിഭാഷകര്‍ പറയുന്നത് അയാള്‍ ഡിഗ്രിയുള്ളൊരു ഡോക്ടറല്ല മറിച്ച് ഒരു ഫിസിയോതെറാപ്പിസ്റ്റാണ് എന്നാണ്. 

ഈ മരുന്ന് വയ്ക്കല്‍ തുടര്‍ന്നപ്പോള്‍ ഒരു ദിവസം 'താന്‍ തന്നെ ഇത് ചെയ്തോളാം' എന്ന് പാട്രിക്ക ഗ്ലേസറിനോട് പറഞ്ഞിരുന്നു. എന്നാല്‍, ഗ്ലേസര്‍ അതിന് അനുവദിച്ചില്ലെന്ന് മാത്രമല്ല, അയാൾതന്നെ അവളുടെ യോനിയില്‍ മരുന്ന് വയ്ക്കുന്നത് തുടരുകയും ചെയ്യുകയായിരുന്നു. ഇരുപത് വയസ്സായ പാട്രിക്ക ഇപ്പോള്‍ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയാണ്. പാട്രിക്കയ്ക്ക് ഒരു ചെറിയ എസ്ടിഐ (Sexually transmitted disease) പ്രശ്നം ഉണ്ടെന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍, തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഇന്‍ഫെക്ഷനുണ്ടായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് പാട്രിക്ക ഉറപ്പിച്ചു പറയുന്നു. 

എന്നാല്‍, നേരത്തേ തന്നെ ആരോപണമുയര്‍ന്നപ്പോള്‍ ഗ്ലേസര്‍ പറഞ്ഞിരുന്നത് താനാകെ തന്‍റെ അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ അങ്ങനെ സ്പര്‍ശിക്കുന്നത് മരുന്ന് വയ്ക്കാനായി മാത്രമാണ്. അത് അണുബാധയുമില്ലെന്ന് ഉറപ്പു വരുത്താനാണ്. ലൈംഗികാരോഗ്യം ഉറപ്പുവരുത്തുക തങ്ങളുടെ ഹോമിന്‍റെ പോളിസി ആണ്. പലപ്പോഴും ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയ പ്രൊഫഷണലുകളോട് കൂടിയാണ് അവരത് ചെയ്യുന്നത്, പെണ്‍കുട്ടികളുടെ സമ്മതപ്രകാരം മാത്രമേ ഇങ്ങനെ ചെയ്യാറുള്ളൂ എന്നൊക്കെയാണ്. 

എന്നാല്‍, അവിടെയുണ്ടായിരുന്ന ചില പെണ്‍കുട്ടികള്‍ പറയുന്നത് മറ്റ് പീഡനങ്ങള്‍ക്കുള്ള തുടക്കം മാത്രമായിരുന്നു ഈ മെഡിക്കല്‍ പരിശോധനയും മറ്റുമെന്നാണ്. ഒരിക്കല്‍ ഞാന്‍ ബെറിയുടെ മുറിക്ക് മുന്നിലൂടെ പോകുമ്പോള്‍ കണ്ടത് ചില ചെറിയ കുട്ടികള്‍ അര്‍ദ്ധനഗ്നനായ ബെറിക്ക് മസാജ് ചെയ്തുകൊടുക്കുന്നതാണ് എന്ന് പതിനേഴുകാരിയായ ഷാരോൺ എന്ന പെണ്‍കുട്ടി പറയുന്നു. പന്ത്രണ്ടാമത്തെ വയസ്സിലാണ് അവള്‍ ബെറീസ് പ്ലേസിലെത്തുന്നത്. അവള്‍ കണ്ടെന്ന് വ്യക്തമായപ്പോള്‍ ബെറി പറഞ്ഞത്, 'മസാജ് ചെയ്യാന്‍ കൂടുമോ, കാന്‍സറും പ്രമേഹവും കാരണമുള്ള വേദന കുറക്കാനാണ്' എന്നാണെന്നും ഷാരോൺ പറയുന്നു. 

മാത്രമല്ല ഒരു സ്ലീപിംഗ് ടൈംടേബിളും ഗ്ലേസറുണ്ടാക്കിയിരുന്നു. അതിനനുസരിച്ചാണ് ഓരോ ദിവസവും ആരൊക്കെയാണ് അയാള്‍ക്കൊപ്പം അയാളുടെ മുറിയില്‍ കിടക്കേണ്ടതെന്ന് തീരുമാനിക്കപ്പെട്ടിരുന്നത്. ആ ടൈംടേബിള്‍ ഒരിക്കലും പൊതുമുറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ അയാള്‍ സമ്മതിച്ചിരുന്നില്ല. സന്ദര്‍ശകര്‍ അത് എന്തിനാണ് എന്ന് ചോദിക്കുമെന്നായിരുന്നു കാരണം പറഞ്ഞത്. 

ആദ്യമായി ഞാനയാളുടെ മുറിയില്‍ കിടന്നപ്പോള്‍ പാതിരാത്രി അയാള്‍ എന്‍റെ ദേഹത്ത് തടവാന്‍ തുടങ്ങി. സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു, ചുണ്ടുകളില്‍ ഉമ്മ വച്ചു. ഷാരോണ്‍ പറയുന്നു. ഇതേ അനുഭവം തന്നെയാണ് മിക്ക പെണ്‍കുട്ടികളും പറഞ്ഞത്. അയാളവരെ ഓറല്‍ സെക്സിന് നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ഗ്ലേസര്‍ പറഞ്ഞിരുന്നത് ഇത് അയാളുടെ സംസ്കാരത്തില്‍ സാധാരണയാണ് എന്നായിരുന്നവത്രെ. 

ഉഗാണ്ടയില്‍ നിയമപ്രകാരം കണ്‍സെന്‍റിനുള്ള പ്രായം 18 വയസ്സാണ്. രാജ്യത്തെ ചില്‍ഡ്രന്‍ ആക്ട് അമന്‍ഡ്മെന്‍റ് ഓഫ് 2016 പ്രകാരം ഓരോ കുട്ടിക്കും ശാരീരികാതിക്രമം ഉള്‍പ്പടെ എന്ത് തരത്തിലുള്ള അതിക്രമത്തില്‍ നിന്നും സംരക്ഷിക്കപ്പെടാനുള്ള അവകാശമുണ്ട്. ഇത് പറഞ്ഞ് ഷാരോണ്‍ ഗ്ലേസറിനെ ഭീഷണിപ്പെടുത്തിയിരുന്നവത്രെ. അപ്പോള്‍ അയാള്‍ പറഞ്ഞത്, ഏത് കാട്ടില്‍ നിന്നാണോ വന്നത് അങ്ങോട്ടുതന്നെ തിരിച്ചുപോകാനാണ്. പോവാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ ഷാരോണ്‍ അവിടെത്തന്നെ തുടരുകയായിരുന്നു. അഞ്ച് വര്‍ഷമാണ് ഷാരോണ്‍ അവിടെ കഴിഞ്ഞത്. അതിനിടയില്‍ എല്ലാ ആഴ്ചയും ഓരോ ദിവസം വെച്ച് അവള്‍ക്ക് ഗ്ലേസറിന്‍റെ മുറിയില്‍ കഴിയേണ്ടി വന്നിരുന്നു. 

പോവാനൊരിടമില്ലായ്മ, ഭക്ഷണത്തിനോ, വസ്ത്രത്തിനോ, സ്കൂള്‍ ഫീസിനോ പണമില്ലാത്തത് ഇതൊക്കെയാണ് ആ പെണ്‍കുട്ടികളെ അവിടെത്തന്നെ തുടരാന്‍ നിര്‍ബന്ധിതരാക്കിയത്. എന്നാല്‍, ചില പരാതികള്‍ പ്രകാരം 2013 -ല്‍ ഗ്ലേസര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

പീഡകരെ സംരക്ഷിക്കുന്ന വ്യവസ്ഥ

താന്‍ നടത്തിയിരുന്ന പീഡനങ്ങളില്‍ ശിക്ഷിക്കപ്പെടാതിരിക്കാനായി ഗ്ലേസര്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കെല്ലാം കൈക്കൂലി കൊടുത്തിരുന്നു. മാത്രവുമല്ല, ഇവരെയെല്ലാം ഭീഷണിപ്പെടുത്തി നിര്‍ത്താനുള്ള സംഘവും അയാള്‍ക്കുണ്ടായിരുന്നു. 

ഗ്ലേസറിനെ പോലെയുള്ള ഒരാള്‍ക്ക് ഉഗാണ്ടയിലെ പാവപ്പെട്ട പെണ്‍കുട്ടികളെ പീഡിപ്പിക്കാനുള്ള വഴിയൊരുക്കുന്നതിന് ബുദ്ധിമുട്ടുകളൊന്നുമില്ല എന്നാണ് കുട്ടികളുടെ അഭിഭാഷകരും സാമൂഹ്യപ്രവര്‍ത്തകരും പറയുന്നത്. 'ഗ്ലേസറിനെ പോലെ ഒരു വെളുത്ത വിദേശിയെ കാണുമ്പോള്‍ അയാള്‍ കൈനിറയെ എന്തെങ്കിലും അവസരവുമായിട്ടാണ് വരുന്നതെന്നാണ് കരുതുക. ആ പ്രിവിലേജ് ഉപയോഗിച്ച് അവര്‍ ഉഗാണ്ടയിലെ മനുഷ്യരെ അടിച്ചമര്‍ത്തുകയും പീഡിപ്പിക്കുകയും ചെയ്യും' No White Saviors എന്ന എന്‍ജിഒ -യുടെ സഹ സ്ഥാപകയായ ഇലിവിയ അലാസ്കോ പറയുന്നു. ബെറീസ് പ്ലേസിലുണ്ടായിരുന്ന കുട്ടികള്‍ക്ക് സുരക്ഷിത ഇടവും മാനസിക പിന്തുണയും നല്‍കിയത് No White Saviors ആണ്. 

'വിസ നല്‍കുന്നതിന് മുമ്പ് തന്നെ ഗവണ്‍മെന്‍റ് ഇത്തരക്കാരെ കുറിച്ച് നിരീക്ഷിക്കുകയും പഠിക്കുകയും വേണം. അവര്‍ നമ്മുടെ കമ്മ്യൂണിറ്റിയില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കണം. ഇത്രയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുമായി ഇയാളെപ്പോലൊരാള്‍ ഇത്രയും കാലം പിടിക്കപ്പെടാതെ എങ്ങനെ കഴിഞ്ഞു' എന്നും ഒലിവിയ ചോദിക്കുന്നു. 

ഏതായാലും നിലവില്‍ പാട്രിക്ക അടക്കമുള്ളവർ ​ഗ്ലേസറിന്റെ ശിക്ഷ എന്തായിരിക്കും എന്ന് കാത്തിരിക്കുകയാണ്. നേരത്തെയും ​ഗ്ലേസർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും തെളിവുകളുടെ അഭാവത്തിൽ അയാൾ ഇറങ്ങിപ്പോരുകയായിരുന്നു. പാട്രിക്ക അടക്കമുള്ള പെൺകുട്ടികൾക്കാവട്ടെ തിരികെ പോകേണ്ടത് അയാളുടെ അടുത്ത് അവരെ എത്തിച്ച പഴയ അതേ സാഹചര്യത്തിലേക്കായിരുന്നു. നേരത്തെ ​ഗ്ലേസര്‍ അറസ്റ്റിലായി മോചിപ്പിക്കപ്പെട്ടപ്പോൾ പാട്രിക്ക തിരികെ അയാളുടെ അടുത്തേക്ക് തന്നെ വരികയായിരുന്നു. വീണ്ടും പീഡിപ്പിക്കുകയാണെങ്കിൽ വീണ്ടും അറസ്റ്റിലാവുമെന്ന് ഭീഷണിപ്പെടുത്തിയ പാട്രിക്കയോട് അയാൾ ചോദിച്ചത് 'തെളിവുണ്ടോ' എന്നായിരുന്നുവത്രെ.

എന്തായാലും ഇത്തവണ അയാൾ രക്ഷപ്പെടില്ലെന്നു തന്നെ അവസാനവട്ട അറസ്റ്റില്‍ പെണ്‍കുളറപ്പിച്ചിരുന്നു. കാരണം, അവരെല്ല്ലാംലാം കൃത്യമായി മൊഴി കൊടുക്കാൻ ഹാജരാവുകയും അവർക്കൊപ്പം ഒലീവിയയെ പോലെ നിരവധിപേർ സഹായവുമായി എത്തുകയും ചെയ്തിട്ടുണ്ട്. 

പലപ്പോഴും ഓരോ രാജ്യത്തും പെൺകുട്ടികൾ ഇത്തരം ചൂഷണത്തിനിരയാവുന്നത് നിയമങ്ങളില്ലാത്തതുകൊണ്ടല്ല. അവ കണ്ണടക്കുകയോ അല്ലെങ്കിൽ പ്രതി പ്രബലനാവുകയോ ചെയ്യുന്നതുകൊണ്ടു തന്നെയാണ്. 

(വിവരങ്ങൾക്ക് കടപ്പാട് സിഎൻഎൻ)

Follow Us:
Download App:
  • android
  • ios