താരത്തിന്റെ ഇപ്പോൾ പ്രവർത്തനരഹിതമായ 'സ്റ്റുഡിയോ 4 ആക്ടിംഗ് സ്കൂളി'ൽ പഠിച്ചിറങ്ങിയ നടിമാരാണ്, 'വിദ്യാഭ്യാസത്തിന്റെ പേരിൽ വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കാന്‍ ഫ്രാങ്കോ ശ്രമിച്ചു' എന്ന് ആരോപിച്ചത്.
ഒടുവിൽ തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾ തുറന്ന് സമ്മതിച്ച് നടൻ ജെയിംസ് ഫ്രാങ്കോ(James Franco). തനിക്കെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്ന് ഏകദേശം നാല് വർഷത്തിന് ശേഷമാണ് ജെയിംസ് ഫ്രാങ്കോ തന്റെ അഭിനയ സ്കൂളിലെ വിദ്യാർത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി സമ്മതിക്കുന്നത്. വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയതിന് കേസെടുത്തതിന് ശേഷം ജൂലൈയിൽ 43 -കാരനായ ഫ്രാങ്കോ $2.2m (£1.6m) നൽകാൻ സമ്മതിച്ചിരുന്നു.
ജെസ് കാഗിൾ ഷോയിൽ സംസാരിക്കവേയാണ്, പഠിപ്പിക്കുന്നതിനിടയിൽ താൻ വിദ്യാർത്ഥിനികളോട് ലൈംഗികബന്ധം പുലര്‍ത്തിയിരുന്നു എന്നും, അത് തെറ്റായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു എന്നും നടൻ പറഞ്ഞത്. എന്നാല്‍, താൻ സ്‌കൂൾ ആരംഭിച്ചത് സ്‌ത്രീകളെ ലൈംഗികമായി ആകർഷിക്കാൻ വേണ്ടിയല്ലെന്നും ജെയിംസ് ഫ്രാങ്കോ പറഞ്ഞു.
ഡാനി ബോയിൽ സംവിധാനം ചെയ്ത '127 അവേഴ്‌സി'ലെ അഭിനയത്തിന് 2011 -ലെ ഓസ്‌കാറിൽ മികച്ച നടനായി ഫ്രാങ്കോ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. കൂടാതെ 'പൈനാപ്പിൾ എക്‌സ്‌പ്രസ്'ലെയും, 'സ്‌പൈഡർമാൻ' സീരിസിലെയും വേഷങ്ങൾക്കും ഫ്രാങ്കോ അറിയപ്പെടുന്നു.
തന്റെ സ്‌കൂളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ താൻ വർഷങ്ങളോളം നിശബ്ദനായിരുന്നുവെന്ന് ജെയിംസ് ഫ്രാങ്കോ പറഞ്ഞു. "കാരണം എന്നോട് അസ്വസ്ഥരായ ആളുകൾ ഉണ്ടായിരുന്നു, എനിക്ക് അവരെ കേൾക്കേണ്ടതുണ്ടായിരുന്നു" എന്നായിരുന്നു നടന്റെ വിശദീകരണം. താരത്തിന്റെ ഇപ്പോൾ പ്രവർത്തനരഹിതമായ 'സ്റ്റുഡിയോ 4 ആക്ടിംഗ് സ്കൂളി'ൽ പഠിച്ചിറങ്ങിയ നടിമാരാണ്, 'വിദ്യാഭ്യാസത്തിന്റെ പേരിൽ വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കാന്‍ ഫ്രാങ്കോ ശ്രമിച്ചു' എന്ന് ആരോപിച്ചത്. വിദ്യാർത്ഥിനികളെ ടോപ്‍ലെസായി ഇരിക്കാൻ നിർബന്ധിച്ചുവെന്നും സെക്സിലേർപ്പെടാൻ ആവശ്യപ്പെട്ടുവെന്നുമെല്ലാം ജെയിംസ് ഫ്രാങ്കോയ്ക്കെതിരെ ആരോപണം ഉയർന്നിരുന്നു.
2019 -ൽ ലോസ് ഏഞ്ചൽസിൽ ഫയൽ ചെയ്ത ക്ലാസ് ആക്ഷൻ കേസില്‍ ഫ്രാങ്കോ തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുകയും തന്റെ സിനിമകളിലെ വേഷങ്ങൾക്കുള്ള അവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്തുവെന്നും ഇവർ ആരോപിച്ചു. ലൈംഗികമായി ആക്ഷേപിക്കപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും വഞ്ചനയ്ക്ക് ഇരയായതായും ആക്ടിംഗ് സ്കൂളിലെ വിദ്യാർത്ഥികൾ അവകാശപ്പെട്ടു. ആദ്യം ഇത്തരം ആരോപണങ്ങളുയര്‍ന്നപ്പോള്‍ 'അതൊന്നും ശരിയല്ല' എന്നാണ് ഫ്രാങ്കോ പ്രതികരിച്ചിരുന്നത്. എന്നാൽ, പിന്നീട് പരാതികൾ നൽകിയ വിദ്യാർത്ഥികൾക്കും ടിതർ-കപ്ലാനും ഗാലിനും പണം നൽകിയെന്നും പറയുന്നു.
ബുധനാഴ്ച പരസ്യമാക്കിയ അഭിമുഖത്തിൽ നിന്നുള്ള വാക്കുകളില്‍, താൻ ലഹരി ആസക്തിയിൽ നിന്ന് കരകയറുകയായിരുന്നു. അതിന് പകരമായിട്ടാണ് സെക്സിനെ കണ്ടത്. എന്നാൽ, അതെല്ലാം പരസ്പര സമ്മതത്തോടെയാണ് എന്നാണ് കരുതിയിരുന്നത് എന്നുമാണ് ജെയിംസ് ഫ്രാങ്കോയുടെ വിശദീകരണം. തനിക്കെതിരായ ആരോപണങ്ങൾക്ക് ശേഷം സ്വയം മാറാന്‍ ശ്രമിക്കുകയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയുമാണ് എന്നും ഫ്രാങ്കോ പറഞ്ഞു. ആദ്യമായിട്ടാണ് ജെയിംസ് ഫ്രാങ്കോ ഇത്രയും വിശദമായും പരസ്യമായും ആരോപണങ്ങളെ കുറിച്ച് സംസാരിക്കുന്നത്.
