Asianet News MalayalamAsianet News Malayalam

യുവതിയുടെ അശ്‌ളീല വീഡിയോ കോള്‍, പ്രമുഖനടന്റെ പിതാവിന് നഷ്ടമായത് 89,000 രൂപ!

അതൊരു വീഡിയോ കോളായിരുന്നു. അപ്പുറത്തുണ്ടായിരുന്നത് ഒരു സ്ത്രീയാണ്. അവര്‍ ലൈംഗിക കാര്യങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോള്‍ താന്‍ ഫോണ്‍ കട്ടു ചെയ്തതായി ഈ ഈ 75-കാരന്‍ പരാതിയില്‍ പറയുന്നു.

Actors father duped by sextortion racket in Mumbai
Author
First Published Jan 16, 2023, 7:13 PM IST

സന്ധ്യാ സമയത്ത് വന്നൊരു കോളാണ് ആ 75-കാരന്റെ ജീവിതം മാറ്റിമറിച്ചത്. ഹിന്ദിയിലെ പ്രമുഖനടന്റെ പിതാവായ ഇദ്ദേഹം സ്വന്തം വീട്ടിലിരിക്കെയാണ് കോള്‍ വന്നത്. അപ്പുറത്തുണ്ടായിരുന്നത് ഒരു സ്ത്രീയാണ്. ലൈംഗിക കാര്യങ്ങളാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. പൊടുന്നനെ ആ കോള്‍ കട്ട് ചെയ്തുവെങ്കിലും അതിനു പിന്നാലെ ഫോണിലേക്ക് ഒരു അശ്‌ളീല വീഡിയോ എത്തി. ആ നമ്പര്‍ ബ്ലോക്ക് ചെയ്തുവെങ്കിലും പിന്നീട്, പല പേരുകളിലായി ഇദ്ദേഹത്തിന്റെ കൈയില്‍ നിന്നും അജ്ഞാത സംഘം തട്ടിയത് 89,000 രൂപ ആയിരുന്നു. 

ഇന്ത്യയുടെ പല ഭാഗങ്ങളിലും നിന്ന് അശ്‌ളീല വീഡിയോ കോളുകളുമായി ബന്ധപ്പെട്ട് പണം തട്ടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ്, മുംബൈയില്‍ ഈ സംഭവം നടന്നത്. വെര്‍സോവ പൊലീസാണ് ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ടെലിവിഷന്‍ സീരിയലിലൂടെ അഭിനയരംഗത്തെത്തി, പിന്നീട് നിരവധി സിനിമകളിലൂടെ പ്രശസ്തനായ നടന്റെ പിതാവാണ് ഇത്തവണ കെണിയില്‍ പെട്ടതെന്ന് പൊലീസ് അറിയിച്ചു. മറ്റു നിരവധി സ്ഥലങ്ങളില്‍ സംഭവിച്ച അതേ രീതിയിലാണ്, പണം തട്ടുന്ന സംഘം ഇദ്ദേഹത്തെയും കുടുക്കിയത്. 

 

...........................
Also Read : യുവതിയുടെ വീഡിയോ കോള്‍, നഗ്‌നവീഡിയോ, ഗുജറാത്ത് വ്യവസായിക്ക് പോയത് 2.69 കോടി!

...........................

 

ജനുവരി പന്ത്രണ്ടിന് വൈകിട്ട് ഏഴ് മണിയോടെയാണ് തനിക്ക് ഫോണ്‍കോള്‍ വന്നതെന്നാണ് ഇദ്ദേഹം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അതൊരു വീഡിയോ കോളായിരുന്നു. അപ്പുറത്തുണ്ടായിരുന്നത് ഒരു സ്ത്രീയാണ്. അവര്‍ ലൈംഗിക കാര്യങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോള്‍ താന്‍ ഫോണ്‍ കട്ടു ചെയ്തതായി ഈ ഈ 75-കാരന്‍ പരാതിയില്‍ പറയുന്നു. അല്‍പ്പ സമയത്തിനകം അതേ നമ്പറില്‍നിന്നും ഒരു അശ്‌ളീല വീഡിയോ ഫോണിലേക്ക് വന്നു. അദ്ദേഹം ആ നമ്പര്‍ ബ്ലോക്ക് ചെയ്തു. എന്നാല്‍, അതിനു പിന്നാലെ തട്ടിപ്പു സംഘത്തിന്റെ ഫോണ്‍ കോള്‍ വന്നു. പൊലീസ് ഇന്‍സ്‌പെക്ടറായ ഋഷിലാല്‍ ശുക്ലയാണ് എന്ന് പറഞ്ഞാണ് ഒരാള്‍ അദ്ദേഹത്തെ വിളിച്ചത്. ഒരു സ്ത്രീയോട് ഫോണില്‍ അശ്‌ളീല പരാമര്‍ശം നടത്തിയതായി പരാതി ലഭിച്ചു എന്നാണ്് പൊലീസ് ഇന്‍സ്‌പെക്ടറെന്ന് പരിചയപ്പെടുത്തിയ ആള്‍ ഇദ്ദേഹത്തോട് പറഞ്ഞത്. യുവതി ഈ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതായും ഇയാള്‍ പറഞ്ഞു. യൂ ട്യൂബ് വീഡിയോ ഒഴിവാക്കാനും ആ സ്ത്രീയുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ റദ്ദാക്കാനും തനിക്ക് പണം നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. പല കാര്യങ്ങള്‍ക്കുമായി 97,000 രൂപയാണ് ചെറിയ സമയം കൊണ്ട് ഈ 75-കാരന്റെ അക്കൗണ്ടില്‍നിന്നും ഇവര്‍ ട്രാന്‍സ്ഫര്‍ ചെയ്തത്. അതു കഴിഞ്ഞും പണമാവശ്യപ്പെട്ടുള്ള കോളുകള്‍ വന്നു. 

പിറ്റേ ദിവസം ഈ സംഭവത്തെക്കുറിച്ച് മകനായ പ്രമുഖ നടനോട് ഇദ്ദേഹം പറഞ്ഞു. മകനും മകന്റെ ഭാര്യയും ഉടന്‍ തന്നെ പൊലീസ് സ്‌റ്റേഷനില്‍ ചെന്ന് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, തട്ടിപ്പു സംഘത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 

അടുത്ത കാലത്തായി ലൈംഗിക വീഡിയോ കോളുകള്‍ ചെയ്ത് ആളുകളെ കുടുക്കി പണം തട്ടുന്ന നിരവധി സംഭവങ്ങളാണ് പുറത്തതുവന്നിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലരുടെയും കൈയില്‍നിന്നും ലക്ഷങ്ങളാണ് തട്ടിപ്പുസംഘം തട്ടിയെടുത്തത്. 
 

Follow Us:
Download App:
  • android
  • ios