വശ്യമായ തന്റെ സംസാരരീതിയിലൂടെ വ്യവസായിയെ വരുതിയിലാക്കിയ  സ്ത്രീ  വീഡിയോ കോളിനിടെ അയാളെ വസ്ത്രം അഴിക്കാന്‍ പ്രേരിപ്പിച്ചു. അയാള്‍ വസ്ത്രം അഴിച്ചു കഴിഞ്ഞതും കോള്‍ കട്ടായി.

ഗുജറാത്തില്‍ റിന്യൂവബിള്‍ എനര്‍ജി സ്ഥാപനം നടത്തുന്ന വ്യവസായിക്ക് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിന് ഒരു സ്ത്രീയില്‍ നിന്നും വീഡിയോ കോള്‍ വന്നു. മോര്‍ബിയില്‍ നിന്നുള്ള റിയ ശര്‍മ്മ എന്നാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തിയത്. വശ്യമായ തന്റെ സംസാരരീതിയിലൂടെ വ്യവസായിയെ വരുതിയിലാക്കിയ സ്ത്രീ വീഡിയോ കോളിനിടെ അയാളെ വസ്ത്രം അഴിക്കാന്‍ പ്രേരിപ്പിച്ചു. അയാള്‍ വസ്ത്രം അഴിച്ചു കഴിഞ്ഞതും കോള്‍ കട്ടായി. ഏതാനും സമയങ്ങള്‍ക്ക് ശേഷം വ്യവസായിക്ക് ആ സ്ത്രീയില്‍ നിന്നും ഒരു സന്ദേശം വന്നു.വ്യവസായിയുടെ നഗ്‌ന വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ 50,000 രൂപ നല്‍കണമെന്നായിരുന്നു സന്ദേശം. ഭയന്നുപോയ വ്യവസായി പണം നല്‍കി. എന്നാല്‍ ആ സംഭവം അവിടെ അവസാനിച്ചില്ല. ഭീഷണികള്‍ തുടര്‍ന്നു. കൂടുതല്‍ കൂടുതല്‍ പണം നഷ്ടമായി. 

ഗുജറാത്തില്‍ വീഡിയോ കോള്‍ കെണിയില്‍ പെടുത്തി വ്യവസായില്‍ നിന്നും തട്ടിപ്പു സംഘം കവര്‍ന്നത് 2.69 കോടി രൂപയാണ്. ലൈംഗികവൃത്തിയുടെ തെളിവുകള്‍ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണമോ ലൈംഗിക ആനുകൂല്യങ്ങളോ തട്ടിയെടുക്കുന്ന ഇത്തരം നിരവധി തട്ടിപ്പ് സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 

വീണ്ടും വ്യവസായിയിലേക്കു വരാം. അമ്പതിനായിരം നല്‍കി ആശ്വസിച്ചിരുന്ന വ്യവസായിയെ തേടി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു കോഹ വന്നു. ദില്ലി പോലീസിലെ ഇന്‍സ്പെക്ടര്‍ ഗുഡ്ഡു ശര്‍മ്മയാണെന്ന് അവകാശപ്പെട്ട ഒരാളാണ് വിളിച്ചത്. വീഡിയോ ക്ലിപ്പ് തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് അയാള്‍ വീണ്ടും മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. വ്യവസായി അതു നല്‍കേണ്ടി വന്നു. 

ആഗസ്റ്റ് 14 -ന്, ദില്ലി പോലീസിന്റെ സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ മറ്റൊരാള്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അവകാശപ്പെട്ട് 80.97 ലക്ഷം രൂപ ആവശ്യപ്പെട്ടു. വ്യവസായി വീണ്ടും പണം കൊടുത്തു. അടുത്തതായി സിബിഐ ഉദ്യോഗസ്ഥന്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ആളായിരുന്നു വിളിച്ചത്. യുവതിയുടെ അമ്മ കേന്ദ്ര അന്വേഷണ ഏജന്‍സിയെ സമീപിച്ചു എന്നും കേസ് ഒത്തുതീര്‍പ്പാക്കാന്‍ 8.5 ലക്ഷം രൂപ വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. വേറെ നിവൃത്തിയില്ലാത്തതിനാല്‍ വ്യവസായി ആ പണവും നല്‍കി. ഇങ്ങനെ പലതരത്തില്‍ ഡിസംബര്‍ 15 വരെ ഇയാളില്‍ നിന്നും തട്ടിപ്പ് സംഘം പണം തട്ടിയെടുത്തു കൊണ്ടേയിരുന്നു. അവസാനമായി, കേസ് അവസാനിപ്പിച്ചുവെന്ന് കൊണ്ട് ഇവര്‍ വ്യവസായിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ ഒരു ഉത്തരവ് നല്‍കി. അതു കണ്ടതും വ്യവസായിക്ക് സംശയം ഉണ്ടാക്കി. കാരണം, അടിമുടി വ്യാജമായിരുന്നു അത്. 

തുടര്‍ന്ന് ജനുവരി 10 -ന് സൈബര്‍ ക്രൈം ബ്രാഞ്ച് പോലീസ് സ്റ്റേഷനില്‍ എത്തിയ ഇയാള്‍ 11 പേര്‍ക്കെതിരെ 2.69 കോടി രൂപ തട്ടിയെടുത്തതായി പരാതി നല്‍കി. വ്യവസായിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെയും ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.