Asianet News MalayalamAsianet News Malayalam

നാടെങ്ങും പട്ടിണിയും ദാരിദ്ര്യവും, താലിബാന്‍ വന്നശേഷം അഫ്ഗാനില്‍ കുട്ടികള്‍ മരിച്ചുവീഴുന്നു!

വെറും മൂന്നര കിലോയാണ് അവളുടെ ഭാരം. കടുത്ത പോഷകാഹാരക്കുറവ് മൂലം അവള്‍ അതീവ  ഗുരുതരാവസ്ഥയിലാണ്.  അവളുടെ 12 വയസ്സുള്ള സഹോദരന്‍ തിമൂര്‍ അനിയത്തിയുടെ ഈ അവസ്ഥ കണ്ട് നിരാശയിലാണ്.  പക്ഷേ അവന് എന്ത് ചെയ്യാന്‍ സാധിക്കും?

Afghan kids dies from starvation a year on from Taliban takeover
Author
Kabul, First Published Aug 15, 2022, 4:23 PM IST

താലിബാന്‍ അധികാരത്തില്‍ വന്നശേഷമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, അഫ്ഗാനിസ്ഥാനില്‍ പട്ടിണിയും, ദാരിദ്ര്യവും കാരണം കുട്ടികള്‍ മരിച്ച് വീഴുന്നു. താലിബാന്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് തന്നെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇളകാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ താലിബാന്‍ വന്നശേഷം അത് കൂടുതല്‍ വഷളായി. ഏകദേശം രണ്ടു കോടിയിലധികം മനുഷ്യരാണ് ഇവിടെ പട്ടിണി കിടക്കുന്നത്. 10 ലക്ഷത്തിലധികം  കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം  ആ മണ്ണില്‍ മരണം കാത്ത് കഴിയുകയാണ്. കാലം മുന്നോട്ട് പോകുന്നതോറും കുട്ടികളുടെ ശ്മശാന ഭൂമിയായി മാറുകയാണ് രാജ്യം. 

എല്ലുന്തി, കണ്ണുകള്‍ തള്ളി അസ്ഥിപഞ്ജരമായി തീര്‍ന്ന കുട്ടികളുടെ നിര്‍ത്താതെയുള്ള കരച്ചിലുകളും, അവരുടെ അമ്മമാരുടെ നിസ്സഹായമായ നിലവിളികളും അവിടമാകെ അലയടിക്കുന്നു.  ഈ മാനുഷിക പ്രതിസന്ധിയുടെ ഒരു ഇരയാണ് ഏഴ് മാസം പ്രായമുള്ള സമേര.

 

Afghan kids dies from starvation a year on from Taliban takeover

സമേര

 

വെറും മൂന്നര കിലോയാണ് അവളുടെ ഭാരം. കടുത്ത പോഷകാഹാരക്കുറവ് മൂലം അവള്‍ അതീവ  ഗുരുതരാവസ്ഥയിലാണ്.  അവളുടെ 12 വയസ്സുള്ള സഹോദരന്‍ തിമൂര്‍ അനിയത്തിയുടെ ഈ അവസ്ഥ കണ്ട് നിരാശയിലാണ്.  പക്ഷേ അവന് എന്ത് ചെയ്യാന്‍ സാധിക്കും? അവന്റെ അച്ഛനും അമ്മയ്ക്കും ജോലിയില്ല. അനിയത്തിയ്ക്ക് വേണ്ടി ബ്രെഡും പാലും വാങ്ങാന്‍ കൈയില്‍ പണമില്ലെന്ന് അവന്‍ പറയുന്നു. ഇവരെ കൂടാതെ രണ്ട് മക്കള്‍ കൂടിയുണ്ട് 36 കാരിയായ സോണിയക്ക്. അവര്‍ എല്ലാവരും ഒരു ഒറ്റമുറി വീട്ടിലാണ് താമസം. സോണിയുടെ ഭര്‍ത്താവ് നാട്ടില്‍ ഗതിയില്ലാതെ ഇറാനിലേക്ക് ജോലി തേടി പോയിരിക്കയാണ്.  അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ആഹാരമാണ് സമേരയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.  

അനുദിനം ആഹാരസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ആളുകളുടെ കൈയിലാണെങ്കില്‍ പണവുമില്ല. ജോലി കണ്ടെത്താനാകാതെ ഒഴിഞ്ഞ വയറുമായി ആളുകള്‍ നരകിക്കുകയാണ് അവിടെ. 'എനിക്ക് എന്തെങ്കിലും ജോലി കിട്ടിയിരുന്നെങ്കില്‍, അത്യാവശ്യം പണം എനിക്കും ഉണ്ടാകാമായിരുന്നു' എന്ന് വെറും പന്ത്രണ്ട് വയസ്സുള്ള തിമൂര്‍ പറയുന്നു. ഒരു കൊച്ചു കുട്ടിയെ അത്തരത്തില്‍ ചിന്തിപ്പിക്കണമെങ്കില്‍, അവരുടെ അവസ്ഥ എത്രത്തോളം പരിതാപകരമായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പള്ളിയിലും സ്‌കൂളിലും പോകാനും തനിക്ക് ആഗ്രഹമുണ്ടെന്ന് ആ കുരുന്ന് പറയുന്നു. പട്ടിണി ഒരു പ്രളയം പോലെ അവരെ മുക്കി താഴ്ത്തുമ്പോഴും, അവന്‍ പ്രതീക്ഷ കൈവിടാതെ പറയുന്നു, 'എന്നെങ്കിലും ഞങ്ങളുടെ സ്ഥിതി മെച്ചപ്പെടും. ഞങ്ങള്‍ രക്ഷപ്പെടും.'

മാര്‍ച്ചില്‍ ബിബിസിയില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ഗുരുതര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഓരോ അഞ്ച് കുട്ടികളിലും ഒരാള്‍ മരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലേയ്ക്കുള്ള  വിദേശ ഫണ്ടുകള്‍ വെട്ടിക്കുറച്ചത് വലിയൊരു തിരിച്ചടിയായി. ഇതോടെ ആരോഗ്യ മേഖല തകരുകയും, കടുത്ത മാനുഷിക പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പുകുത്തുകയും ചെയ്തു. 

താലിബാന്‍ അധികാരത്തില്‍ വന്നതിനുശേഷം അന്താരാഷ്ട്ര സന്നദ്ധ സംഘടനകളെല്ലാം അഫ്ഗാനിസ്താനുള്ള എല്ലാ സഹായങ്ങളും നിര്‍ത്തിയിരുന്നു. പ്രധാനമായും വിദേശ സഹായത്താല്‍ മുന്നോട്ടുപോവുന്ന രാജ്യം ഇതോടെ വമ്പന്‍ പ്രതിസന്ധിയിലായി. അതിനിടെയാണ്, രാജ്യം വമ്പന്‍ വരള്‍ച്ചയുടെ പിടിയിലായത്. ആയിരക്കണക്കനാളുകളാണ് ഇതോടെ പട്ടിണിയിലായത്. കൃഷി നശിക്കുകയും സാമ്പത്തിക സഹായങ്ങളൊന്നും ലഭിക്കാതാവുകയും ചെയ്ത സാഹചര്യത്തില്‍, കുഞ്ഞുങ്ങള്‍ അടക്കം പട്ടിണിയിലാണ്. അന്താരാഷ്ട്ര സഹായം കാര്യമായി എത്താത്ത സാഹചര്യത്തില്‍, അവശേഷിക്കുന്ന മനുഷ്യര്‍ കൊടുംദുരന്തത്തെയാണ് നേരിടുന്നത്.

Follow Us:
Download App:
  • android
  • ios