മൃഗാവകാശ സംഘടനയായ ആനിമൽ ഡിഫൻഡേഴ്‌സ് ഇന്റർനാഷണൽ, 2015 -ൽ അവന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നതിന് വേണ്ടി മുന്നിട്ടിറങ്ങി. കിഡ്‍നി തകരാറും പ്രായമായതിന്റെ മറ്റ് പ്രശ്നങ്ങളും അലട്ടുന്ന നിലയിലായിരുന്നു അവർ അവനെ കണ്ടുമുട്ടിയത്.
നമ്മിൽ പലർക്കും മൃഗങ്ങളെ ഇഷ്ടമാണ്. അതേ സമയം തന്നെ അവയെ കഠിനമായി ചൂഷണം ചെയ്യുന്നവരും ഉണ്ട്. അങ്ങനെ ചൂഷണം ചെയ്യപ്പെട്ട ഒരു ജീവിയാണ് ഈ പ്യൂമയും. മുഫാസ എന്നാണ് അവന്റെ പേര്. 20 വർഷത്തെ ദുരിത ജീവിതത്തിനൊടുവിലാണ് മുഫാസ മോചിപ്പിക്കപ്പെട്ടത്.
പെറുവിലെ ഒരു സർക്കസ് കമ്പനിയിലായിരുന്നു മുഫാസയുടെ ജീവിതം. ആളുകൾക്ക് ആസ്വദിക്കാനും മുതലാളിക്ക് പണമുണ്ടാക്കാനും വേണ്ടി മാത്രം അവനെ ഉപയോഗപ്പെടുത്തി. അവന്റെ ആരോഗ്യത്തെ കുറിച്ച് ആരും ചിന്തിച്ചില്ല, കണക്കിലെടുത്തുമില്ല. എന്നാൽ, മൃഗസംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരുകൂട്ടം ആളുകൾ അവന്റെ മോചനത്തിന് വേണ്ടി പ്രവർത്തിച്ചു കൊണ്ടിരുന്നു.
നിരവധിക്കണക്കിന് മൃഗങ്ങൾ സമാനമായ തരത്തിൽ അവഗണനയും ചൂഷണവും നേരിട്ടുകൊണ്ട് ലോകത്തിന്റെ വിവിധയിടങ്ങളിൽ കഴിയുന്നുണ്ട്. സഞ്ചരിച്ചു കൊണ്ട് സർക്കസ് അവതരിപ്പിക്കുന്ന ഒരു സർക്കസ് സംഘത്തിലെ അംഗമെന്ന നിലയിൽ ഒരു പിക്കപ്പ് വാനിന്റെ പിൻഭാഗമായിരുന്നു 20 വർഷമായി അവന്റെ വാസസ്ഥലം.
എന്നാൽ, മൃഗാവകാശ സംഘടനയായ ആനിമൽ ഡിഫൻഡേഴ്‌സ് ഇന്റർനാഷണൽ, 2015 -ൽ അവന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നതിന് വേണ്ടി മുന്നിട്ടിറങ്ങി. കിഡ്‍നി തകരാറും പ്രായമായതിന്റെ മറ്റ് പ്രശ്നങ്ങളും അലട്ടുന്ന നിലയിലായിരുന്നു അവർ അവനെ കണ്ടുമുട്ടിയത്. ഒടുവിൽ സംഘടനയുടെ പരിശ്രമം വിജയം കണ്ടു. ജീവിതത്തിന്റെ അവസാന വർഷങ്ങൾ അവന് പ്രകൃതിയിൽ കഴിയാനുള്ള ഭാഗ്യം ലഭിച്ചു എന്ന് അർത്ഥം.

എന്നാൽ, ഒരുപാട് കാലമൊന്നും ആ ജീവിതം ആസ്വദിക്കാൻ അവന് സാധിച്ചില്ല. വർഷങ്ങൾ നീണ്ടുനിന്ന ചൂഷണം അവനെ തളർത്തിയിരുന്നു. മോചിപ്പിക്കപ്പെട്ട് അധികം വർഷങ്ങൾ വൈകാതെ തന്നെ നേരത്തെ അവനെ അലട്ടിയിരുന്ന അസുഖങ്ങളാൽ അവൻ മരണപ്പെട്ടു.
