Asianet News MalayalamAsianet News Malayalam

400 -ലധികം വിചാരണകൾ, 35 വർഷം, ഒടുവിൽ 85 -ാമത്തെ വയസില്‍ കർഷകനെ കുറ്റവിമുക്തനാക്കി

തന്റെ അഭിമാനവും, പണവും, മനസ്സമാധാനവും നഷ്ടപ്പെട്ടുവെന്ന് കർഷകനായ ധരംപാൽ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

after 35 years 85 year old farmer acquitted by court
Author
Uttar Pradesh, First Published Dec 27, 2021, 10:38 AM IST

85 -കാരനായ ധരംപാൽ സിംഗ്(Dharampal Singh) കോടതി വരാന്തകൾ കയറി ഇറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിനിടയിൽ ആ കർഷകന് നഷ്ടമായത് നീണ്ട 35 വർഷങ്ങളായിരുന്നു. ഇതിനിടയിൽ 400-ലധികം വിചാരണകൾ അദ്ദേഹം നേരിട്ടു. സമയം മാത്രമല്ല, അദ്ദേഹത്തിന്റെ അഭിമാനവും, പണവും, ജീവിതവും എല്ലാം ഈ നീണ്ട പോരാട്ടത്തിനിടെ നഷ്ടമായി. ഒടുവിൽ ഇപ്പോൾ തെളിവുകളുടെ അഭാവത്തിൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കയാണ്. ജീവിതത്തിന്റെ ഈ അവസാനവേളയിൽ അദ്ദേഹത്തിന് ഇനി അല്പം വിശ്രമിക്കാം.

ഉത്തർപ്രദേശിലെ(Uttar Pradesh) ഷാംലി ജില്ലയിലെ ഹരൻ ഗ്രാമത്തിലാണ് ധരംപാൽ താമസിക്കുന്നത്. 1986 -ൽ വീട്ടിൽ അനധികൃതമായി കീടനാശിനി ഉണ്ടാക്കിയതിനായിരുന്നു ഇയാൾക്കെതിരെ കേസെടുത്തത്. "എന്റെ ചുമലിൽ നിന്ന് ഒരു വലിയ ഭാരം നീങ്ങിയതുപോലെ തോന്നുന്നു" കുറ്റവിമുക്തനാക്കിയതിന് ശേഷം സിംഗ് പറഞ്ഞു. ഇയാളുടെ സഹോദരൻ കുൻവർപാൽ കൂട്ടുപ്രതിയായിരുന്നുവെങ്കിലും അഞ്ച് വർഷം മുമ്പ് അദ്ദേഹം മരിച്ചു. ഇവരെ കൂടാതെ, ലിയാക്കത്ത് അലി എന്ന മറ്റൊരു വ്യക്തിയെയും പ്രതിയാക്കിയിരുന്നു.

തന്റെ അഭിമാനവും, പണവും, മനസ്സമാധാനവും നഷ്ടപ്പെട്ടുവെന്ന് കർഷകനായ ധരംപാൽ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. "നീതി ലഭിക്കാൻ ഒരുപാട് സമയമെടുത്തു, എന്നാൽ ഇപ്പോൾ സത്യം ജയിച്ചതിൽ സന്തോഷമുണ്ട്. ബഹുമാനപ്പെട്ട കോടതിയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ കേസിൽ 400 ഓളം ഹിയറിങ്ങുകളിൽ ഹാജരാകാൻ എനിക്ക് പാഴാക്കേണ്ടി വന്ന സമയത്തിനും, പണത്തിനും കണക്കില്ല" അദ്ദേഹം പറഞ്ഞു. 1986 നവംബറിലാണ് താന ഭവൻ പൊലീസ് ഇവർക്കെതിരെ ലൈസൻസില്ലാതെ കീടനാശിനി ഉണ്ടാക്കിയതിന് കേസെടുത്തത്. ട്രക്കിൽ കയറ്റുന്നതിനിടെ 26 ചാക്ക് കീടനാശിനികൾ കണ്ടെടുത്തതായും പൊലീസ് അവകാശപ്പെട്ടിരുന്നു. 18 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം, മൂവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. അന്നുമുതൽ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു അവർ.  

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. 1981-ൽ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റിലാകുമ്പോൾ പ്രായപൂർത്തിയാകാത്ത ആളായിരുന്നു താനെന്ന് തെളിയിക്കാൻ 56 -കാരനായ സംഗ്രമിന് 40 വർഷമെടുത്തു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് അടുത്തിടെ ആ കൊലക്കേസ് പ്രതിയെ പ്രായപൂർത്തിയാകാത്തയാളായി പ്രഖ്യാപിച്ചു, വെറുതെ വിടാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യ കേസിൽ ഇതിനകം തന്നെ അയാൾക്ക് ജീവപര്യന്തം തടവ് കോടതി വിധിച്ചിരുന്നു. മൂന്ന് വർഷത്തിലധികം ശിക്ഷ അനുഭവിച്ചിതിന് ശേഷമാണ്, ഇപ്പോൾ, അയാളെ ജയിലിൽ നിന്ന് വിട്ടയക്കണമെന്ന് പറഞ്ഞ് കോടതി വിധി തിരുത്തിയത്.  
 

Follow Us:
Download App:
  • android
  • ios