ഇന്ത്യയിലെ ആദ്യത്തെ ചേരി രഹിത നഗരമായി ചണ്ഡീഗഡ് മാറി. 12 വർഷത്തെ ശ്രമത്തിനൊടുവിൽ ഷാപൂർ കോളനി ഉൾപ്പെടെ പൊളിച്ച് 520 ഏക്കറിലധികം ഭൂമി തിരിച്ചുപിടിച്ചെങ്കിലും, കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നു.

ന്ത്യയിലെ ആദ്യത്തെ ചേരി രഹിത നഗരം എന്ന നാഴികക്കല്ല് പിന്നിട്ട് ചണ്ഡീഗഡ് നഗരം. ഈ സവിശേഷ പദവിക്ക് പിന്നാലെ പൊളിച്ച് മാറ്റിയ ചേരിയിലുണ്ടായിരുന്നവരെ എങ്ങോട്ട് മാറ്റിയെന്ന സമൂഹ മാധ്യമ ഉപയോക്താക്കളുടെ ചോദ്യത്തിന് മാത്രം ഉത്തരമുണ്ടായില്ല. നഗരത്തിലെ അവസാന ചേരിയായ ഷാപൂർ കോളനി പൊളിച്ചുമാറ്റിയതിന് പിന്നാലെയാണ് 'ഇന്ത്യയിലെ ആദ്യത്തെ ചേരി രഹിത നഗരം' എന്ന പ്രഖ്യാപനം ഉണ്ടായത്. ചേരികൾ വൃത്തിയാക്കാനും പൊതുസ്ഥലം തിരിച്ചുപിടിക്കാനുമുള്ള പ്രാദേശിക ഭരണകൂടത്തിന്‍റെ പന്ത്രണ്ട് വർഷത്തെ ശ്രമത്തിനാണ് ഈ നേട്ടം കൈവരിച്ചതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

520 ഏക്കറിലധികം ഭൂമി

12 വര്‍ഷം നീണ്ട ശ്രമത്തിനൊടുവില്‍ സര്‍ക്കാർ 520 ഏക്കറിലധികം ഭൂമിയാണ് തിരിച്ച് പിടിച്ചത്. നഗരാസൂത്രണത്തിനും നഗര വളര്‍ച്ചയ്ക്കും വലിയൊരു നാഴികക്കല്ലാണ് ഇതെന്നും റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടി. നഗരത്തിൽ അഞ്ച് ഏക്കറിന് മേലെയായി വ്യാപിച്ച് കിടന്ന ഷാപൂർ കോളനി പൊളിച്ച് മാറ്റിയതോടെതോടെയാണ് കോളനി രഹിത നാഗരമെന്ന പ്രഖ്യാപനം ഉണ്ടായത്. ഷാപൂർ കോളനി പൊളിച്ചുമാറ്റൽ ചണ്ഡീഗഡിന് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ നിഷാന്ത് കുമാർ യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

ഷാപൂർ കോളനിയും മറ്റ് കോളനികളും

പൊളിക്കൽ ജോലികൾ സുരക്ഷിതമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഷാംപൂർ കോളനിയിൽ നൂറ് കണക്കിന് പോലീസുാരും ഉദ്യോഗസ്ഥരും സന്നഹിതരായിരുന്നു. സെപ്റ്റംബർ 29 നാണ് ഷാംപൂർ കോളനി പൊളിക്കാന്‍ ആരംഭിച്ചത്. വലിയ പ്രതിഷേധങ്ങളില്ലാതെ തന്നെ കോളനി പൊളിക്കല്‍ നടപടികൾ പൂര്‍ത്തിയാക്കി.

Scroll to load tweet…

2014 -ൽ കല്യാൺ കോളനി പൊളിച്ച് മാറ്റിയപ്പോൾ 89 ഏക്കറാണ് സര്‍ക്കാറിലേക്ക് കണ്ടുകിട്ടിയത്. അതേ വർഷം തന്നെ അംബേദ്കർ കോളനിയും പൊളിച്ചുമാറ്റി. ഇതിലൂടെ 65 ഏക്കർ സര്‍ക്കാര്‍ ഏറ്റെടുത്തു. 2022 ൽ, കോളനി നമ്പർ 4 ൽ നിന്ന് 65 ഏക്കർ തിരിച്ചുപിടിച്ചു.

തിരിച്ചുപിടിച്ച ഭൂമിയുടെ മൂല്യം

ഈ വർഷം മാത്രം 2,500 കോടി രൂപയിലധികം വിലമതിക്കുന്ന ഭൂമി തിരിച്ചുപിടിച്ചതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഷാപൂരിനൊപ്പം, ഇൻഡസ്ട്രിയൽ ഏരിയയിലെ ആദർശ് കോളനി, സെക്ടർ 25 കോളനി, സഞ്ജയ് കോളനി തുടങ്ങിയ മറ്റ് പ്രധാന കോളനികളും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒഴിപ്പിച്ചു. രണ്ട് മാസം മുമ്പ്, എസ്റ്റേറ്റ് വകുപ്പ് തുടർച്ചയായ പ്രചാരണത്തിന്‍റെ ഭാഗമായി കൂടുതൽ ഭൂമി ഒഴിപ്പിച്ചു.

സമൂഹ മാധ്യമ പ്രതികരണം

ചിലര്‍ നഗരത്തിന്‍റെ നേട്ടത്തില്‍ അഭിമാനം പ്രകടിപ്പിച്ചു. ലഭിച്ച ഭൂമിയില്‍ സര്‍വ്വസജ്ജീകരണങ്ങളോടും കൂടിയ അംബരചുമ്പികൾ ഉയരട്ടെയെന്ന് ആശംസിച്ചു. എന്നാല്‍ മറ്റ് ചിലര്‍ ചില ചോദ്യങ്ങൾ ഉന്നയിച്ചു. 520 ഏക്കറിലധികം ഭൂമിയില്‍ നിന്നും പുറത്താക്കപ്പെട്ട പതിനായിരക്കണക്കിന് മനുഷ്യർ ഇപ്പോൾ എവിടെയെന്നായിരുന്നു പലരും ചോദിച്ചത്. മറ്റ് ചിലർ, പതിറ്റാണ്ടുകളായി പല തലമുറകളായി ഈ ഭൂമിയില്‍ ജീവിച്ചിരുന്നവരെ കുടിയിറക്കുമ്പോൾ അവര്‍ക്ക് എന്ത് നഷ്ടപരിഹാരം കൊടുത്തെന്ന് ചോദിച്ചു. 'ഇത് ചേരി രഹിതമല്ല, പക്ഷേ, ചേരി പുനരധിവാസമില്ലാതെ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയിരിക്കുന്നു' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.