പ്രവചനം നടത്തുന്നയാൾ യുവതിയോട് പറഞ്ഞത്, നിങ്ങളുടെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്, നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുള്ള ഇയാൾ ഹോട്ടൽ റൂമുകളിലും അവർക്കൊപ്പം പോകാറുണ്ട്, ഇതൊന്നും കൂടാതെ ലൈം​ഗികത്തൊഴിലാളികളുടെ അടുത്തും പോകാറുണ്ട് എന്നാണ്.

ഓൺലൈനിൽ ഭാവി പ്രവചിക്കുന്ന ഒരുപാടാളുകളുണ്ടിന്ന്. അതിലൂടെ പറ്റിക്കപ്പെടുന്നവരും. അങ്ങനെ ഒരു വാർത്തയാണ് ഇപ്പോൾ ചൈനയിൽ നിന്നും പുറത്ത് വരുന്നത്. ഒരു യുവതി തന്റെ ഭർത്താവ് തന്നെ ചതിക്കുകയാണ് എന്നും അയാൾക്ക് മറ്റ് ബന്ധങ്ങളുണ്ട് എന്നും ആരോപിച്ച് വീട്ടിൽ വലിയ പ്രശ്നമുണ്ടാക്കി. എന്നാൽ, ഇതിന്റെയെല്ലാം കാരണമായിത്തീർന്നത് ഒരു ഓൺലൈൻ ജോത്സ്യനാണ്. ഇയാളാണ് യുവതിയോട് നിങ്ങളുടെ ഭർത്താവിന് മറ്റൊരു ബന്ധമുണ്ട് എന്ന് പറഞ്ഞത്. ഭർത്താവ് തന്നെയാണ് ഭാര്യ തനിക്ക് നേരെ കഴമ്പില്ലാത്ത ആരോപണം ഉന്നയിക്കുന്നുവെന്നും പറഞ്ഞ് പൊലീസിനെ സമീപിച്ചത്.

കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിലെ വുഹുവിൽ നിന്നുള്ള ഒരു സ്ത്രീയാണ് തന്റെ ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ചത്. അൻഹുയി ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനാണ് ഒക്ടോബർ 22 -ന് സംഭവം റിപ്പോർട്ട് ചെയ്തത്. അതോടെ ഓൺലൈനിലടക്കം ഇത് വലിയ ചർച്ചയായി. അതേസമയം ദമ്പതികളുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. 70 ഡോളർ അതായത് ഏകദേശം 6000 രൂപ ഓൺലൈനിൽ അടച്ച് നേടിയ പ്രവചനത്തിന് പിന്നാലെയാണ് ഭാര്യ ഭർത്താവിനുമേൽ ​ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നത് ആളുകളെ അമ്പരപ്പിച്ചു.

എന്തായാലും, പ്രവചനം നടത്തുന്നയാൾ യുവതിയോട് പറഞ്ഞത്, നിങ്ങളുടെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്, നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുള്ള ഇയാൾ ഹോട്ടൽ റൂമുകളിലും അവർക്കൊപ്പം പോകാറുണ്ട്, ഇതൊന്നും കൂടാതെ ലൈം​ഗികത്തൊഴിലാളികളുടെ അടുത്തും പോകാറുണ്ട് എന്നാണ്. ഭാര്യ ഇയാളുടെ പ്രവചനം പൂർണമായും വിശ്വസിച്ചതായും ഗ്വാണ്ടൂ പൊലീസ് പറയുന്നു.

ഭാര്യയുടെ ആരോപണം ശക്തമായതോടെയാണ് ഭർത്താവ് പൊലീസിനെ സമീപിക്കാനും തന്റെ നിരപരാധിത്വം തെളിയിക്കാനും തീരുമാനിച്ചത്. രാവിലെ മുതൽ ഭാര്യ ജോത്സ്യനെ വിളിച്ചുകൊണ്ടിരിക്കുമെന്നും ജീവിതം സഹിക്കാൻ പറ്റാത്ത രീതിയിലായി എന്നും ഭർത്താവ് പരാതിപ്പെടുന്നു. എന്തായാലും, പൊലീസ് ഭാര്യയെയും ഭർത്താവിനെയും വിളിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.