അതേസമയം, യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്നാണ് ഭർത്താവ് ആരോപിച്ചത്. പക്ഷേ, കോടതി ഇയാളുടെ ആരോപണം തള്ളിക്കളഞ്ഞു.
മുൻഭാര്യയുടെ പേര് 'ചബ്ബി' എന്ന് അർത്ഥം വരുന്ന 'ടോംബിക്' എന്ന് ഫോണിൽ സേവ് ചെയ്ത് വച്ചതിന് തുർക്കിയിൽ യുവാവിന് പിഴ ചുമത്തി. ഇയാൾ ഭാര്യയ്ക്ക് ഭീഷണി സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നു. അതും ചബ്ബി എന്ന് പേര് സേവ് ചെയ്തിരിക്കുന്നതുമെല്ലാം ഭാര്യയ്ക്ക് വലിയ മനക്ലേശം ഉണ്ടാക്കിയെന്നും ഇവരുടെ വിവാഹജീവിതം തകരാൻ കാരണമായി തീർന്നു എന്നും കോടതി നിഗമനത്തിലെത്തി. ഇരുവർക്കും കുട്ടികളുണ്ട്. വൈകാരികമായി ഭർത്താവ് തന്നെ പീഡിപ്പിക്കുന്നു എന്ന് കാണിച്ചാണ് ഭാര്യ വിവാഹമോചനത്തിന് അപേക്ഷിച്ചത്. എന്നാൽ, അതേസമയം തന്നെ ഭാര്യ വിശ്വാസവഞ്ചന കാണിച്ചു എന്നായിരുന്നു ഭർത്താവിന്റെ ആരോപണം.
'പോ, എനിക്ക് നിന്നെ കാണാനേ ആഗ്രഹമില്ല', 'നിന്റെ മുഖം പിശാച് കാണട്ടെ' തുടങ്ങിയ സന്ദേശങ്ങൾ ഭർത്താവ് ഭാര്യയ്ക്ക് അയച്ചിരുന്നു. ഇതും ഭാര്യ കോടതിയെ കാണിച്ചു. അത് മാത്രമല്ല, അയാളുടെ അച്ഛന് സർജറി ചെയ്യാൻ പണം ആവശ്യപ്പെട്ട് ഭർത്താവ് തന്നെ നിരന്തരം മാനസികസമ്മർദ്ദത്തിലാക്കിയിരുന്നു എന്നും യുവതി ആരോപിച്ചു. അതേസമയം, യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്നാണ് ഭർത്താവ് ആരോപിച്ചത്. പക്ഷേ, കോടതി ഇയാളുടെ ആരോപണം തള്ളിക്കളഞ്ഞു. ഭർത്താവ് യുവതിയുമായി ബന്ധമുണ്ട് എന്ന് ആരോപിക്കുന്നയാൾ ഒരു പുസ്തകം കൈമാറുക മാത്രമാണ് ചെയ്തത് എന്നും അയാളും യുവതിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും കോടതി പറഞ്ഞു. എന്നാൽ, ഭർത്താവ് ഭാര്യയെ വൈകാരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നും ബുദ്ധിമുട്ടിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, തുർക്കിയിലെ നിയമപ്രകാരം, മോശം സന്ദേശങ്ങൾ അയക്കുന്നത് വഴിയുൾപ്പെടെ ഒരാളുടെ അന്തസ്സിനെ ഹനിക്കുന്ന വാക്കുകളോ പ്രവൃത്തികളോ ഉണ്ടായാൽ രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.


