3000 വര്‍ഷങ്ങള്‍ പഴക്കമുള്ളൊരു ആയോധനകല അതാണ് സിലമ്പം. നമ്മുടെ കളരിപ്പയറ്റ് പോലെ. മെയ് വഴക്കം മാത്രം പോരാ അതിന്. നല്ല മനസ്സാനിധ്യവും വേണം. വടി കൊണ്ടുള്ള അടികൂടലിനെ സിലമ്പാട്ടം എന്നാണ് പറയാറുണ്ടായിരുന്നത്. അതില്‍ നിന്നാകാം സിലമ്പം എന്ന വാക്കുണ്ടായത്. സിലമ്പത്തെ ജീവിതത്തോടു ചേര്‍ത്തുവെച്ച ഒരു മുപ്പതുകാരി അതാണ് ഐശ്വര്യ മണിവണ്ണന്‍. പ്രൊഫഷന്‍ കൊണ്ട് ഡിസൈനറാണെങ്കിലും ഐശ്വര്യ അറിയപ്പെടുന്നത് സിലമ്പത്തിലെ അവളുടെ നേട്ടങ്ങളിലൂടെയാണ്.

 

അഞ്ച് വര്‍ഷം മുമ്പാണ്... ഐശ്വര്യയുടെ നൃത്താധ്യാപികയായ കവിത രാമു (IAS) ആണ് സിലമ്പം പഠിക്കാന്‍ അവളോട് നിര്‍ദ്ദേശിക്കുന്നത്. മെയ് വഴക്കം ശരിയാക്കുന്നതിനായിരുന്നു അത്. അങ്ങനെ ഐശ്വര്യ സിലമ്പം പഠിക്കാനായി ചെല്ലുന്നു. ഗുരുവായ പാണ്ഡ്യന്‍ ആശാന്‍ അറിവിന്‍റെ വലിയ സാഗരം പോലെ അവളുടെ മുന്നില്‍ നിന്നു. സിലമ്പത്തിലേക്ക് ഒരോ ചുവട് വയ്ക്കുമ്പോഴും തന്‍റെ കരുത്ത് തന്നെത്തന്നെ അദ്ഭുതപ്പെടുത്തുന്നതായാണ് ഐശ്വര്യക്ക് തോന്നിയത്. സിലമ്പത്തിനോടുള്ള ഇഷ്ടം കൂടി വന്നപ്പോള്‍ അവള്‍ ഭരതനാട്യം പഠനം അവസാനിപ്പിക്കുകയും പൂര്‍ണമായും സിലമ്പത്തിലേക്ക് തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തു. 

'പുരുഷന്മാരുടെ' എന്ന് പേരുകേട്ട സിലമ്പത്തില്‍ തന്‍റേതായ സാന്നിധ്യം അടയാളപ്പെടുത്തുക മാത്രമായിരുന്നില്ല ഐശ്വര്യ. 2016 -ല്‍ മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സിലമ്പം ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ മെഡലുകളും ഒരു വെള്ളി മെഡലും നേടി ഐശ്വര്യ. സിലമ്പം നല്‍കുന്നത് ശാരീരികമായ ശക്തിപ്പെടല്‍ മാത്രമല്ല, മറിച്ച് മാനസികമായും അത് നല്‍കുന്ന കരുത്ത് വലുതാണ്. അത് മെഡിറ്റേഷന്‍റെ ഗുണം കൂടി നല്‍കുന്നുവെന്നും ഐശ്വര്യ പറയുന്നു. അതിനാല്‍ തന്നെയാണ് തനിക്ക് കിട്ടിയ അറിവ് മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നു നല്‍കാനും ഐശ്വര്യ ശ്രമിക്കുന്നത്. 

2016 -ല്‍ ഹാന്‍ഡ് ലൂം ഡേയില്‍ ഒരു ഖാദി സാരിയുമുടുത്ത് സിലമ്പം അവതരിപ്പിക്കുന്ന ഐശ്വര്യയുടെ വീഡിയോ ഒരുപാട് പേരാണ് ഏറ്റെടുത്തത്. വളരെ കുറച്ച് ഉള്‍നാടുകളില്‍ മാത്രം കാണുന്ന സിലമ്പത്തെ രാജ്യത്തേയും ലോകത്തേയും പരിചയപ്പെടുത്തുക എന്ന കടമ കൂടി ഏറ്റെടുത്തിരിക്കുകയാണ് ഐശ്വര്യ. അതിന് തന്നാലാവുന്നത് ചെയ്യുമെന്നും അവള്‍ പറയുന്നു. സ്വതവേ സ്ത്രീകള്‍ക്ക് എളുപ്പമായിരിക്കില്ല എന്ന് പറയുന്ന ഒന്നിനെ സാരിയുടുത്ത് പോലും വളരെ എളുപ്പത്തില്‍ സാധ്യമാകും എന്ന് തെളിയിക്കുകയായിരുന്നു ഐശ്വര്യ വീഡിയോയില്‍. 

പ്രായത്തിന് സിലമ്പത്തില്‍ പരിമിതികളേ ഇല്ലെന്നും ഐശ്വര്യ പറയുന്നു. ഏത് പ്രായക്കാര്‍ക്കും അത് പഠിച്ചു തുടങ്ങാം. അന്യം നിന്ന് പോവാതെ, വരുന്ന തലമുറക്ക് കൂടി സിലമ്പത്തെ പരിചയപ്പെടുത്തുക എന്നതാണ് അവളുടെ ലക്ഷ്യം.