വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ അതിഭീകരമായ ശബ്ദത്തില്‍ എന്തോ പൊട്ടി അടര്‍ന്ന് പോകുന്നതായി വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് അനുഭവപ്പെട്ടു

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അതിന്റെ ഏതെങ്കിലും ഭാഗം അടര്‍ന്നു താഴോട്ട് വീഴുന്നതിനെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ ആകുമോ? എങ്കില്‍ അങ്ങനെയൊരു ദുരനുഭവം അലാസ്‌കയിലെ ഒരുകൂട്ടം യാത്രക്കാര്‍ക്ക് കഴിഞ്ഞ ദിവസം ഉണ്ടായി. വിമാനം റണ്‍വേയിലൂടെ പറന്ന് ഉയര്‍ന്ന് അല്പം കഴിഞ്ഞതും വിമാനത്തിന്റെ എന്‍ജിന്‍ കവര്‍ അടര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ പൈലറ്റുമാര്‍ക്ക് വിമാനം തിരികെ പറത്തി ഇറക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കഴിഞ്ഞദിവസം അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിങ് 737-900 ഇ ആര്‍ വിമാനത്തിലാണ് സംഭവം. വിമാനത്താവളത്തില്‍ നിന്നും വിമാനം പറന്നുയര്‍ന്ന് അല്പസമയം കഴിഞ്ഞപ്പോള്‍ വിമാനത്തിന്റെ ഇടതുവശത്ത് അസാധാരണമായ ഒരു വൈബ്രേഷന്‍ അനുഭവപ്പെട്ടു. ഇതോടെ യാത്രക്കാരും ജീവനക്കാരും എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പരിഭ്രാന്തിയിലായി. 

എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെ പൈലറ്റും ഒരു നിമിഷം ആശങ്കയിലായി.പക്ഷേ സംഭവിക്കാന്‍ പോകുന്നത് എന്തുതന്നെയായാലും വിമാനം തിരികെ റണ്‍വേയിലേക്ക് ഇറക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 

അങ്ങനെ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ അതിഭീകരമായ ശബ്ദത്തില്‍ എന്തോ പൊട്ടി അടര്‍ന്ന് പോകുന്നതായി വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് അനുഭവപ്പെട്ടു. പക്ഷേ സുരക്ഷിതമായി തന്നെ വിമാനം ലാന്‍ഡ് ചെയ്തു. യാത്രക്കാരെ സുരക്ഷിതമായി പുറത്ത് ഇറക്കി. കൗലിംഗ് എന്ന് വിളിക്കപ്പെടുന്ന എഞ്ചിന്‍ കവര്‍ ചെയ്യുന്ന മെറ്റല്‍ പാനലിംഗിന്റെ ഒരു ഭാഗമാണ് ലാന്‍ഡ് ചെയ്യുമ്പോള്‍ വിമാനത്തില്‍ നിന്ന് വേര്‍പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം മനസ്സിലായത്. 

ഈ സമയം വിമാനത്തില്‍ 176 യാത്രക്കാരും ആറ് ജീവനക്കാരും ആയിരുന്നു ഉണ്ടായിരുന്നത്. വിമാനത്തില്‍ രണ്ട് പൈലറ്റുമാര്‍ ഉണ്ടായിരുന്നു. ഇവരുടെ അവസരോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

വിമാനത്തിന്റെ ഒരു ഭാഗം അടര്‍ന്നു പോകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഏതായാലും വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരും എയര്‍ലൈന്‍സ് ജീവനക്കാരും .

Scroll to load tweet…