ജറൂസലം: അന്യഗ്രഹ ജീവികളും അമേരിക്കയും തമ്മില്‍ കരാര്‍ ഉണ്ടാക്കിയതായി ഇസ്രായേലിലെ ബഹിരാകാശ സുരക്ഷാ  മുന്‍മേധാവി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇക്കാര്യം അറിയാമെന്നും ഇസ്രായേലി പത്രമായ  യെദിയോത്ത് അഹ്രോനോത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇസ്രായേല്‍ ബഹിരാകാശ സുരക്ഷയുടെ ചുമതല വഹിച്ച ഹൈം ഇഷാദാണ് വിചിത്രമായ വെളിപ്പെടുത്തല്‍ നടത്തിയത്.  

അന്യഗ്രഹ ജീവികളുടെ 'ഗാലക്ടിക് ഫെഡറേഷനും' അമേരിക്കയും തമ്മില്‍ പ്രപഞ്ച രൂപകല്‍പനയുമായി ബന്ധപ്പെട്ട കരാര്‍ ഉണ്ടാക്കിയതായാണ് ഇഷാദിന്റെ പരാമര്‍ശം. ചൊവ്വയുടെ ആഴങ്ങളില്‍ അന്യഗ്രഹജീവികള്‍ക്കും അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കും കൂടിച്ചേരാനുള്ള അണ്ടര്‍ഗ്രൗണ്ട് ഇടം നിലവിലുള്ളതായി അദ്ദേഹം പറഞ്ഞു. അന്യഗ്രഹജീവികളെക്കുറിച്ച് പഠിക്കാന്‍ നമുക്കുള്ളതു പോലെ മനുഷ്യരെ കുറിച്ച് പഠിക്കാന്‍ അന്യഗ്രഹജീവികള്‍ക്കും താല്‍പ്പര്യമുള്ളതായി ജിജ്ഞാസയുണ്ട് എന്നും  ഇഷാദ് പറഞ്ഞു. 

തങ്ങളുടെ നിലനില്‍പ്പിനെ കുറിച്ച് പുറത്തുപറയരുതെന്ന് അന്യഗ്രഹജീവികള്‍ കരാറില്‍ വ്യവസ്ഥ വെച്ചതായി അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ട്രംപിന് ഇക്കാര്യങ്ങളെല്ലാം അറിയാം. എന്നാല്‍, ജനങ്ങളില്‍ ഭീതി പരത്താതിരിക്കാന്‍ ഒന്നും പുറത്തുപറയരുതെന്ന വ്യവസ്ഥ കാരണം അദ്ദേഹം ഒന്നും പുറത്തുപറയാത്തതാണ്. 

എന്തു കൊണ്ടാണ് ഇപ്പോള്‍ ഈ വിവരം പുറത്തുപറയുന്നതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം ഇതായിരുന്നു: :ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ അഞ്ച് വര്‍ഷം മുമ്പ് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ആശുപത്രിയിലായേനേ''. 

അമേരിക്ക ഈ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.