വംശനാശഭീഷണി നേരിടുന്നതും ലോകത്തിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണപ്പെടുന്നതുമായ ജീവികളുടെ പട്ടികയിൽ പെട്ട ഒന്നാണ് ആൽബിനോ അലിഗേറ്ററുകൾ.
ജീവനുള്ള ചീങ്കണിയെ സ്യൂട്ട്കേസിനുള്ളിൽ ആക്കി കടത്താൻ ശ്രമിച്ച ആൾ ജർമ്മനിയിൽ പിടിയിലായി. ജർമൻ എയർപോർട്ടിൽ വച്ചാണ് യാത്രക്കാരന്റെ സ്യൂട്ട്കേസിനുള്ളിൽ നിന്നും ജീവനുള്ള ആൽബിനോ വിഭാഗത്തിൽപ്പെട്ട ചീങ്കണ്ണിയെ കണ്ടെത്തിയത്.
മ്യൂണിക്കിലെ എയർപോർട്ടിൽ വച്ച് സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരന്റെ ലഗേജ് പരിശോധിച്ചപ്പോഴാണ് ഒരു സ്യൂട്ട്കേസിനുള്ളിൽ നിന്നും ജീവനുള്ള ആൽബിനോ ചീങ്കണ്ണിയെ കണ്ടെത്തിയത്. ഇതിനെ സിംഗപ്പൂരിലേക്ക് കടത്താൻ ആയിരുന്നു 42 -കാരനായ യാത്രക്കാരന്റെ പദ്ധതി.
മൂക്കിന് ചുറ്റും രണ്ട് വായുദ്വാരങ്ങൾ ഇട്ട നിലയിൽ ക്ളിംഗ് ഫിലിമിൽ പൊതിഞ്ഞ നിലയിലാണ് ഒരു മീറ്റർ നീളമുള്ള അപൂർവ ചീങ്കണ്ണിയെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളുടെ പെട്ടിയിൽ നിന്നും കണ്ടെത്തിയത്. വിദഗ്ധ പരിശോധനകൾക്ക് ശേഷം ചീങ്കണ്ണിക്ക് ജീവനുള്ളതായി സുരക്ഷ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സെപ്റ്റംബറിലാണ് ഇയാളെ പിടികൂടിയെങ്കിലും ഇപ്പോൾ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുറത്തുവിട്ടത്.
സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന യാത്രക്കാരന്റെ പേര് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. അവിടെ ആൽബിനോ അലിഗേറ്ററുകൾക്ക് 60 ലക്ഷത്തോളം വിലമതിക്കും എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജർമ്മനിയുടെ സ്‌പീഷീസ് പ്രൊട്ടക്ഷൻ ആൻഡ് അനിമൽ വെൽഫെയർ ആക്‌ട് ലംഘിച്ചതിന് യാത്രക്കാരനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ വൻ തുക പിഴയായി അടയ്ക്കണം. കൂടാതെ പൊലീസ് ഇയാളുടെ ഫോൺ കണ്ടുകെട്ടുകയും ചെയ്തു.
വംശനാശഭീഷണി നേരിടുന്നതും ലോകത്തിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണപ്പെടുന്നതുമായ ജീവികളുടെ പട്ടികയിൽ പെട്ട ഒന്നാണ് ആൽബിനോ അലിഗേറ്ററുകൾ. ലോകത്തിൽ ഇനി ഈ വിഭാഗത്തിൽപ്പെട്ട 200 -ൽ താഴെ അലിഗേറ്ററുകൾ മാത്രമാണ് ജീവനോടെയുള്ളത് എന്നാണ് കണക്കാക്കപ്പെടുന്നത്.
വിമാനത്താവളങ്ങൾ വഴി ആളുകൾ മൃഗങ്ങളെ കടത്താൻ ശ്രമിക്കുന്നത് ഇത് ആദ്യ സംഭവമല്ല. ഈ വർഷം ആദ്യം ബാങ്കോക്കിലെ വിമാനത്താവളത്തിൽ നിന്ന് രണ്ട് സ്ത്രീകൾ സമാനമായ കുറ്റത്തിന് പിടിയിലായിരുന്നു. ഇവരുടെ ബാഗിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത് 109 ജീവനുള്ള വന്യമൃഗങ്ങളെ ആയിരുന്നു.
(ചിത്രം പ്രതീകാത്മകം)
