സമാജ് വാദി പാർട്ടിയുടെ മുൻ നേതാവും രാജ്യസഭാംഗവുമായ അമർസിംഗ് അന്തരിച്ചതോടെ കളമൊഴിയുന്നത് ഉത്തരേന്ത്യൻ പ്രായോഗികരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രയോക്താക്കളിൽ ഒരാളാണ്. 2013 മുതൽ വൃക്കരോഗം കൊണ്ട് വളഞ്ഞിരുന്ന അമർസിംഗ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ഇടയ്ക്കിടെ രോഗഗ്രസ്തനാകുന്ന അവസ്ഥയുണ്ടായിരുന്നു. വർഷങ്ങളോളം സമാജ് വാദി പാർട്ടിയുടെ ഒന്നാം നിര നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന അമർ സിംഗ് മുലായം സിങ്ങുമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന ഒരാളായിരുന്നു. വൃക്കരോഗം മൂർച്ഛിച്ച് ആശുപത്രിയിൽ കിടക്കുന്ന സമയത്തും സാമൂഹ്യമാധ്യമങ്ങളിൽ സജീവമായിരുന്ന അദ്ദേഹം അടുത്തിടെ അമിതാഭ് ബച്ചനോട് ക്ഷമാപണം നടത്തിയതും മാധ്യമങ്ങളിൽ വാർത്തയായിരുന്നു. 

ആരായിരുന്നു അമർസിംഗ്?
 
1956 ഉത്തർപ്രദേശിലെ ആസംഗഡിലെ ഒരു രജപുത്ര കുടുംബത്തിലാണ് അമർ സിംഗ് ജനിച്ചത്. അമർ തന്റെ ബാല്യം ചെലവിട്ടത് കൽക്കത്തയിലെ ബഡാബസാർ ഏരിയയിൽ ആയിരുന്നു. അവിടെ ഒരു ഹാർഡ് വെയർ കടയായിരുന്നു അമർ സിങിന്റെ അച്ഛന്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അമർ സിംഗ് ബിരുദ പഠനത്തിനായി കൊൽക്കത്ത സെന്റ് സേവിയേഴ്സിൽ പ്രവേശനം നേടി. വർഷങ്ങൾ നീണ്ട കൊൽക്കത്ത വാസത്തിനിടെ അദ്ദേഹം ബംഗ്ലയിൽ തികഞ്ഞ പ്രാവീണ്യം നേടുന്നു. അവിടെ നിന്ന് അമർ സിംഗ് സ്വയം പറിച്ചു നട്ടത് ബാംഗ്ലൂർക്കായിരുന്നു. അവിടെ ഇഡിസിഎൽ എന്നൊരു കമ്പനി തുടങ്ങുന്നു സിംഗ്. ഇൻഫ്രാ, പവർ സെക്ടറുകളിൽ പ്രവർത്തിക്കുന്ന ആ ബൃഹദ് കമ്പനിയുടെ ചെയർമാൻ ഇന്നും അമർസിംഗ് തന്നെയാണ്. 

അതിനിടെയാണ് 1985 -ൽ ലഖ്‌നൗവിൽ ഠാക്കൂർ സമാജത്തിന്റെ ഒരു മീറ്റിങ് നടക്കുന്നത്. തന്റെ ജാതീയമായ സംബന്ധങ്ങളുടെ പേരിൽ അമർ സിങ്ങിനും അതിൽ പങ്കെടുക്കാൻ അവസരം സിദ്ധിക്കുന്നു. അതോടൊപ്പം ലഖ്‌നൗവിൽ വെച്ച് അന്നത്തെ മുഖ്യമന്ത്രി വീർ ബഹാദൂർ സിങിനെ ഒന്ന് സത്കരിക്കാനും അമർ സിങ്ങിന് അവസരം കിട്ടുന്നു. അമർ സിങിന്റെ സംഭാഷണ ചാതുരിയിൽ വളരെയധികം മതിപ്പുണ്ടായ മുഖ്യമന്ത്രി അദ്ദേഹത്തോട് ഉത്തർപ്രദേശിലേക്ക് മടങ്ങിവരാൻ ആവശ്യപ്പെടുന്നു. "ഈ പയ്യൻ ആള് കൊള്ളാം. നമുക്ക് ഇവനെക്കൊണ്ട്‌ വലിയ ഗുണമുണ്ടാകും..." അദ്ദേഹം അന്ന് തന്റെ അടുത്ത അനുയായികളോട് പറഞ്ഞു. കിട്ടിയ അവസരം വെറുതെ കളയണ്ട എന്ന് കരുതിയ അമർസിങ്ങും തന്റെ മുത്തശ്ശിയെ കൂട്ടിനു വിളിച്ച് അധികം വൈകാതെ ലഖ്‌നൗവിലേക്ക് കുടിയേറുന്നു.  എൺപതുകളുടെ ഉത്തരാർദ്ധത്തിൽ തുടങ്ങിയ ഈ യുപിവാസത്തിനിടെയാണ് അമർസിംഗിന്റെ ബോളിവുഡ് കണക്ഷനുകൾ തുറക്കുന്നത്.

 

 

1996 -ലാണ് അമർ സിംഗ് തന്റെ പിൽക്കാല രാഷ്ട്രീയ സന്തത സഹചാരിയായ മുലായം സിംഗ് യാദവുമായി പരിചയപ്പെടുന്നത്. അന്ന് മുലായം സിംഗിന്റെ പാർട്ടിക്ക് അഞ്ചാറുവയസ്സ് തികയുന്നതേയുള്ളൂ. മണ്ഡൽ കമ്മീഷന്റെ പിന്നാലെ ഉണ്ടായ സമാജ് വാദി പാർട്ടിക്ക് അന്ന് ഗ്രാമങ്ങളിലായിരുന്നു കൂടുതൽ വേരിറക്കം. കേന്ദ്രത്തിൽ ദേവഗൗഡ സർക്കാർ ഭരണത്തിലേറിയപ്പോൾ മുലായം സിങിന് പ്രതിരോധ മന്ത്രിസ്ഥാനം നൽകപ്പെട്ടു. അന്ന് നാൽപതു വയസ്സുപ്രായമേ അമർസിംഗിനുള്ളൂ. അമർ സിങിന്റെ രാഷ്ട്രീയ ധിഷണ മുലായം സിങ്ങിനെയും ഏറെ സ്വാധീനിച്ചു. ഏത് ഫീൽഡെടുത്താലും അതിലൊക്കെ നിരവധി ആഴത്തിലുള്ള സൗഹൃദങ്ങളുള്ള ആ യുവാവിനെ മറ്റാർക്കും വിട്ടുനൽകാതെ മുലായം തന്റെ കൂടെത്തന്നെ നിലനിർത്തി. 

മുലായമാണ് അമർ സിങ്ങിനെ പ്രാഥമികാംഗത്വം നൽകി സമാജ്‌വാദി പാർട്ടിയിൽ എടുത്തത്. അന്ന് മുലായം സിങിന്റെ നാലുപാടും, രാജ് ബബ്ബർ, ആസം ഖാൻ, റാം ഗോപാൽ യാദവ്, ബേനി പ്രസാദ് വർമ്മ എന്നിങ്ങനെ നിരവധിപേർ അടുപ്പം സ്ഥാപിക്കാൻ മിനക്കെട്ടു നടക്കുന്ന കാലം. അവരെയൊക്കെ നിരാശപ്പെടുത്തിക്കൊണ്ട് മുലായത്തിന്റെ വലംകൈയാകാൻ അന്ന് അമർസിംഗിന് സാധിച്ചു. സമാജ് വാദി പാർട്ടിയെ ഗ്രാമീണ സാന്നിധ്യത്തിന്റെ അനാകർഷകത്വത്തിൽ നിന്ന് മോചിപ്പിച്ച് ബോളിവുഡിന്റെ ഗ്ലാമറിലേക്കും, കോർപ്പറേറ്റ് ഹൗസുകളുടെ ക്രോണി സർക്കിളിലേക്കും, നഗരങ്ങളുടെ ശബളിമയിലേക്കും കൈപിടിച്ചാനയിക്കപ്പെട്ടത് അമർസിംഗിന്റെ പ്ലാനിങ്ങിൽ നടപ്പിലാക്കിയ നയങ്ങളുടെ ബലത്തിലായിരുന്നു. അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് അമർ സിംഗ് സമാജ് വാദി പാർട്ടിയിലെ ഒരു യുവതുർക്കിയായി വളർന്നു വന്നു. മറ്റെല്ലാവരെയും വെട്ടി, പാർട്ടിയിലെ നമ്പർ 2 ആയി അദ്ദേഹം ഉയർന്നു. ദില്ലിയിൽ സമാജ് വാദി പാർട്ടിക്കുവേണ്ടി ലോബിയിങ് നടത്താൻ വേണ്ടി ഔദ്യോഗിക വക്താവായി അമർ സിങിനെ നിയോഗിക്കപ്പെട്ടു. 

2008 -ലാണ് അമർ സിങിന്റെ രാഷ്ട്രീയ ജീവിതത്തിലെ അടുത്ത വഴിത്തിരിവുണ്ടാവുന്നത്. അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരിൽ ഇടതു പാർട്ടികൾ  കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച ദുർഘട സന്ധി. അന്ന് പ്രതിസന്ധി ഘട്ടത്തിൽ നിന്ന് പുറത്തുകടക്കാൻ സോണിയാ ഗാന്ധി ആശ്രയിച്ചത് അമർസിംഗിനെ ആയിരുന്നു. "സോണിയയുമായി എനിക്ക് സൗഹൃദമുണ്ട് എന്ന് ഞാൻ അവകാശപ്പെടുന്നില്ല. എന്നാൽ ഞങ്ങൾ സുഹൃത്തുക്കളല്ല എന്ന് പറഞ്ഞാലും ശരിയായെന്നു വരില്ല. ഞങ്ങൾ ശത്രുക്കളാണെന്നു പറഞ്ഞാൽ അത് ഒട്ടും ശരിയാവില്ല." 2008 ജൂലൈ നാലിന് അമർ സിംഗ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. അന്ന് തങ്ങളുടെ 39 അംഗങ്ങളുടെയും പിന്തുണ നൽകി യുപിഎ സർക്കാരിനെ താങ്ങിനിർത്താൻ സമാജ് വാദി പാർട്ടി തയ്യാറായി. 

 

 

വയസ്സ് നാല്പത്തഞ്ചായപ്പോഴേക്കും അമർ സിങ്ങിനുണ്ടായ അടുത്ത സൗഹൃദങ്ങളുടെ എണ്ണമെടുത്താൽ ആർക്കും അസൂയതോന്നിപ്പോകും. അമിതാഭ് ബച്ചൻ, കേതൻ പാരീഖ്, സഹാറാ ശ്രീ, ശോഭന ഭർതിയ, ചന്ദ്രശേഖർ, അംബാനി, മാധവറാവു സിന്ധ്യ, ബിർള തുടങ്ങി പലരുടെയും ആത്മമിത്രമെന്ന സ്റ്റാറ്റസിലേക്ക് അമർ സിംഗ് ഉയർന്നിട്ടുണ്ടായിരുന്നു. അമിതാഭ് ബച്ചന്റെ ജൂഹുവിലെ വീട്ടിൽ അമർ സിങിന് ചെല്ലുമ്പോൾ താമസിക്കാൻ ഒരു മുറി തന്നെ ഒഴിച്ചിട്ടിട്ടുണ്ടായിരുന്നു. മുംബൈയിലെത്തിയാൽ എവിടെപ്പോകുന്നതും ബച്ചന്റെ വണ്ടിയിൽ തന്നെ. അമിതാഭ് ബച്ചൻ കഴിഞ്ഞ പത്തുവർഷത്തെ മൗഢ്യം വെടിഞ്ഞ് കോൻ ബനേഗാ ക്രോർപതി ഒക്കെ ഹിറ്റായ ശേഷം വീണ്ടും വെള്ളിത്തിരയിലെ ശുഭ്രാതാരമായി തിരിച്ചു വരവ് നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. അക്കാലത്ത് അമിതാഭ് ബച്ചനെ സാമ്പത്തിക വിഷയങ്ങളിൽ വേണ്ട ഉപദേശങ്ങൾ നൽകി സഹായിച്ചു കൊണ്ടിരുന്നത് അമർസിങ്ങായിരുന്നു എന്നാണ് പറയപ്പെട്ടിരുന്നത്. പൊതുജനത്തിന്റെ കണ്ണിൽ ഇരുവരും ഏകോദര സഹോദരങ്ങളെപ്പോലെ ആയിരുന്നു അന്നൊക്കെ.

 

 

അന്ന് മണിശങ്കർ അയ്യർ പറഞ്ഞത് ഇങ്ങനെ, "അമർ സിങിനെ നോക്കൂ. അയാൾ അമിതാഭും അല്ല ഋത്വിക് റോഷനുമല്ല. ഓക്‌ഫോർഡ് ഡിഗ്രിയുമില്ല ഒന്നുമില്ല ഇയാളുടെ കയ്യിൽ. എന്നിട്ടും ഇതെന്തൊരു കോൺഫിഡൻസ് ആണിയാൾക്ക്. ഇതിനും മാത്രം കോൺഫിഡൻസ് ഇതെവിടുന്ന് കിട്ടുന്നു അമർ സിങിന്?" 

2008 മുതൽ വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു. സർക്കാർ നിലനിർത്താൻ വേണ്ടി പണമൊഴുക്കി എന്നൊരു പരാതി വന്നു. ബിജെപിയുടെ മൂന്ന് എംപിമാർ, അശോക് അർഗൽ, മഹാവീർ ഭഗോരാ, ഫഗ്ഗൻ സിംഗ് എന്നിവർ നോട്ടുകെട്ടുകൾ എടുത്ത് വീശിക്കൊണ്ട് പാർലമെന്റിലെത്തി. ഫോട്ടോ എടുത്തു. അമർ സിംഗാണ് പണമിറക്കി എംപിമാരെ വാങ്ങാൻ ശ്രമിച്ചത് എന്ന ആരോപണം ശക്തമായി.

 

അതിനു ശേഷം അമർസിംഗിന്റെ മറ്റൊരു സംസാരത്തിന്റെ ടേപ്പ് കൂടി പുറത്തുവന്നു. അതിൽ അദ്ദേഹം ഒരു ജഡ്ജിക്ക് കൈക്കൂലി നൽകാൻ ശ്രമിക്കുന്നതിന്റെ വിവരങ്ങളാണ് ഉണ്ടായിരുന്നത്. അതിനു ശേഷം അമർ സിങിനെ ബോളിവുഡിലെ ഒരു ഗ്ലാമർ അഭിനേത്രിയുമായ ബന്ധപ്പെടുത്തുന്ന ഒരു സെക്സ് ചാറ്റ് ഓഡിയോ ടേപ്പ് കൂടി പുറത്തുവന്നു. ഇങ്ങനെയുള്ള ടേപ്പുകൾ വരുമ്പോഴൊക്കെ അവ വ്യാജമാണ് എന്ന ഒരൊറ്റ പ്രതിരോധമാണ് അമർസിംഗ് എടുത്തിരുന്നത്. അതിനു ശേഷം ബാറ്റ്‌ലാ ഹൗസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട പൊലീസ് ഓഫീസറുടെ കുടുംബത്തിന് നൽകിയ ചെക്ക് ബൗൺസ് ആയപ്പോഴും അദ്ദേഹം വിവാദങ്ങളിൽ പെട്ടു.

 

 

നിരവധി വിവാദങ്ങൾക്കൊടുവിൽ, അമർ സിങ്ങും അദ്ദേഹത്തിന്റെ അടുത്ത അനുയായി നടി ജയപ്രദയും 2011 ഫെബ്രുവരിയിൽ സമാജ്‌വാദി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുന്നു. 2011 -ൽ തന്നെ രാഷ്ട്രീയ ലോക് മഞ്ച് എന്ന പേരിൽ ഒരു പാർട്ടിയുണ്ടാക്കിയ അമർ സിംഗ് 2012 -ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒട്ടുമിക്ക മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർത്ഥികളെ നിർത്തി. ഒരൊറ്റ സീറ്റുപോലും കിട്ടാതെ അമർ സിങിന്റെ പാർട്ടി ആ തെരഞ്ഞെടുപ്പിൽ തോറ്റു തൊപ്പിയിട്ടു. 2014 പൊതു തെരഞ്ഞെടുപ്പിൽ അമർ സിംഗ് യുപിയിലെ ഫത്തേപ്പൂർ സിക്രിയിൽ നിന്ന് തെരഞ്ഞെടുപ്പിൽ നിന്നെങ്കിലും പരാജയം രുചിക്കേണ്ടി വന്നു. 2013 മുതൽ അമർ സിങിനെ അലട്ടിയ വൃക്കരോഗം താമസിയാതെ അദ്ദേഹത്തിന്റെ ആരോഗ്യത്തെ താറുമാറാക്കി. ആദ്യം ദുബായിലും, പിന്നീട് സിംഗപ്പൂരിലും ചികിത്സ തേടിയെങ്കിലും ആരോഗ്യം പിന്നീട് പുരോഗമിച്ചതേയില്ല. 2016 -ൽ ഉത്തർപ്രദേശിൽ നിന്ന് സമാജ് വാദി പാർട്ടി തന്നെ അദ്ദേഹത്തെ സ്വതന്ത്രനായി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. 

 

 

2013 മുതൽ അലട്ടിക്കൊണ്ടിരുന്ന വൃക്കരോഗത്തിന്റെ ചികിത്സക്കായി, കഴിഞ്ഞ കുറെ നാളായി സിംഗപ്പൂരിൽ ചികിത്സയിലായിരുന്ന അമർസിംഗിന്റെ ആരോഗ്യം കഴിഞ്ഞ ദിവസങ്ങളിൽ വളരെ മോശമായിട്ടുണ്ടായിരുന്നു. സിംഗപ്പൂരിൽ വെച്ചുതന്നെയാണ് അമർസിംഗിന്റെ മരണം സംഭവിച്ചത്.