രാജ്യം കൊവിഡ് 19 മഹാമാരിയുടെ ഭീതിയിൽ അമർന്ന വേളയിൽ സുപ്രസിദ്ധ ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ ട്വിറ്ററിൽ ഒരു വീഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. 

"ഇവിടെ കുറച്ചു നാളായി കൊറോണയുടെ ഭീതിയിലാണ് സകലരും എന്നറിയാം. എല്ലാവരും ആകെ ഭയന്നിരിക്കുകയാണ്. ആകെ ആശങ്കയിലാണ് നാട്. ഇന്ന് രാവിലെ എനിക്കും തോന്നി, ഞാനും വല്ലതുമൊക്കെ കൊറോണയെപ്പറ്റി പറയേണ്ടതുണ്ട് എന്ന്. അങ്ങനെ ഇരുന്നപ്പോഴാണ് നാലുവരി കവിത എനിക്ക് തോന്നിയത്. അത് ഞാൻ നിങ്ങൾക്കായി പങ്കുവെക്കട്ടെ. എന്തെങ്കിലും അവിവേകമുണ്ടെങ്കിൽ ക്ഷമിക്കുക. 

    ''ഈ മരുന്നാണ്, ചികിത്സയിതാണ്
    കൊറോണക്കെന്നെന്നോട്
    ചൊല്ലുന്നു മാനുഷരെന്നും.
    ഏതു കേൾക്കേണം ഞാൻ, 
    ഏതിനെ തള്ളണം?
    അമ്പരപ്പേറുകയല്ലോ!

    നെല്ലിക്കാനീര് കുടിക്കണമെന്നവൻ 
    വെള്ളുള്ളിതന്നെയിതിനു ബെസ്റ്റെന്നിവൻ
    മിണ്ടാതനങ്ങാതെ വീട്ടിലിരിക്കുകിൽ
    താനേ ശമിച്ചോളുമെന്നായി മറ്റവൻ.! 
    ഒന്നുമേവേണ്ട, കൈ സോപ്പിൽ കഴുകിയി-
    ട്ടാരേം തൊടാതിരിയെന്നു വേറേ ചിലർ.

   അവനാപ്പറഞ്ഞതും ഇവനീപ്പറഞ്ഞതും 
   ഒക്കെയും കേൾക്കുവാൻ ഞാനെപ്പൊഴേ തയ്യാർ!
    
   ഈ വഴിയെങ്ങാൻ കൊറോണ വന്നെ-
  ത്തിയാൽ നല്‍കും, നടുവിരലാലൊരു 
  നല്ലനമസ്കാരമിന്നു ഞാൻ!  "
  


തന്റെ തന്നെ ഈർ ബിർ ഫട്ടെ എന്ന പഴയൊരു ഗാനത്തിന്റെ വരികളുടെ പാരഡിയായിട്ടാണ് അവധി ഭാഷയില്‍ ഈ വരികൾ ബച്ചൻ എഴുതിയത്.