നാളെ ലോക ആന ദിനമാണ്. കാട്ടാനകളുടെ മദ്യശാല എന്നറിയപ്പെടുന്ന കേരളത്തിലെ ആനക്കുളത്തിന്റെ കഥകള്‍. വന്യജീവി ഫോട്ടോഗ്രാഫര്‍ ബിജു കാരക്കോണം എഴുതുന്നു
മലയാളികള്‍ക്ക് ആന ഒരു വികാരമാണ്. ആവേശം, അതിനുപരി കൗതുകം. എന്നെ സംബന്ധിച്ചിടത്തോളം കുട്ടികാലത്തും ഇന്നും അങ്ങനെ തന്നെയാണ്. ക്ഷേത്രങ്ങളില്‍ നിന്നും ഉത്സവകാലത്തു പറയെടുക്കാന്‍ വരുന്ന ചടങ്ങുകള്‍ എന്റെ നാട്ടിന്‍പുറത്തും ഉണ്ടായിരുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ പുറത്ത്, തന്നെ സ്ഥിരമായി വന്നുകാണുന്ന ഭക്തജനങ്ങളുടെ ഭവനങ്ങളിലേക്കു വര്‍ഷത്തില്‍ ഒരിക്കല്‍ ഈശ്വരന്‍ നേരിട്ട് ചെല്ലുന്ന ഗ്രാമീണ കാഴ്ചകള്‍. പാടവരമ്പിലൂടെയുള്ള ആനയുടെ വരവും അതിന് പുറകെ വാദ്യ മേളക്കാരോടൊപ്പം അന്നാട്ടിലെ കുട്ടിക്കൂട്ടങ്ങളുടെ അകമ്പടിയും.
ഉത്സവങ്ങള്‍ക്ക് വരുന്ന ആനകളെ ആയിരുന്നു കുട്ടിക്കാലത്ത് കണ്ടിരുന്നത്. കുറച്ചു വളര്‍ന്നപ്പോള്‍ സുഹൃത്തുക്കളുമായി യാത്രകള്‍ ചെയ്തു തുടങ്ങിയപ്പോള്‍ ഒരിക്കല്‍ ഗുരുവായൂര്‍ ആനക്കൊട്ടിലില്‍ പോയി. ആനകളെ അടുത്തു കാണുന്നതും തൊട്ടുനോക്കുന്നതും അവിടെ വച്ചായിരുന്നു. ആദ്യമായി ആനയുടെ ഫോട്ടോ എടുക്കുന്നതും അവിടെ വച്ച് ഒരു ഓട്ടോ ഫോക്കസ് ക്യാമറയില്‍ ആയിരുന്നു. പിന്നീട് പല യാത്രകള്‍, പല കാടുകള്‍, നാടുകള്‍. ആനകളെ തേടി ഒരുപാട് അലഞ്ഞു നടന്നു. പകലുകള്‍ രാത്രികള്‍ ആനകളെ കാണാന്‍ കറങ്ങി.
തേക്കടിയില്‍ നിന്നും കുമളി മൂഴിയാര്‍ വഴി വണ്ടിപ്പെരിയാര്‍ വന്നുചേരുന്ന പൊന്നമ്പലമേടിന് സമീപത്തുകൂടി പോകുന്ന കാനന പാതയിലൂടെ ആദ്യമായി നടത്തിയ ബൈക്ക് യാത്രയില്‍ വഴിനീളെ കണ്ടത് ആനപിണ്ടവും ആനച്ചൂരുമായിരുന്നു. അന്നവിടെ വഴിയരുകില്‍ കണ്ടുമുട്ടിയ ഒരു മനുഷ്യന്‍ ഞങ്ങള്‍ എത്തുന്നതിനു തൊട്ടുമുന്നെ കടന്നുപോയ ആനക്കൂട്ടത്തെ കാണിച്ചുതന്നതും മറക്കാന്‍ കഴിയില്ല. കുറച്ചകലെ മരങ്ങള്‍ക്കു ഇടയില്‍ നിന്ന ആനയുടെ മുതുക് മാത്രമേ മരങ്ങള്‍ക്കിടയിലൂടെ ഓട്ടോഫോക്കസ് ക്യാമറയില്‍ പതിഞ്ഞുള്ളു. പച്ചിലകള്‍ക്കിടയില്‍ ചെമ്മണ്ണിന്റെ നിറമുള്ള രണ്ടു മൂന്നു പൊട്ടുകള്‍ പോലെയുള്ള ആനച്ചിത്രം. പ്രിന്റ് അടിച്ച ഫോട്ടോ കാണിച്ചു അതില്‍ ആനയെ കണ്ടുപിടിക്കുന്നവര്‍ക്കു സമ്മാനം തരാമെന്നു തമാശ പറഞ്ഞു സുഹൃത്തുക്കള്‍ കളിയാക്കി.
ആനകള്‍ തൊട്ടരികെ
അതിനു ശേഷം ആദ്യമായി കാട്ടിനുള്ളില്‍ ആനയെ അടുത്ത് കണ്ടത് തമിഴ്നാട്ടിലെ പന്തല്ലൂര്‍ യാത്രയില്‍ ആയിരുന്നു. അന്ന് കൂടെ ഉണ്ടായിരുന്ന ഒരു സുഹൃത്ത് കാട്ടിലൂടെ നടന്നുവരുന്നതിനിടെ തൊട്ടുമുന്നില്‍ മൂന്നു ആനകളെ കണ്ടു. അവന്‍ പേടിച്ചുവിറച്ച് ആന എന്ന് വിളിച്ചുകൊണ്ട് ഓടി. വിറച്ചുകൊണ്ടാണ് അന്നാ ആനകളുടെ ചിത്രം പകര്‍ത്തിയത്.
കൂട്ടത്തോടെ ആനകളെ ആദ്യമായി കാണുന്നത് നെയ്യാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ ആനനിരത്തി എന്ന സ്ഥലത്തു വച്ചാണ്. തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതവും നെയ്യാര്‍ വന്യജീവി സങ്കേതവും അതിര്‍ത്തി പങ്കെടുന്ന സ്ഥലം. നെയ്യാര്‍ വന്യജീവി സങ്കേതത്തിനെ കുറിച്ച് വനം വകുപ്പിനു വേണ്ടി ഒരു ഡോക്യുമെന്ററി ഷൂട്ട് ചെയ്യാനായിരുന്നു അവിടം സന്ദര്‍ശിച്ചത്. കേരളത്തിന്റെ ഭാഗം നിബിഡമായ വനവും തമിഴ്‌നാടിന്റെ ഭാഗം റബ്ബര്‍ പ്ലാന്റേഷനും ആയി അതിര്‍ത്തി പങ്കിടുന്നു. അന്നവിടെ ഇരുപതോളവും ആനകളെ കാണാന്‍ സാധിച്ചു. അന്ന് ആ കൂട്ടത്തില്‍ അവിടെ സ്ഥിരമായി കാണാറുള്ള ചുള്ളിക്കൊമ്പന്‍ എന്നൊരു ഒറ്റയാനും ഉണ്ടായിരുന്നു. റബ്ബര്‍ തോട്ടത്തിന് ഇടയില്‍ വച്ചാണ് ഇവയുടെ കൂട്ടത്തെ കണ്ടത്.
കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിവസം അവിടത്തെ ഒരു വാച്ചര്‍ എന്നെ വിളിച്ചു. ആനകളുടെ വലിയ ഒരു കൂട്ടം എത്തിയിട്ടുണ്ടെന്നും ഇന്നോ നാളെയോ വന്നാല്‍ കാണാന്‍ സാധിക്കുമെന്നും പറഞ്ഞു. ഞാന്‍ വൈല്‍ഡ്ലൈഫ് വാര്‍ഡന്റെ അനുവാദം വാങ്ങി രണ്ടു ദിവസം കഴിഞ്ഞ് അങ്ങോട്ട് പോയി. അതിനു രണ്ടു ദിവസം മുന്‍പ് തമിഴ്‌നാടിന്റെ റബ്ബര്‍ തോട്ടത്തില്‍ റബ്ബര്‍ പാലെടുക്കാന്‍ വന്ന ഒരു സ്ത്രീയെ ആന ചവുട്ടി കൊന്നു. അടുത്തദിവസം തമിഴ്‌നാട്ടിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും തൊഴിലാളികളും കൂടെ പടക്കം എറിയുകയും തകര പാട്ട കൊട്ടി ശബ്ദമുണ്ടാകുകയും ചെയ്ത് ആനകളെ തുരത്തി ഓടിച്ചു. നൂറോളം വരുന്ന ആ കൂട്ടം ചിന്നി ചിതറി പോയി. ഞാന്‍ അവിടെ പോയപ്പോള്‍ ആനകള്‍ എല്ലാം പലവഴി ചിതറി പോയിരുന്നു. പിന്നീട് കുറേകാലം അവിടെ കൂട്ടത്തോടെ ആനകളെ കണ്ടിട്ടില്ലെന്ന് വാച്ചര്‍മാര്‍ പറഞ്ഞു.
മദപ്പാടിന്റെ യാഥാര്‍ത്ഥ്യം
ഒറ്റയാന്‍മാര്‍ സാധാരണ ആനക്കൂട്ടത്തില്‍ കൂടാറില്ല. പക്ഷെ ഞാന്‍ ആദ്യം പോയപ്പോള്‍ കണ്ട ഒറ്റയാന്‍ ആന കൂട്ടത്തിന്റെ കൂടെയായിരുന്നു. അത് ഇണചേരുന്ന സമയം ആയതിനാല്‍ ആവാമെന്ന് കൂടെയുണ്ടായിരുന്ന ഒരു മുതിര്‍ന്ന വാച്ചര്‍ പറഞ്ഞിരുന്നു. സ്വാഭാവിക ഇണചേരലിനു അവസരം ലഭിക്കാതെ വരുമ്പോള്‍ ആണ് ആനകള്‍ക്ക് മദപ്പാട് ഉണ്ടാകുന്നതെന്നും അറിയാന്‍ കഴിഞ്ഞു. ആഫ്രിക്കന്‍ ആനകളിലും ഏഷ്യന്‍ ആനകളിലെ കൊമ്പനിലും കണ്ടുവരുന്ന പ്രത്യേക ശാരീരികപ്രക്രിയയാണ് മദം. ചെവിക്കും കണ്ണിനും മദ്ധ്യേ തൊലിക്കടിയില്‍ സ്ഥിതിചെയ്യുന്ന മദഗ്രന്ഥി വീര്‍ത്തു വലുതാകുകയും എണ്ണപോലെ കൊഴുത്ത ഒരു ദ്രാവകം (മദജലം) കവിളിലുടെ ഒഴുകിവരുന്നതും മദപ്പാടിന്റെ ലക്ഷണങ്ങളാണ്. ആനകളെ ഇണചേരാന്‍ അനുവദിക്കാതിരിക്കുക, അവയോടുള്ള ക്രൂരത എന്നിവ മദമിളകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
കാമ്പനാനകളുടെ ഈ മദപ്പാടിന്റെ മണം പെണ്ണാനകള്‍ക്ക് മൈലുകള്‍ക്കപ്പുറം നിന്നേ പിടിച്ചെടുക്കാന്‍ കഴിവുണ്ട്. കാട്ടിലെ ആനക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നത് കൂട്ടത്തിലുള്ള മുതിര്‍ന്ന പെണ്ണാനയാണ്. ഇരുപത് കഴിഞ്ഞ കൊമ്പന്മാരാണ് മദപ്പാട് തുടങ്ങുന്നത്. പുരുഷഹോര്‍മോണായ ടെസ്റ്റസ്റ്റെറോണ്‍ മദസ്രവത്തില്‍ 60-70 മടങ്ങ് കൂടിയിരിക്കും. ഏകദേശം 16 മുതല്‍ 18 വയസ്സുവരെ വളരെ സൗമ്യമായ മദപ്പാടാണു പ്രത്യക്ഷപ്പെടുക. 22 വയസ്സില്‍ രൂക്ഷമായ മദം ഉണ്ടായിത്തുടങ്ങും. പിന്നീട് പ്രായമാകുന്നതോടൊപ്പം വര്‍ഷം തോറും മദപ്പാട് പ്രത്യക്ഷപ്പെട്ടു തുടങ്ങും. 30-40 വയസ്സുകാലത്ത് മദപ്പാട് സാധാരണയാണ് . ഈ സമയത്ത് ആനയുടെ പെരുമാറ്റങ്ങളില്‍ സാരമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങും. തന്റേടവും കൂസലില്ലായ്മയും ഒരു റൗഡി പ്രതിച്ഛായ നല്‍കും. ആനകള്‍ക്ക് അവിചാരിതമായി മദം പൊട്ടാറില്ല. ആനകളെ പരിപാലിക്കുന്നവര്‍ മദപ്പാട് കാണുന്ന സമയത്തു് അവയെകൊണ്ട് പണിയെടുപ്പിക്കുന്നതാണ് പല ദുരന്തങ്ങള്‍ക്കും കാരണമാകുന്നത്.
ഏഷ്യയിലെ 60 ശതമാനം ആനകളും ഇന്ത്യയിലാണ് അധിവസിക്കുന്നത്. ഏകദേശം അമ്പതിനായിരത്തോളം ഏഷ്യന്‍ ആനകള്‍ ആണ് ഭൂമിയില്‍ അവശേഷിക്കുന്നത് അതില്‍ മുപ്പത്തിനായിരത്തില്‍ താഴെ ആനകള്‍ മാത്രമാണ് പതിനാറോളം സംസ്ഥാനങ്ങളിലെ വനങ്ങളില്‍ ഇന്ന് അവശേഷിക്കുന്നുള്ളൂ എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതില്‍ തന്നെ വെറും ആയിരത്തി ഇരുന്നൂറോളം കൊമ്പന്‍മാര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നത് ഭയാനകമായ യാഥാര്‍ഥ്യമാണ്.

Photo: Biju karakkonam
ആനക്കുളം: ആനകളുടെ മദ്യശാല
ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും 1992 ഫെബ്രുവരിയില്‍ ആരംഭിച്ച ഒരു കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് പ്രോജക്ട് എലിഫന്റ്. ഈ പദ്ധതിയിലൂടെ ആനകളുടെയും അവയുടെ ആവാസ വ്യവസ്ഥകളുടെയും ആന ഇടനാഴികളുടെയും സംരക്ഷണം, ആനകളും മനുഷ്യരുമായുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിനും തടയുന്നതിനുമായി സെന്‍സസ്, ഫീല്‍ഡ് ഉദ്യോഗസ്ഥ പരിശീലനം , വേട്ടക്കാരില്‍ നിന്നും ആനകളുടെ സംരക്ഷണം ഉറപ്പാക്കുക, ആനക്കൊമ്പ് അനധികൃത കച്ചവടം തടയുക, ആനകളുടെ സംരക്ഷണത്തിനായി ശാസ്ത്രീയവും ആസൂത്രിതവുമായ മാനേജ്മെന്റ് തന്ത്രങ്ങള്‍ വികസിപ്പിക്കുക എന്നിവ നടത്തുന്നു. അരുണാചല്‍ പ്രദേശ്, അസം, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ് ജാര്‍ഖണ്ഡ്, കേരളം, കര്‍ണാടക, മേഘാലയ, മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ഒറീസ്സ, തമിഴ്നാട്, ഉത്തരാഞ്ചല്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ആണ് ഈ ആന സംരക്ഷണ രീതി കൂടുതലായി നടപ്പിലാക്കുന്നത്.
ആനകളുടെ കേരളത്തിലെ പ്രധാന സഞ്ചാര പാതയാണ് ഇടുക്കി ജില്ലയിലെ മാങ്കുളത്തിനു അടുത്തുള്ള ആനക്കുളം. പ്രകൃതിയും മനുഷ്യനുമായുള്ള അടുപ്പം നേരിട്ടു കാണാന്‍ സാധിക്കുന്ന ഒരു സ്ഥലമാണിത്. ഗ്രാമത്തിലേക്കു എത്തിച്ചേരുന്ന റോഡിനു സമീപമാണ് ആനകള്‍ സ്ഥിരമായി വെള്ളം കുടിക്കാന്‍ എത്തിച്ചേരുന്ന അരുവി ഒഴുകുന്നത്. റോഡിനു ഒരുവശം കുറച്ചു കടകളും റോഡിനു മറുവശം കാടുമാണ്. കുട്ടമ്പുഴ ഫോറസ്റ് ഡിവിഷനില്‍ വരുന്ന സ്ഥലമാണ് ഇവിടം. ആനക്കുളം ഗ്രാമം മാങ്കുളം ഫോറസ്റ്റ് ഡിവിഷനില്‍ വരുന്ന സ്ഥലവും.
റോഡില്‍ നിന്നും താഴെ ഇറങ്ങിയാല്‍ ഒരു വോളിബാള്‍ മൈതാനമുണ്ട് അവിടെ വൈകുന്നേരമാകുമ്പോള്‍ നാട്ടുകാര്‍ വോളിബാള്‍ കളിക്കാറുണ്ട്. ആനകള്‍ ഇറങ്ങിവരുന്നത് കാണുമ്പോള്‍ അവരെല്ലാം റോഡിലോട്ടു കയറി ആനകള്‍ വെള്ളംകുടിക്കുന്നതു നോക്കി ഇരിക്കാറുണ്ട്. ആനകള്‍ പുഴയിലേക്ക് ഇറങ്ങുന്നതിനു മുന്നേ മരങ്ങള്‍ക്കു ഇടയില്‍ നിന്നും ശബ്ദമുണ്ടാക്കി നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് കൊടുക്കും. കൂട്ടത്തോടെ വരുന്ന ആനക്കൂട്ടത്തില്‍നിന്നും ഒന്നോരണ്ടോ ആനകള്‍ ആദ്യം ഇറങ്ങിവന്നു പരിസരം നിരീക്ഷിക്കും. പിന്നെ മറ്റുള്ള ആനകള്‍ പുഴയിലേക്ക് ഇറങ്ങും.
ആനക്കുളത്തു മാത്രം പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു അപൂര്‍വ പ്രതിഭാസമുണ്ട്. ആ പുഴയുടെ കുറച്ചു ഭാഗത്തു ഭൂമിയുടെ അടിയില്‍നിന്നും ഒരു വാതകം കുമിളകളായി പുറത്തേയ്ക്കുവരുന്നതായി പറയുന്നു. ഈ വാതകം ജലവുമായി ചേരുമ്പോള്‍ ആ വെള്ളത്തിന് ആനകള്‍ക്കിഷ്ടമാവുന്ന എന്തോ പ്രത്യേക രുചി ഉണ്ടാവുന്നതായാണ് പറയുന്നത്. പല ഏജന്‍സികളും ഇവിടെ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു കൊണ്ടുപോയി നോക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ആധികാരികമായ ഒരു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു കണ്ടിട്ടില്ല. നാട്ടുകാര്‍ പറയുന്നത് ആനകള്‍ക്ക് ആ വെള്ളം കുടിക്കുമ്പോള്‍ ഒരുതരം മത്ത് അനുഭവപ്പെടുന്നു എന്നാണ്. ആനകളുടെ ബിവറേജസ് ഔട്ട്ലറ്റ് എന്നാണ് നാട്ടുകാര്‍ ഈ സ്ഥലത്തിന് തമാശയായി പറയുന്ന പേര്. അതുകൊണ്ട് ഈ വെള്ളം കുടിക്കാന്‍ വേനല്‍ക്കാലത്തു മിക്കവാറും ദിവസങ്ങളില്‍ ആനകള്‍ ഒറ്റക്കും കൂട്ടമായും ഇവിടെ എത്തി ചേരുന്നു.
ഈ വെള്ളത്തില്‍ ആനകള്‍ കുളിക്കാറില്ല. സാധാരണ ആനകള്‍ വെള്ളം കണ്ടാല്‍ നന്നായി കുളിക്കാറുണ്ട്. ഇവിടെ മിക്കവാറും വൈകുന്നേരങ്ങളില്‍ ആണ് ആനകള്‍ വെള്ളംകുടിക്കാന്‍ വരുന്നത്. വൈകിട്ട് വരുന്ന ആനക്കൂട്ടം മിക്കവാറും രാത്രി മുഴുവനും വെള്ളംകുടിച്ചിട്ടു പുലര്‍ച്ചെ മാത്രമാണ് കാടുകയറുന്നത്. വളരെ അപൂര്‍വമായി മാത്രമേ രാവിലെ ആനകളെ ഇവിടെ കാണാന്‍ കഴിയാറുള്ളു. ഒരേ ആനകള്‍ അല്ല, ഓരോ പ്രാവശ്യവും വേറെ കൂട്ടങ്ങളാണ് വരുന്നത്. ഒരു കൂട്ടം വെള്ളം കുടിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ മറ്റൊരു കൂട്ടം വന്നാല്‍ അവര്‍ ആദ്യത്തെ കൂട്ടര്‍ കുടിച്ചു കഴിയുന്നതുവരെ കാട്ടിനുള്ളില്‍ നിലയുറപ്പിക്കും. ആദ്യത്തെ കൂട്ടത്തിനേക്കാള്‍ കൈയൂക്ക് കൂടിയ കൂട്ടം ആണെങ്കില്‍ ഇവര്‍ കുറച്ചു വെള്ളം കുടിച്ചിട്ട് മാറിക്കൊടുക്കും. ്.
പത്തും ഇരുപതും ആനകള്‍ ഉള്ള ഗ്രൂപ്പുകള്‍ വരുമ്പോള്‍ അവരുടെ പ്രവൃത്തികള്‍ കണ്ടുനില്‍ക്കാന്‍ വളരെ രസമാണ്. കൂട്ടത്തില്‍ കൈയൂക്കുള്ളവര്‍ തമ്മിലുള്ള തല്ലുകൂടലും കുട്ടിക്കുറുമ്പന്മാരുടെ കുസൃതിയുമൊക്കെ കണ്ടുനില്‍ക്കുക മനോഹരമാണ്. കാട്ടാനകളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം പതിവായ കാലത്ത് ആനയും മനുഷ്യനും തമ്മില്‍ ഇണങ്ങി ജീവിക്കുന്ന ഇടമാണിത്. കരയിലെ ഏറ്റവും വലിയ ജീവിയായ ആനകളെ നേരിട്ടു കാണാനും അവരുടെ പ്രവൃത്തികള്‍ കണ്ടാസ്വദിക്കാനും പ്രകൃതി ഒരുക്കിയിരിക്കുന്ന വേറിട്ട ഒരിടമാണ് ആനക്കുളം.
