രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തെ കുറിച്ച് രാജ്യത്തെ പരമോന്നത നീതിപീഠം കഴിഞ്ഞ നവംബറില്‍ നടത്തിയ നിരീക്ഷണവും ഉന്നയിച്ച വിമര്‍ശനങ്ങളും ഇന്നും, ഒരു കൊല്ലത്തിനിപ്പുറവും പ്രസക്തമാണെന്നാണ് പോയവാരം പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ദീപാവലി ആഘോഷത്തേക്കാള്‍ വലിയ ക്ഷീണത്തിലാണ് ദില്ലി ഇപ്പോള്‍. ശീതകാലം പടിവാതിക്കല്‍ എത്തിനില്‍ക്കുന്നു. തണുപ്പിന്റെ നാളുകളില്‍ അയല്‍സംസ്ഥാനങ്ങളില്‍ വൈക്കോല്‍കൂനകള്‍ കത്തിയമരില്ലെന്ന ഉറപ്പ് ദില്ലി നിവാസികള്‍ക്കില്ല.

രാജ്യതലസ്ഥാനമായ ദില്ലി കിതച്ചു തുടങ്ങിയിരിക്കുന്നു. വായുമലിനീകരണം അപകടകരമായ തോതില്‍ എത്തിയിരിക്കുന്നു. ദീപാവലി ആഘോഷം അതിന് മേമ്പൊടിയും ചാര്‍ത്തിയിരിക്കുന്നു. ഇനി ശീതകാലത്തിന്റെ തണുത്ത ദിനരാത്രങ്ങള്‍ സമ്മാനിക്കുന്ന തലവേദനകള്‍ കൂടിയാവുമ്പോള്‍ ദില്ലിയുടെ കിതപ്പിന്റെ കാഠിന്യം കൂടും. അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ കാര്‍ഷിക മാലിന്യങ്ങളും വൈക്കോല്‍ കൂനകളും അഗ്‌നിക്കിരയായി തുടങ്ങുമ്പോള്‍ ആ കിതപ്പ് ശ്വാസംമുട്ടലാവും. ദില്ലി പുകമറക്കുള്ളിലെ അവ്യക്തചിത്രമായി മാറും. 

ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പ്രശ്‌നവും പരിഹാരവും ഇടപെടലുമെല്ലാം ഓരോ കാലത്തും നടക്കും. പാതി വഴിയില്‍ നില്‍ക്കും. കാര്യങ്ങള്‍ പഴയ പോലെയാകും. പിന്നെയും ചക്രം ഉരുളും. കഴിഞ്ഞ വര്‍ഷം സ്ഥിതി അതീവഗുരുതരമായപ്പോള്‍ സുപ്രീംകോടതി സ്വമേധയാ ഇടപെട്ടിരുന്നു. 2021 നവംബറില്‍ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഇനി പറയുന്നത്:

1. വൈക്കോല്‍ക്കൂനകള്‍ കത്തിക്കരുതെന്ന് കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ പലകുറി പറഞ്ഞിട്ടും സംസ്ഥാനങ്ങള്‍ കേള്‍ക്കാത്തത് എന്താണ് ? ഒരു നടപടിയുമെടുക്കാത്തത് എന്തുകൊണ്ടാണ് ? കര്‍ഷകരെ ശിക്ഷിക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ല.

2. കര്‍ഷകരുടെ അവസ്ഥ നോക്കൂ. അവര്‍ക്ക് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ് ? അവരുടെ ഗതികേടിനെ പറ്റി ആര്‍ക്കെങ്കിലും എന്തെങ്കിലും ആലോചനയുണ്ടോ? 

3. ദില്ലിയിലെ ആഡംബര നക്ഷത്രഹോട്ടലുകളിലിരുന്ന് കുറേപ്പേര്‍ കര്‍ഷകരെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുകയാണ്. അതിന് വലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ. കുറച്ചുഭൂമിയുമായി പെടാപാട് പെടുന്ന കര്‍ഷകര്‍ നിങ്ങളീ പറയുന്ന വലിയ യന്ത്രങ്ങളൊക്കെ എങ്ങനെ വാങ്ങുമെന്നാണ് നിങ്ങള്‍ കരുതുന്നത്?

4. എന്തെങ്കിലും ഒരു പ്രശ്‌നം എടുത്തുകാട്ടണം. ഞങ്ങളുടെ നിരീക്ഷണത്തില്‍ അത് വരുത്തണം. എന്നിട്ടത് വിവാദമാക്കണം. അതിന് പിന്നാലെ അങ്ങോട്ടും ഇങ്ങോട്ടും ആരോപണവും പ്രത്യാരോപണവും ഉന്നയിക്കണം. അല്ലേ?

5. ടെലിവിഷന്‍ സംവാദങ്ങളാണ് ഇന്നാട്ടില്‍ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്നത്. എല്ലാവര്‍ക്കും ഉണ്ട് അവരവരുടെ അജണ്ട. അവര്‍ക്ക് വേറെ ഒന്നും മനസ്സിലാകില്ല. മനസ്സിലാക്കണമെന്നുമില്ല.

6. ഉദ്യോഗസ്ഥവൃന്ദം മൊത്തത്തില്‍ വലിയ ആലസ്യത്തിലാണ്. കോടതി ഇടപെട്ട് എല്ലാം ചെയ്താല്‍ തരക്കേടില്ലെന്ന മട്ടിലാണവര്‍. വെള്ളം തളിക്കലും തീയണക്കലും എല്ലാം. എന്തൊരു നിര്‍ഭാഗ്യകരമായ അവസ്ഥയാണിത്.

7. ഞങ്ങളുടെ മന:സാക്ഷി വ്യക്തമാണ്. സുതാര്യവും. സമൂഹനന്മക്കാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്

8. രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം ലോകത്തിന് നല്‍കുന്ന സൂചന എന്താണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയണം 

9. കാറ്റിന്റെ ഗതി നോക്കി മലിനീകരണം കുറയുമോ കൂടുമോ എന്ന് തീരുമാനിക്കാതെ പ്രശ്‌നപരിഹാരത്തിന് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ആലോചിക്കണം

10. നിയന്ത്രണങ്ങള്‍ നടപ്പാക്കുമ്പോള്‍ തൊഴില്‍ മുടങ്ങുന്നവര്ക്ക് സര്‍ക്കാരുകള്‍ സാമ്പത്തിക സഹായം നല്‍കണം

കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്
ഡിസംബര്‍ 2021:

വായുമലിനീകരണവും കര്‍ഷകര്‍ വൈക്കോല്‍ക്കൂനകള്‍ കത്തിക്കുന്നതും നിയന്ത്രിക്കാനുള്ള നടപടികള്‍ക്ക് കര്‍മ്മസമിതിയേയും 17 ഫ്‌ളയിങ് സ്‌ക്വാഡിനെയും ചുമതലപ്പെടുത്തി. സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുവെന്ന് പ്രത്യേക സംഘങ്ങള്‍ ഉറപ്പാക്കും

ശ്വാസം മുട്ടുന്ന തലസ്ഥാനം

അതു കഴിഞ്ഞ് ഒരു വര്‍ഷമാവുന്നു. 2022 ഒക്ടോബര്‍ അവസാനവാരം പുറത്തുവന്ന വായുമലിനീകരണ തോത് സംബന്ധിച്ച കണക്കുകള്‍ നോക്കൂ. കാര്യങ്ങള്‍ കൂടുതല്‍ മോശമാവുകയാണ് എന്നാണ് ആ കണക്കുകള്‍ വ്യക്തമാക്കുന്നത്.

വായു മലിനീകരണത്തെ കുറിച്ച് പഠിച്ച് തയ്യാറാക്കുന്ന ലോക വായുഗുണനിലവാര പട്ടിക പ്രകാരം ഏഷ്യയില്‍ വായു ഏറ്റവും മലിനീകരിക്കപ്പെട്ട പത്ത് നഗരങ്ങളില്‍ എട്ടും ഇന്ത്യയിലാണ്. ഗുഡ്ഗാവ് ആണ് മോശക്കാരുടെ കൂട്ടത്തില്‍ ഒന്നാമന്‍. 679 എന്നതാണ് വായു മലിനീകരണത്തിന്റെ തോത്. പിന്നെ വരുന്നത് ഹരിയാനയിലെ റേവാരിക്ക് അടുത്തുള്ള ധാരുഹേര. (543)

(സമാധാനിക്കാന്‍ ഒരു വകുപ്പുണ്ട്. മികച്ച വായുവുള്ള പത്ത് നഗരങ്ങളില്‍ ഒന്ന് ഇന്ത്യയിലേതാണ്. ആന്ധ്രാപ്രദേശിലെ രാജാമഹേന്ദ്രവാരം) 

രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തെ കുറിച്ച് രാജ്യത്തെ പരമോന്നത നീതിപീഠം കഴിഞ്ഞ നവംബറില്‍ നടത്തിയ നിരീക്ഷണവും ഉന്നയിച്ച വിമര്‍ശനങ്ങളും ഇന്നും, ഒരു കൊല്ലത്തിനിപ്പുറവും പ്രസക്തമാണെന്നാണ് പോയവാരം പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്രം ഒരു കൊല്ലം മുമ്പ് പറഞ്ഞ നടപടികള്‍ എന്തായാലും വലിയ മെച്ചമൊന്നും വരാനിരിക്കുന്ന ശൈത്യ കാലത്തും ഉണ്ടാക്കില്ലെന്ന് ഏതാണ്ട് ഉറപ്പിക്കുന്നതാണ് പ്രസ്തുത കണക്കുകള്‍. 

ശക്തമായ നിരീക്ഷണങ്ങള്‍ ഉന്നയിച്ച ബെഞ്ചിനെ അന്ന് നയിച്ചത് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. അദ്ദേഹത്തിന് ശേഷം ജസ്റ്റിസ് യു.യു. ലളിത് ചീഫ് ജസ്റ്റിസായി. ഇനിയിപ്പോള്‍ നവംബര്‍ ഒമ്പത് മുതല്‍ ചീഫ് ജസ്റ്റിസ് കസേരയില്‍ ഉപവിഷ്ടനാകുന്ന ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഒരിക്കല്‍ കൂടി വടിയെടുക്കേണ്ടി വരും. കാരണം ദീപാവലി ആഘോഷത്തേക്കാള്‍ വലിയ ക്ഷീണത്തിലാണ് ദില്ലി ഇപ്പോള്‍. ശീതകാലം പടിവാതിക്കല്‍ എത്തിനില്‍ക്കുന്നു. തണുപ്പിന്റെ നാളുകളില്‍ അയല്‍സംസ്ഥാനങ്ങളില്‍ വൈക്കോല്‍കൂനകള്‍ കത്തിയമരില്ലെന്ന ഉറപ്പ് ദില്ലി നിവാസികള്‍ക്കില്ല. ഇവിടത്തെ പാടങ്ങളിലെ തീനാളങ്ങളാണ് അവിടെ ദില്ലിയില്‍ പുക ഉണ്ടാക്കുന്നതെന്ന് പഞ്ചാബുകാര്‍ സമ്മതിക്കുന്നുമില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭേദമായിരുന്നു ഇക്കുറി ദീപാവലി നാളിലെ മലിനീകരണമെന്ന കണക്കുകളില്‍ ആശ്വാസം കണ്ടെത്താന്‍ കഴിയില്ല. കാലാവസ്ഥയുടെ കാരുണ്യം ഇത്തിരി ഉണ്ടായിരുന്നതാണ് ആ ഭേദപ്പെടലിന് കാരണം എന്നതു കൊണ്ടാണത്. 

ശ്വാസം മുട്ടാതിരിക്കാന്‍ ഓരോരുത്തര്‍ക്കും പറ്റുന്നത് ചെയ്യാം. ( പൊതുഗതാഗതം ഉപയോഗിക്കുക, പരമാവധി സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറക്കുക, മാലിന്യങ്ങള്‍ കൂട്ടിക്കെട്ടി കത്തിക്കാതിരിക്കുക അങ്ങനെ) ആരോഗ്യം നോക്കാം. രാഷ്ട്രീയ ഉദ്യോഗസ്ഥ അധികാരത്തര്‍ക്കങ്ങളുടെ പന്തയപ്പോരിനിടെ പാവം കര്‍ഷകരെ പിടിച്ചിടാതെ വൈക്കോല്‍ക്കൂനകള്‍ കത്തിക്കുന്ന പ്രശ്‌നം കൈകാര്യം ചെയ്യുക എന്നതാണ് ഭരണാധികാരികളുടെ മുന്നിലുള്ള പ്രധാന ദൗത്യം. എന്തായാലും കാത്തിരിക്കാം. 

വാല്‍ക്കഷ്ണം: 
കൊവിഡ് നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകള്‍ ഇല്ലാതെ ദീപാവലി ആഘോഷിച്ച സന്തോഷത്തിലാണെങ്കിലും ഇടക്ക് കൊവിഡ് നല്‍കിയ ഒരു നല്ല ദീപാവലി സമ്മാനം ഒരു വിരോധാഭാസം പോലെ (IRONY) ദില്ലിക്കാരുടെ ഓര്‍മയില്‍ വന്നിട്ടുണ്ടാകും. വേറൊന്നുമല്ല. അടച്ചിടലിന്റെ കാലത്തെ സ്വയംനിയന്ത്രണം മലിനീകരണത്തിന്റെ തോതു കുറച്ച വേളയില്‍ ദില്ലിയില്‍ നിന്ന് തന്നെ കാണാമായിരുന്ന ഹിമവാന്റെ വിദൂരദൃശ്യം. പിന്നെ, തെളിഞ്ഞ് ഒഴുകിയ യമുന. നിറയെ നക്ഷത്രങ്ങളുള്ള തെളിഞ്ഞ ആകാശം.