ബോല്‍സൊണാറോയുടെ തീവ്ര വലതു പക്ഷനിലപാടുകളുമായി തുടരാന്‍ ആണോ ബ്രസീല്‍ തീരുമാനിക്കുക? അതോ ലുലയുടെ ഇടത് ചായ്‌വിലേക്ക് തിരിച്ചു വരുമോ?
ഈ മാസം രണ്ടിന് നടന്ന ആദ്യഘട്ടത്തില്‍ ലുല 48.4 ശതമാനവും ബോല്‍സൊണാറോ 43.2 ശതമാനവും വോട്ടാണ് നേടിയത്. ആദ്യം നടന്ന പോളിങ്ങില്‍ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടി വ്യക്തമായ ഭൂരിപക്ഷം ഒരു സ്ഥാനാര്‍ത്ഥി നേടിയില്ലെങ്കില്‍ രണ്ടാമതും വോട്ടെടുപ്പ് എന്നതാണ് ബ്രസീലിലെ ചട്ടം. ലോകത്തെ നാലാമത്തെ വലിയ ജനാധിപത്യ രാജ്യമായ ബ്രസീലില്‍ അധികാരം നിലനിര്‍ത്താന്‍ ബോല്‍സൊണാറോയും തിരിച്ചു പിടിക്കാന്‍ ലുലയും കച്ചകെട്ടിയിറങ്ങിയ പ്രചാരണത്തിലാണ്.

ബോല്‍സൊണാറോ
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ ആവേശച്ചൂടിലാണ് ബ്രസീല്‍. നിലവിലെ പ്രസിഡന്റായ ബോല്‍സൊണാറോയും മുന്‍ പ്രസിഡന്റായ ലുല ഡി സില്‍വയും തമ്മിലാണ് ഈ മാസം മുപ്പതിന് കൊമ്പു കോര്‍ക്കുന്നത്. ഈ മാസം രണ്ടിന് നടന്ന ആദ്യഘട്ടത്തില്‍ ലുല 48.4 ശതമാനവും ബോല്‍സൊണാറോ 43.2 ശതമാനവും വോട്ടാണ് നേടിയത്. ആദ്യം നടന്ന പോളിങ്ങില്‍ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടി വ്യക്തമായ ഭൂരിപക്ഷം ഒരു സ്ഥാനാര്‍ത്ഥി നേടിയില്ലെങ്കില്‍ രണ്ടാമതും വോട്ടെടുപ്പ് എന്നതാണ് ബ്രസീലിലെ ചട്ടം. ലോകത്തെ നാലാമത്തെ വലിയ ജനാധിപത്യ രാജ്യമായ ബ്രസീലില്‍ അധികാരം നിലനിര്‍ത്താന്‍ ബോല്‍സൊണാറോയും തിരിച്ചു പിടിക്കാന്‍ ലുലയും കച്ചകെട്ടിയിറങ്ങിയ പ്രചാരണത്തിലാണ്.
തെരഞ്ഞെടുപ്പ് വിദഗ്ധരായ IPEC നടത്തിയ ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് സര്‍വെ പ്രകാരം ലുലക്ക് 51ശതമാനം പേരുടെയും ബോല്‍സൊണാറോക്ക് 42 ശതമാനം പേരുടെയും പിന്തുണയാണ് കിട്ടുക. പ്രവചനങ്ങള്‍ക്ക് അപ്പുറമാണ് ജനമനസ്സ് എന്നതു കൊണ്ടു തന്നെ, സാഹചര്യങ്ങള്‍ ഇടക്കിടെ മാറുന്നുണ്ട് എന്നത് വിലയിരുത്തിയാണ് രണ്ട് സ്ഥാനാര്‍ത്ഥികളും മത്സരരംഗത്ത് മുന്നോട്ടു പോകുന്നത്. ഓരോ വോട്ടും ഉറപ്പിക്കാന്‍ എല്ലാ തന്ത്രങ്ങളും രണ്ടു പേരുടെയും ക്യാമ്പ് ഇറക്കുന്നു.
ഒന്നു രണ്ട് ദിവസമായി പ്രചാരണ രംഗത്ത് തരംഗമായിരിക്കുന്നത് ബോല്‍സൊണാറോയുടെ ഒരു വീഡിയോ ആണ്. വേണമെങ്കില്‍ ഞാന്‍ ഒരു ഇന്ത്യന്‍ വംശജനെ ഭക്ഷിക്കുമെന്നാണ് ബോല്‍സൊണാറോ പറയുന്നത്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ ആയിരുന്ന സൈമണ്‍ റൊമേറോക്ക് 2016-ല്‍ നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാര്‍മശം. രാജ്യത്തെ വടക്ക് മേഖലയിലുള്ള റൊറേയ്മ സംസ്ഥാനത്തെ തദ്ദേശീയവംശജരായ യാനോമാമി വിഭാഗത്തിന്റെ മതാചാരങ്ങളെ പറ്റിയായിരുന്നു വാക്കുകള്‍. ഇന്ത്യന്‍ വംശജരെ പാകം ചെയ്ത് പഴവും കൂട്ടി കഴിക്കുന്നത് യാനോമാമി വിഭാഗക്കാരുടെ സംസ്‌കാരവും അനുഷ്ഠാനവും ആണെന്ന് ബോല്‍സൊണാറോ വിശദീകരിക്കുന്നു. സംസാരിച്ചു പോകുമ്പോഴാണ് വിവാദ പരാമര്‍ശം ബോല്‍സൊണാറോ നടത്തുന്നത്. ഇങ്ങനെ ഒരാള്‍ ഇനിയും രാജ്യത്തെ നയിക്കണമോ എന്ന ചോദ്യവുമായി ലുല പക്ഷം വ്യാപകമായി പ്രചാരണ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
വീഡിയോ വൈറല്‍ ആയതിന് പിന്നാലെ യാനോമാമി വിഭാഗക്കാര്‍ക്ക് ഇമ്മാതിരി ക്രൂരമായ അനുഷ്ഠാനങ്ങള്‍ ഇല്ലെന്ന് വിഭാഗത്തിന്റെ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തത് എന്ന വാദം അംഗീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ട്രൈബ്യൂണല്‍ പരസ്യപ്രചാരണ വീഡിയോ പിന്‍വലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പക്ഷേ പഴയ വീഡിയോ ക്ലിപ്പ് ഇപ്പോഴും പറന്നു പറന്നു കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.
രണ്ടു നേതാക്കളും തമ്മിലുള്ള വാക്‌പോരും സജീവമാണ്. മുന്‍ കുറ്റവാളിയും വഞ്ചകനും ആണ് ലുലയെന്ന് ബോല്‍സൊണാറോ. ഇപ്പോഴത്തെ പ്രസിഡന്റ് പെരുംനുണയനെന്ന് ലുല. വ്യാപകമായി നടപ്പാക്കിയ സാമൂഹിക ക്ഷേമ പദ്ധതികളിലൂടെ തന്റെ ഭരണകാലത്ത് ലക്ഷക്കണക്കിന് ജനങ്ങളുടെ ദാരിദ്ര്യം അകറ്റിയ നേതാവാണ് ലുല. അഴിമതിക്കേസുകളും ജയില്‍ വാസവും ആണ് ലുലയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും ശോഭ കെടുത്തിയത്. പാരമ്പര്യമൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിശ്വാസ സംരക്ഷകന്റെ വേഷമിട്ടാണ് ബോല്‍സൊണാറോ പരിലസിക്കുന്നത്. ആമസോണ്‍ കാടുകളില്‍ വ്യാപകമായി നടത്തിയ കാടുവെട്ടിത്തെളിയും കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകളും വിദ്വേഷ പ്രസംഗങ്ങളുമാണ് ബോല്‍സൊണാറോ ഭരണകൂടത്തിന്റെ വലിയ പിശകുകള്‍.
ജനം ഈ മാസത്തെ അവസാന ഞായറാഴ്ച വിധി എഴുതും. അത് എന്ത് എന്ന് അറിയാന്‍ കാത്തിരിക്കാം. നിരീക്ഷകര്‍ പക്ഷേ ഇത്തിരി കരുതലോടെയാണ്. കാരണം ബോല്‍സൊണാറോയുടെ ചില വാക്കുകളാണ്. തന്നെ പുറത്താക്കാന്‍ ദൈവത്തിന് മാത്രമേ പറ്റൂ, കൃത്രിമം നടക്കുന്നതിനാല്‍ വോട്ടെടുപ്പിലോ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലോ വിശ്വാസമില്ല, എന്നൊക്കെയാണ് ബോല്‍സൊണാറോ പറയുന്നതും പറഞ്ഞിട്ടുള്ളതും. ജനപിന്തുണ ഒപ്പമില്ലെന്ന് കണ്ടാല്‍ അധികാരക്കൊതിയുള്ള സ്വേഛാധിപത്യ രീതികള്‍ ആവോളം ഉള്ള ബോല്‍സൊണാറോ എങ്ങനെ പ്രതികരിക്കും എന്നതാണ് ആശങ്ക. കാത്തിരിക്കാം..
ബോല്‍സൊണാറോയുടെ തീവ്ര വലതു പക്ഷനിലപാടുകളുമായി തുടരാന്‍ ആണോ ബ്രസീല്‍ തീരുമാനിക്കുക? അതോ ലുലയുടെ ഇടത് ചായ്‌വിലേക്ക് തിരിച്ചു വരുമോ?
