ഒരു ചുറ്റിക കൊണ്ട് തലയ്ക്ക് ആഞ്ഞടിക്കുന്ന കുറ്റവാളിയെ തടുക്കാൻ ശ്രമിക്കുന്ന ജയില്‍ വാര്‍ഡനെയും വീഡിയോയില്‍ കാണാം.
ആന്ധ്രാപ്രദേശിലെ ഒരു ജയിലിലെ തടവുകാർ ഹെഡ് വാർഡനെ ചുറ്റിക കൊണ്ട് ആക്രമിച്ചതിന് പിന്നാലെ രക്ഷപ്പെട്ടു. ആക്രമണത്തിനിടെ സ്വയം പ്രതിരോധിച്ച് വാർഡന് തലയ്ക്ക് പരിക്കേറ്റു. തടവുകാര്‍ ചുറ്റിക കൊണ്ട് വാര്‍ഡന്‍റെ തലയ്ക്ക് അടിക്കുന്നതിന്‍റെയും പിന്നാലെ രക്ഷപ്പെടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചുറ്റിക കൊണ്ട് ഹെഡ് വാര്‍ഡനെ അടിച്ച് വീഴ്ത്തിയ ശേഷം ഇവര്‍ പ്രധാന ഗേറ്റിന്‍റെ താക്കോൽ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. രണ്ട് പേർ വാർഡനെ അടിച്ചു വീഴ്ത്തി വാതിൽ തുറന്ന് ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം.
ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ ചോടവാരം സബ് ജയിലിലാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ, ഒരാൾ ഹെഡ് ജയില്‍ വാർഡനായ വീരാജുവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് ആക്രമിക്കുന്നത് കാണാം. പോലീസുകാരൻ സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ, മറ്റൊരാൾ അവരോടൊപ്പം ചേരുന്നു. താമസിയാതെ, അവരെല്ലാം സിസിടിവിയില്‍ നിന്നും മാറുന്നു പിന്നാലെ വീണ്ടും രണ്ട് പേരെ സിസിടിവിയില്‍ കാണാം. ഇവര്‍ ഒരു വാതില്‍ തുറന്ന് പറത്തേക്ക് ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം. ഹെഡ് വാര്‍ഡനെ അക്രമിച്ച് തടവ് ചാടിയ കുറ്റവാളികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ബി രാമു, നക്ക രവി കുമാർ എന്നിവരാണെന്ന് വാർഡനെ അക്രമിച്ച് തടവ് ചാടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഒരു സ്വത്ത് തര്‍ക്കത്തില്‍ പ്രതിയായാണ് രാമു ജയിലിലായത്. നക്ക രവി കുമാർ പഞ്ചായത്ത് സെക്രട്ടറിയായിരുന്നെന്നും ഇയാൾ പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്ത കേസിലാണ് ജയിലിലെത്തിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ജയിൽ വാർഡനായ പോലീസുകാരനെ ചുറ്റിക വച്ച് അക്രമിച്ചത് രാമുവാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
വീരജുവിനെ ആക്രമിച്ച് അദ്ദേഹത്തിന്‍റെ പോക്കറ്റിൽ നിന്ന് പ്രധാന ഗേറ്റിന്‍റെ താക്കോൽ എടുത്താണ് ഇവര്‍ രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സംഘര്‍ഷത്തിനിടെ എത്തിയ നക്ക രവി, രാമു രക്ഷപ്പെടുമ്പോൾ പിടിക്കാമെന്ന് ജയില്‍ വാർഡനോട് പറഞ്ഞെന്നും എന്നാല്‍ ഇയാളും തുറന്ന് കിടന്ന ജയില്‍ വാതിലിലൂടെ രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ജയിലിലെ മറ്റ് ഉദ്യോഗസ്ഥര്‍ വിവരം അറിഞ്ഞ് എത്തുമ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. ജയില്‍ വാര്‍ഡന്‍ വീരജുവിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.


