Asianet News MalayalamAsianet News Malayalam

റോഡിലൊന്നും മനുഷ്യരില്ല, ആസ്വദിച്ച് വിശ്രമിച്ച് സിംഹങ്ങള്‍; അകത്താവുന്ന മനുഷ്യരും പുറത്തിറങ്ങുന്ന മൃ​ഗങ്ങളും

ഇങ്ങനെ ലോകത്തിന്‍റെ നാനായിടങ്ങളിലും മനുഷ്യരുടെ അഭാവത്തില്‍ മൃഗങ്ങളും പക്ഷികളും കൂടുതലായി കാടുവിട്ടിറങ്ങുന്നുണ്ട്. എന്നാല്‍, വിനോദ സഞ്ചാരമേഖലയില്‍ കനത്ത നഷ്ടമാണ് കൊവിഡ് 19 ഉണ്ടാക്കുന്നത്. 

animals in lock down
Author
Thiruvananthapuram, First Published Apr 18, 2020, 11:42 AM IST

കൊവിഡ് 19 വ്യാപനം തടയുന്നതിനും അത് നിയന്ത്രിക്കുന്നതിനുമായി പല രാജ്യങ്ങളും കഠിനശ്രമത്തിലാണ്. പലയിടത്തും ലോക്ക് ഡൗണും. തിരക്കേറെയുണ്ടായിരുന്ന വഴികളെല്ലാം വിജനമാണ്. ആളുകളൊന്നും പുറത്തിറങ്ങുന്നുമില്ല. മൃഗങ്ങളാണ് ആകെ അങ്കലാപ്പിലായിട്ടുണ്ടാവുക. ഈ മനുഷ്യര്‍ക്കൊക്കെ എന്തുപറ്റി ഒറ്റൊരെണ്ണത്തിനേയും പുറത്ത് കാണുന്നില്ലല്ലോ എന്ന് അവ ചിന്തിക്കുന്നുണ്ടാവാം. ഇപ്പോഴിതാ സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെ സിംഹങ്ങളും അത് മുതലെടുത്തു തുടങ്ങിയിരിക്കുന്നു.

സാധാരണ രാത്രികളില്‍ റേഞ്ചര്‍മാര്‍ മാത്രമാണ് ഇവിടെ സിംഹത്തിനെ കാണാറുണ്ടായിരുന്നത്. കൊറോണ വൈറസ് ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ വന്യജീവി സങ്കേതങ്ങളെല്ലാം അടയ്ക്കുന്നതിന്‍റെ ഭാഗമായി ക്രൂഗറും അടച്ചിട്ടിരുന്നു. ബുധനാഴ്ച പട്രോളിംഗിന് ചെന്നപ്പോള്‍ പാര്‍ക്ക് റേഞ്ചറായിരുന്ന റിച്ചാര്‍ഡ് സൗറി ആണ് വഴിയരികില്‍തന്നെ ഒരു സിംഹം കിടക്കുന്നത് കണ്ടത്. സാധാരണ വിനോദസഞ്ചാരികളെ കൊണ്ട് നിറയാറുള്ള സ്ഥലമായിരുന്നു ഇത്. 

ലോക്ക് ഡൗണ്‍ ആണെങ്കിലും അത്യാവശ്യ സേവനങ്ങളില്‍ ജോലിക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് സൗറി ലോക്ക് ഡൗണ്‍ കാലത്തും തന്‍റെ ജോലി തുടര്‍ന്നത്. വന്യജീവികളെ ശ്രദ്ധിക്കുക, വേട്ടക്കാര്‍ വരുന്നില്ലായെന്ന് ഉറപ്പുവരുത്തുക എന്നിവയൊക്കെ ആയിരുന്നു ചെയ്യാനുണ്ടായിരുന്നത്. ബുധനാഴ്ച വൈകുന്നേരം ഓര്‍പണ്‍ റെസ്റ്റ് ക്യാമ്പിനടത്തുകൂടെ വാഹനമോടിച്ചുവരികയായിരുന്നു സൗറി. അപ്പോഴാണ് റോഡില്‍ സിംഹങ്ങള്‍ കിടക്കുന്നത് കണ്ടത്. അസാധാരണമായ ഈ കാഴ്ച കണ്ടതും കുറച്ചുകൂടി നോക്കാന്‍ തന്നെ സൗറി തീരുമാനിക്കുകയായിരുന്നു. മാത്രവുമല്ല, ആ കാഴ്ച അദ്ദേഹം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. എന്നാല്‍, സൗറി ഫോട്ടോയെടുക്കുന്നത് കണ്ടിട്ടും സിംഹങ്ങള്‍ക്ക് വലിയ അനക്കമൊന്നും ഉണ്ടായില്ല. പലരും പാതിമയക്കത്തിലുമായിരുന്നുവെന്ന് ആ റേഞ്ചർ പറയുന്നു. 

ആളുകള്‍ വാഹനങ്ങളില്‍ പോകുന്നത് ഇവിടുത്തെ സിംഹങ്ങള്‍ക്ക് പരിചിതമാണ്. എന്നാല്‍, കാല്‍നടയായിട്ടാണ് ചെല്ലുന്നതെങ്കില്‍ അവ ശ്രദ്ധിക്കുകയും ഭയപ്പെടുകയും ചെയ്യും. ഞാന്‍ നടന്നാണ് പോയിരുന്നതെങ്കില്‍ അത്ര അടുത്തു ചെല്ലാന്‍ അവയെന്നെ അനുവദിക്കില്ലായിരുന്നു എന്നും സൗറി പറയുന്നു. ഇവിടെയുള്ള ഏറ്റവും വലിയ സിംഹത്തിന് 14 വയസ്സെങ്കിലും പ്രായമുണ്ട്. അവ സ്ഥിരമായി ആളുകള്‍ വാഹനത്തില്‍ പോകുന്നത് കാണാറുണ്ട്. പക്ഷേ, പകല്‍ നേരങ്ങളില്‍ ഇങ്ങനെ റോഡില്‍ സിംഹങ്ങള്‍ കിടക്കുന്ന കാഴ്ച അപൂര്‍വ്വമായി പോലും കാണാനാകില്ല. ശൈത്യകാലത്ത് രാത്രിയില്‍ തണുപ്പിന്‍റെ ആധിക്യം കാരണം അവയിങ്ങനെ റോഡില്‍ കിടക്കാറുണ്ട് എന്നും സൗറി പറയുന്നു. 

ഏതായാലും റോഡുകള്‍ ഒരു സുരക്ഷിതസ്ഥലമാണെന്ന ധാരണ വരികയും സിംഹങ്ങള്‍ എപ്പോഴും റോഡിലേക്കിറങ്ങി വരുന്നതും അത്ര സുരക്ഷിതമല്ലെന്നും റേഞ്ചര്‍മാര്‍ പറയുന്നുണ്ട്. സിംഹങ്ങളും കാട്ടുനായ്ക്കളും ഇങ്ങനെ ഇറങ്ങി നടക്കുന്നത് കാണുന്നതല്ലാതെ ലോക്ക് ഡൗണ്‍ കാലം മൃഗങ്ങളുടെ പെരുമാറ്റത്തില്‍ വലിയ വ്യത്യാസം ഒന്നുമുണ്ടാക്കിയിട്ടില്ലെന്നും സൗറി പറയുന്നു. 

ദക്ഷിണാഫ്രിക്കയിൽ കൊവിഡ് -19 ബാധിച്ച 34 ആളുകള്‍ മരിക്കുകയും 2,500 -ലേറെ പൊസിറ്റീവ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച രാജ്യമാണ്.

ബുധനാഴ്ച ഇവിടെ ലോക്ക് ഡൌണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. എല്ലാവര്‍ക്കും ലോക്ക് ഡൗണിന്‍റെ പ്രാധാന്യം മനസിലായിട്ടുണ്ട്. എന്നാല്‍, റേഞ്ചര്‍മാര്‍ അവരുടെ അത്യാവശ്യ ജോലികള്‍ ചെയ്യാനായിട്ടാണ് എത്തുന്നത് എന്ന് മീഡിയ ഓഫീസറായ ഐസക് ഫാലയും പറയുന്നു. സാധാരണ ഈ സിംഹങ്ങള്‍ കുറ്റിക്കാടുകളിലാണ് വിശ്രമിക്കാറ്. റോഡിലൊക്കെ എപ്പോഴും വാഹനങ്ങളായിരിക്കും. ഇപ്പോഴിതാ മനുഷ്യരില്ലാതെ അവയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു. അത് പരമാവധി ആഘോഷിക്കുകയാണ് അവ എന്നും അദ്ദേഹം പറയുന്നു. ചൊവ്വാഴ്ച രാത്രി മഴ പെയ്തിരുന്നു. കുറ്റിക്കാടുകളില്‍ വെള്ളമായതുകൊണ്ടാവാം അവ ഉണങ്ങിയ റോഡുകളില്‍ വന്നു വിശ്രമിച്ചതെന്നും അദ്ദേഹം പറയുന്നു. 

ഏതായാലും ഏതെങ്കിലും ഒരു കാലത്ത് അവയുടേത് മാത്രമായിരുന്ന ഇടമായിരിക്കണം ഈ റോഡും. 

അകത്താവുന്ന മനുഷ്യരും പുറത്തേക്കിറങ്ങുന്ന മൃഗങ്ങളും 

കോടിക്കണക്കിന് മനുഷ്യര്‍, ഒരുപക്ഷേ ലോകത്തിലെ തന്നെ മുക്കാല്‍ പങ്ക് മനുഷ്യരും വീടിനകത്തായ കാലമാണിത്. നമ്മുടെ വീട്ടുമുറ്റത്തുനിന്നുതന്നെ തുടങ്ങാം. കൂടുതലായി പക്ഷികളുടെ ശബ്ദങ്ങള്‍, മയിലിനെപ്പോലെ അത്യപൂര്‍വമായി മാത്രം കാണുന്ന ചില വിരുന്നുകാരുടെ നിത്യസന്ദര്‍ശനം, റോഡിലൂടെ ധൈര്യമായി ഇറങ്ങി നടക്കുന്ന ചില വിരുതന്മാര്‍... അതിങ്ങനെ നീണ്ടുപോകും. 

ഇത് നമ്മുടെ മുന്നിലെ കാഴ്ച മാത്രമല്ല. ലോകത്തെമ്പാടും മൃഗങ്ങളും പക്ഷികളുമിങ്ങനെ പുറത്തിറങ്ങി തുടങ്ങിയ കാഴ്ചകളുണ്ട്. പതിയെ പതിയെ അവ മനുഷ്യരുണ്ടാക്കിയിരിക്കുന്ന അതിര്‍വരമ്പുകള്‍ ഭേദിച്ചിരിക്കുകയാണ്. ജപ്പാനിലെ നറയിലെ നാഷണല്‍ പാര്‍ക്കില്‍ കൂടുതലായി കാണപ്പെടുന്ന സിക്ക മാനുകള്‍ ആ അതിര്‍ത്തി ഭേദിച്ച് പുറത്തിറങ്ങി തുടങ്ങിയിരിക്കുന്നു. കാലിഫോര്‍ണിയയിലെ ഓക്ലാന്‍ഡിലെ പാര്‍ക്കിലുണ്ടായിരുന്ന വൈല്‍ഡ് ടര്‍ക്കികള്‍ കുറച്ചുകൂടി ദൂരത്തേക്ക് യാത്ര ചെയ്യുന്നുണ്ടത്രെ, മനുഷ്യഭയമില്ലാതെ. 

animals in lock down

 

കരടികളെല്ലാം ആഘോഷത്തിലാണ് എന്നാണ് യോസ്മിറ്റിലെ പാര്‍ക്കിലെ കരടികളെ കുറിച്ച് പഠിക്കുക കൂടി ചെയ്യുന്ന റേഞ്ചറായ കാറ്റി പറയുന്നത്. സാധാരണ വസന്തങ്ങളിലെല്ലാം ഇവിടെ താഴ്വരകള്‍ മനുഷ്യരെക്കൊണ്ട് നിറയും. എന്നാല്‍, അങ്ങനെയില്ലാതെ വരുമ്പോള്‍ കരടികള്‍ക്കിത് സ്വര്‍ഗമാവുന്നുവെന്നും കാറ്റി പറയുന്നു. 

ഇങ്ങനെ ലോകത്തിന്‍റെ നാനായിടങ്ങളിലും മനുഷ്യരുടെ അഭാവത്തില്‍ മൃഗങ്ങളും പക്ഷികളും കൂടുതലായി കാടുവിട്ടിറങ്ങുന്നുണ്ട്. എന്നാല്‍, വിനോദ സഞ്ചാരമേഖലയില്‍ കനത്ത നഷ്ടമാണ് കൊവിഡ് 19 ഉണ്ടാക്കുന്നത്. പലപ്പോഴും സംരക്ഷിത മേഖലകളിലെ ജീവജാലങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്നതിലടക്കം ഇത് തടസമുണ്ടാക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. എല്ലാ മേഖലയിലും കനത്ത സാമ്പത്തികനഷ്ടത്തിനാവുമോ ഈ കൊവിഡ് കാലം കാരണമായിത്തീരുകായെന്ന് ഉറ്റുനോക്കുകയാണ് ലോകം. 

ഏതായാലും ഈ ഭൂമി എല്ലാവരുടേതുമാണ്. സര്‍വ ജീവജാലങ്ങളും അതിന്‍റെ അവകാശികളും. ലോക്ക് ഡൗണ്‍ കാലം കഴിയുമ്പോഴേക്കെങ്കിലും നമ്മില്‍ ആ ചിന്ത കൂടി ഊട്ടിയുറപ്പിക്കപ്പെടുമെന്ന് കരുതാം. കുറച്ചുകൂടി കരുണയോടെ ഈ ലോകത്തെ കാണുമെന്നും. 


 

Follow Us:
Download App:
  • android
  • ios