Asianet News MalayalamAsianet News Malayalam

'ഫിനിഷിങ്ങില്‍ സാറുണ്ടായിരുന്നു, പക്ഷെ...': അജ്മൽ മാഷിന് സ്വർണ മെഡൽ കൊണ്ട് അന്ത്യാഞ്ജലി

പരിശീലകന്‍ മാത്രമല്ല, സുഹൃത്തും സഹോദരനുമൊക്കെ ആയിരുന്നു മാഷെന്ന് അഞ്ജലി

anjali wins gold medal as tribute to coach ajmal  SSM
Author
First Published Sep 22, 2023, 3:19 PM IST

മലപ്പുറം ജില്ലാ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ  സ്വർണം നേടിയ മേലാറ്റൂർ ആര്‍എംഎച്ച്എസ്എസിലെ അഞ്ജലിയുടെ കണ്ണീരണിഞ്ഞ മുഖം എല്ലാവരെയും നൊമ്പരപ്പെടുത്തിയ കാഴ്ചയായിരുന്നു. അപകടത്തിൽ മരിച്ച പരിശീലകൻ അജ്മൽ മാഷിന്‍റെ ഓർമയിലാണ് അഞ്ജലിയും കൂട്ടുകാരും കളത്തിൽ ഇറങ്ങി മെഡലുകള്‍ വാരിക്കൂട്ടിയത്.

മേലാറ്റൂർ സ്കൂളിനെ ഉയരങ്ങളിൽ എത്തിച്ച കായികാധ്യാപകനാണ് അജ്മല്‍ മാഷ്. കുട്ടികൾക്ക് പരിശീലകന്‍ മാത്രമല്ല, സുഹൃത്തും സഹോദരനുമൊക്കെ ആയിരുന്നു മാഷ്.  ജൂണ്‍ എട്ടിനാണ് അദ്ദേഹം ട്രെയിന്‍ അപകടത്തില്‍ മരിച്ചത്. അജ്മൽ മാഷിന് സ്വർണ മെഡൽ കൊണ്ട് അന്ത്യാഞ്ജലി അര്‍പ്പിച്ചിരിക്കുകയാണ് അഞ്ജലിയും കൂട്ടുകാരും. 

ഗ്രൌണ്ടില്‍ ഇറങ്ങിയപ്പോള്‍ സാറായിരുന്നു മനസ്സില്‍ നിറയെ എന്ന് അഞ്ജലി പറഞ്ഞു- "സാറില്ലാത്ത ആദ്യത്തെ മത്സരമാണ്. സാര്‍ ഈ ഗ്രൌണ്ടില്‍ എവിടെയെങ്കിലും ഉണ്ടായാല്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമാണ്. സാറിന്‍റെ പ്രസന്‍സ് കൂടെയുണ്ട്. നമുക്ക് കാണാന്‍ കഴിയുന്നില്ലല്ലോ എന്ന സങ്കടമായിരുന്നു മനസ്സില്‍. ഒട്ടും പ്രതീക്ഷിക്കാതെയാണ് അങ്ങനെയൊരു ഫിനിഷ് വന്നത്. ഞാന്‍ സാറിനെ ആലോചിച്ചാണ് ഓടിത്തുടങ്ങിയത്. ഫിനിഷിങ്ങില്‍ ഇങ്ങനെ ഇമോഷണലാകുമെന്ന് ഞാനും കരുതിയില്ല. സാര്‍ അവിടെയുണ്ടെന്ന തോന്നലായിരുന്നു. ഫിനിഷ് ചെയ്ത് കഴിഞ്ഞപ്പോള്‍ അവിടെ കാണാന്‍ കഴിയുന്നില്ലെന്ന് വന്നപ്പോള്‍ പെട്ടെന്ന് കയ്യീന്ന് പോയതാ."

സാര്‍ ഉള്ളപ്പോള്‍ മെഡല്‍ വാങ്ങാത്തവര്‍ പോലും സാറിനു വേണ്ടി ഇന്ന് മെഡല്‍ നേടി. ഫിനിഷ് ചെയ്യുമ്പോള്‍ അജ്മല്‍ സാര്‍ സൈഡില്‍ നിന്ന് വിളിക്കാറുണ്ട്. ആ വിളി മിസ് ചെയ്തു. ഇനി അങ്ങോട്ടും ഒരുപാട് മിസ് ചെയ്യും. സാര്‍ കോച്ച് മാത്രമായിരുന്നില്ല. ഒരു നല്ല കൂട്ടുകാരനും സഹോദരനുമായിരുന്നുവെന്നും അഞ്ജലി പറഞ്ഞു.. 

വീഡിയോ സ്റ്റോറി കാണാം

Follow Us:
Download App:
  • android
  • ios