രാജ്യത്തെ ഏറ്റവും ഹൈ ടെക്കായ ഓട്ടോയാണത്. ഒരു ഓട്ടോവില്‍ നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സൗജന്യ വൈഫൈ, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, മാഗസിനുകള്‍, പത്രങ്ങള്‍, ടിവി എന്തിനേറെ ഒരു സാംസങ് ഗാലക്സി ടാബ്ലെറ്റ് പോലും അദ്ദേഹം യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ചെന്നൈയിലെ ആയിരക്കണക്കിന് ഓട്ടോ ഡ്രൈവര്‍മാരില്‍ ഒരാളാണ് അണ്ണാദുരൈ. ആളുകള്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ 'ഓട്ടോ അണ്ണാ' എന്ന് വിളിക്കുന്നു. 35 -ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. എങ്ങനെയാണ് ചെന്നൈയിലെ ഒരു സാധാരണ ഓട്ടോ ഡ്രൈവര്‍ക്ക് ഇത്ര വലിയ ഒരു സൗഹൃദ് വലയമുണ്ടായത്?
അതിനുകാരണം അദ്ദേഹത്തിന്റെ ഓട്ടോ തന്നെയാണ്. രാജ്യത്തെ ഏറ്റവും ഹൈ ടെക്കായ ഓട്ടോയാണത്. ഒരു ഓട്ടോവില്‍ നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സൗജന്യ വൈഫൈ, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, മാഗസിനുകള്‍, പത്രങ്ങള്‍, ടിവി എന്തിനേറെ ഒരു സാംസങ് ഗാലക്സി ടാബ്ലെറ്റ് പോലും അദ്ദേഹം യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. അതുപോലെ രാജ്യത്ത് ആദ്യമായി ഒരു വെബ്‌സൈറ്റ് സ്വന്തമായുള്ള ഓട്ടോക്കാരനും അദ്ദേഹം തന്നെയായിരിക്കും.
ഇത്രയേറെ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍ സ്വാഭാവികമായും ആ സവാരികള്‍ ചെലവേറിയതാണ് എന്ന് തെറ്റിദ്ധരിക്കാം, എന്നാല്‍ അല്ല. അവിടെയാണ് അണ്ണാദുരൈ വ്യത്യസ്തനാകുന്നത്. ഇത്രയേറെ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്കായി അദ്ദേഹം ഒരുക്കിവയ്ക്കുമ്പോഴും അവരില്‍ നിന്ന് ഈടാക്കുന്നത് ദൂരത്തെ അടിസ്ഥാനപ്പെടുത്തി വെറും 10 മുതല്‍ 25 രൂപയാണ്.

അദ്ദേഹത്തിന്റെ ഈ വ്യത്യസ്തമായ കഥ ഒരിക്കല്‍ ഫേസ്ബുക്കില്‍ വൈറലായി. പതിനായിരത്തോളം ഷെയറുകളും, 20,000 ലൈക്കുകളും ലഭിച്ചു. അന്ന് രാത്രി അദ്ദേഹത്തിന് ഫോണ്‍ വിളികളുടെ പ്രവാഹമായിരുന്നു. തമിഴ് മാത്രം സംസാരിക്കാന്‍ അറിയാവുന്ന അദ്ദേഹത്തെ തേടി ലോകത്തിന്റെ നാനാ ഭാഗത്തുനിന്ന് വിളികള്‍ വന്നു. ഇത് അദ്ദേഹത്തെ കൂടുതല്‍ ആഴത്തില്‍ ചിന്തിപ്പിച്ചു. കൂടുതല്‍ സൗകര്യങ്ങള്‍ ആളുകള്‍ക്ക് ഒരുക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചു. എന്തിനാണ് ഇത്രയും കഷ്ടപ്പാടുകള്‍ സഹിച്ച് ഇത്രയൊക്കെ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു, 'എന്റെ ഓട്ടോയില്‍ കയറുന്ന ഓരോ അതിഥിയും എനിക്ക് ദൈവമാണ്. അവര്‍ നല്‍കുന്ന പണം കൊണ്ടാണ് ഞാന്‍ ആഹാരം കഴിക്കുന്നത്. അവര്‍ക്ക് കഴിയും രീതിയില്‍ എല്ലാ സുഖസൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'
എന്നാല്‍ അദ്ദേഹത്തിന്റെ നല്ല മനസ്സിന് കാലം പ്രതിഫലം നല്‍കി. പ്രതിദിനം 900 മുതല്‍ 1,000 രൂപ വരെ സമ്പാദിച്ചിരുന്നു അദ്ദേഹത്തിന് പ്രതിദിനം 4,500 മുതല്‍ 5,500 രൂപ വരെ ലഭിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ എല്ലാ അച്ഛനമ്മമാരെയും പോലെ അദ്ദേഹത്തിന്റെ മാതാപിതാക്കളും മകന്റെ ഈ വിചിത്ര രീതിയെ കണ്ട് ആശങ്കപ്പെട്ടിരുന്നു. മകന് സ്വബോധം നശിച്ചോ എന്ന് പോലും അവര്‍ വിചാരിച്ചു. എന്നാല്‍ ഇപ്പോള്‍, മകന്‍ തീര്‍ത്തും വ്യത്യസ്ഥനാണ് എന്നവര്‍ മനസ്സിലാക്കുന്നു. ഇപ്പോള്‍ ധാരാളം സ്‌കൂളുകള്‍, കോളേജുകള്‍ അദ്ദേഹത്തെ പരിപാടികളില്‍ സംസാരിക്കാനായി ക്ഷണിക്കുന്നു. അത്തരം അവസരങ്ങളില്‍ അദ്ദേഹത്തിന്റെ അമ്മ സന്തോഷം കൊണ്ട് കരയും. മകന്റെ ഉയര്‍ച്ച കണ്ട് അച്ഛന്‍ അഭിമാനം കൊള്ളും.
തഞ്ചാവൂര്‍ ജില്ലയില്‍ ജനിച്ച അണ്ണാദുരൈ നാലുവയസ്സുള്ളപ്പോഴാണ് ചെന്നൈയിലെത്തുന്നത്. അച്ഛനും സഹോദരന്മാരും ഓട്ടോ ഡ്രൈവര്‍മാരാണ്. 20 -ഓളം പത്രങ്ങള്‍ ശേഖരിച്ചാണ് അണ്ണാദുരൈ ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്. പിന്നീട് വരുമാനത്തില്‍ നിന്ന് അല്പാല്പമായി മാറ്റി വച്ച് സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങി. ഒരു വര്‍ഷം കഴിഞ്ഞ് വൈഫൈ ഇന്‍സ്റ്റാള്‍ ചെയ്തു. തുടര്‍ന്ന് 7,000 രൂപയ്ക്ക് ടാബ്ലെറ്റ് വാങ്ങി. 8 ഭാഷകളുടെ പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു പോര്‍ട്ടബിള്‍ ടിവി സ്ഥാപിച്ചു. പണം കൈവശം കൊണ്ടുനടക്കാന്‍ താല്പര്യമില്ലാത്തവര്‍ക്കായി ഒരു സൈ്വപ്പിംഗ് മെഷീനും മൊബൈല്‍ ഇടപാടുകള്‍ക്കായി പൈസാപേയും ഉപയോഗിക്കാന്‍ ആരംഭിച്ചു.
2014-ല്‍ അദ്ദേഹം ഒരു വെബ്സൈറ്റ് ആരംഭിച്ചു. ഓട്ടോയില്‍ നല്‍കുന്ന സേവനങ്ങളാണ് ഉള്ളടക്കം. കൂടാതെ ഒരു മൊബൈല്‍ അപ്ലിക്കേഷനും ആരംഭിച്ചു. ഒടുവില്‍ 2016 -ല്‍ 80,000 രൂപ മുടക്കി അദ്ദേഹം 12.9 ഇഞ്ച് ആപ്പിള്‍ ഐപാഡ് പ്രോ വരെ വാങ്ങി. എന്നാല്‍ ഇതിനൊപ്പം അദ്ദേഹത്തിന്റെ വരുമാനവും വര്‍ധിച്ചുകൊണ്ടിരുന്നു. അണ്ണാദുരൈയുടെ ഓട്ടോയില്‍ ഇപ്പോള്‍ ഒന്‍പത് പത്രങ്ങളും, 40 മാസികകളും, സൗജന്യ വൈഫൈ, സാംസങ് ഗാലക്‌സി ടാബ്, ഐപാഡ്, അലക്‌സാ, ശീതള പാനീയങ്ങള്‍, എയര്‍ കൂളര്‍, ലഘുഭക്ഷണ ബോക്‌സ്, ചാര്‍ജിംഗ് പോയിന്റുകള്‍, വിവിധ ഡിജിറ്റല്‍ പേയ്മെന്റ് മോഡുകള്‍, റൗട്ടറുകള്‍ തുടങ്ങിയ വിവിധ സൗകര്യങ്ങളുമുണ്ട്.
എന്നാല്‍ ഓട്ടോയില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മാത്രം ഒതുങ്ങി നില്കുന്നതല്ല അദ്ദേഹത്തിന്റെ സേവനം. കൂടുതല്‍ ആഴത്തിലേയ്ക്ക് ഇറങ്ങി ചെന്ന് ആളുകളെ സഹായിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായി എച്ച് ഐ വി ബാധിതരെ ചികിത്സിക്കുന്ന ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും, അധ്യാപകര്‍ക്കും അദ്ദേഹം സൗജന്യ സേവനം നല്‍കുന്നു. അതുപോലെ മാതൃദിനം, പിതൃദിനം പോലുള്ള ദിവസങ്ങളില്‍ സൗജന്യ സവാരി വാഗ്ദാനം ചെയ്യുന്നു. എല്ലാ ഉപഭോക്താക്കള്‍ക്കും ഈ ദിവസങ്ങളില്‍ അദ്ദേഹം ചോക്ലേറ്റുകള്‍ വിതരണം ചെയ്യുന്നു. കൂടാതെ കുട്ടികളെ സൗജന്യമായി പഠിപ്പിക്കുകയും ചെയ്യുന്നു അദ്ദേഹം. ഇതിനെല്ലാം പുറമേ ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ് ഇന്നദ്ദേഹം. ഫേസ്ബുക്കില്‍ അദ്ദേഹത്തിന് ആയിരക്കണക്കിന് ഫോളോവേഴ്സുണ്ട്. വോഡഫോണ്‍, ഹ്യുണ്ടായ്, റോയല്‍ എന്‍ഫീല്‍ഡ്, ഡാന്‍ഫോസ്, ഗെയിംസ എന്നിവിടങ്ങളിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത അദ്ദേഹം സംസാരിക്കുകയുണ്ടായി. ആറ് ടെഡ് ചര്‍ച്ചകളില്‍ അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്.

പല തുള്ളി പെരുവെള്ളം എന്ന് പറയുംപോലെ, ചെറിയ ചെറിയ സേവനങ്ങളാണ് ഒടുവില്‍ ഇത്രവലിയ ഒരു സംരംഭത്തിലേയ്ക്ക് അദ്ദേഹത്തെ നയിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകാത്ത, ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച, ഒരു സാധാരണ ഓട്ടോ ഡ്രൈവറായി ജീവിച്ച അണ്ണാദുരൈ ഇന്ന് ഒരുപാട് പേര്‍ക്ക് പ്രചോദനമാണ് മറ്റുള്ളവരെ സഹായിക്കാന്‍, പണവും, പഠിപ്പും ഒന്നും ആവശ്യമില്ല മറിച്ച് അലിവൂറുന്ന ഒരു മനസ്സ് മാത്രം മതി എന്ന് സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം നമുക്ക് കാണിച്ചു തരുന്നു.
