ആ ചെക്ക് ബാങ്കിൽ നിക്ഷേപിക്കുന്നതിന് മുൻപ് അവർ ഒരു കാര്യം ചെയ്യാൻ മറന്നില്ല. ചെക്കിന്റെ ഒരു ഫോട്ടോ കോപ്പി എടുത്ത് തങ്ങൾക്ക് ലഭിച്ച ഒരു ബഹുമതി പോലെ സൂക്ഷിച്ചു.
സമ്മാനങ്ങൾ സ്വീകരിക്കാത്ത മനുഷ്യർ ഉണ്ടാകില്ല. പൊതുവിൽ എല്ലാവർക്കും വലിയ സന്തോഷമുള്ള ഒരു കാര്യം കൂടിയാണ് സമ്മാനങ്ങൾ ലഭിക്കുക എന്നത്. എന്നാൽ, നമ്മുടെ മുൻ രാഷ്ട്രപതി അന്തരിച്ച ഡോക്ടർ എപിജെ അബ്ദുൽ കലാമിനെ സംബന്ധിച്ചിടത്തോളം സമ്മാനങ്ങൾ സ്വീകരിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമില്ലായിരുന്നു. സാധിക്കാവുന്നിടത്തോളം അദ്ദേഹം അത്തരം സന്ദർഭങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുമായിരുന്നുവത്രെ. ഇപ്പോഴിതാ അദ്ദേഹവുമായി ബന്ധപ്പെട്ട അത്തരത്തിൽ ഒരു ഓർമ്മ ഐഎഎസ് ഓഫീസർ ആയ എംവി റാവു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വൈറൽ ആവുകയാണ്.
2014 -ൽ 'സൗഭാഗ്യ വെറ്റ് ഗ്രൈൻഡർ' എന്ന കമ്പനി സ്പോൺസർ ചെയ്ത ഒരു പരിപാടിയിൽ മുഖ്യാതിഥിയായി ഡോക്ടർ എപിജെ അബ്ദുൽ കലാം പങ്കെടുത്തു. പരിപാടിക്ക് ശേഷം അതിൻറെ സംഘാടകർ ഒരു ഗ്രൈൻഡർ അദ്ദേഹത്തിന് സമ്മാനമായി നൽകി. എന്നാൽ, അദ്ദേഹം അത് സ്വീകരിക്കാൻ വിസമ്മതിച്ചു. ഒടുവിൽ സംഘാടകരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് അദ്ദേഹം ഗ്രൈൻഡർ സ്വീകരിച്ചു. തുടർന്ന് അതുമായി മടങ്ങിയെത്തിയ അദ്ദേഹം തൊട്ടടുത്ത ദിവസം ഗ്രൈൻഡറിന്റെ മാർക്കറ്റ് വില എത്രയാണ് എന്ന് അന്വേഷിച്ചറിഞ്ഞു. പിന്നീട് സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്നും ആ തുക ഒരു ചെക്കിൽ എഴുതി ചെക്ക് കമ്പനിയിലേക്ക് അയക്കുകയും അത് ബാങ്കിൽ നിക്ഷേപിച്ച് പണം സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ, ആ ചെക്ക് നിക്ഷേപിക്കേണ്ടെന്ന് കമ്പനി തീരുമാനിച്ചു.
എന്നാൽ, കലാം വിടാൻ തയ്യാറായിരുന്നില്ല. ഏതാനും ദിവസങ്ങളും കഴിഞ്ഞിട്ടും തന്റെ അക്കൗണ്ടിൽ നിന്നും പണം കുറഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം വീണ്ടും കമ്പനിയുമായി ബന്ധപ്പെട്ടു. ചെക്ക് നിക്ഷേപിച്ച് പണം എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും അല്ലെങ്കിൽ താൻ ഗ്രൈൻഡർ തിരികെ നൽകുമെന്നും അദ്ദേഹം വാശി പിടിച്ചു. ഒടുവിൽ അദ്ദേഹത്തിന് സമ്മർദ്ദത്തിനു വഴങ്ങി കമ്പനി ചെക്ക് ബാങ്കിൽ നിക്ഷേപിച്ചു. പക്ഷേ, ആ ചെക്ക് ബാങ്കിൽ നിക്ഷേപിക്കുന്നതിന് മുൻപ് അവർ ഒരു കാര്യം ചെയ്യാൻ മറന്നില്ല. ചെക്കിന്റെ ഒരു ഫോട്ടോ കോപ്പി എടുത്ത് തങ്ങൾക്ക് ലഭിച്ച ഒരു ബഹുമതി പോലെ സൂക്ഷിച്ചു.
എല്ലാവരുടെ അധ്വാനത്തിനും വിലയുണ്ടെന്നും ആരിൽ നിന്നും അനർഹമായ ഒരു സൗജന്യങ്ങളും സ്വീകരിക്കരുതെന്നും ഉള്ള പക്ഷക്കാരനായിരുന്നു ഡോക്ടർ എപിജെ അബ്ദുൽ കലാം. എം വി റാവുവിന്റെ ഈ സോഷ്യൽ മീഡിയ പോസ്റ്റ് നെറ്റിസൺസിനിടയിൽ ഇപ്പോൾ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
