ആപ്പിളിന്റെ ആദ്യ കമ്പ്യൂട്ടറായ ആപ്പിൾ-1 ലേലത്തിൽ 11.5 ലക്ഷം ഡോളറിന് (ഏകദേശം 10.9 കോടി രൂപ) വിറ്റുപോയി. സ്റ്റീവ് വോസ്നിയാക്കിന്റെ കൈയൊപ്പുള്ള മദർബോർഡും സ്റ്റീവ് ജോബ്‌സ് ഒപ്പിട്ട കത്തും ഉൾപ്പെടെയുള്ള ചരിത്രപ്രധാനമായ വസ്തുക്കളും ഇതിനൊപ്പമുണ്ടായിരുന്നു. ലോകത്ത് ഇന്നും നിലനിൽക്കുന്ന 75-ൽ താഴെ ആപ്പിൾ-1 യൂണിറ്റുകളിൽ ഒന്നാണിത്.

ആപ്പിളിന്‍റെ ആദ്യ കമ്പ്യൂട്ടറായ ആപ്പിൾ -1 ലേലത്തിൽ വിറ്റുപോയത് 11.5 ലക്ഷം ഡോളറിന് (ഏകദേശം 10.9 കോടി രൂപ). പൂർണമായും പ്രവർത്തനക്ഷമമായ ഈ അപൂർവ കമ്പ്യൂട്ടർ, രണ്ട് ലേലക്കാരും തമ്മിൽ 28 മിനിറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് വിറ്റുപോയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ‘ഹാറ്റ്ഫീൽഡ്’ ആപ്പിൾ-1 എന്നറിയപ്പെടുന്ന ഈ കമ്പ്യൂട്ടർ, വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കിയ ആപ്പിൾ -1 യൂണിറ്റിന് ലഭിച്ച റെക്കോർഡ് ലേലത്തുകയാണ് നേടിയതെന്ന് അന്താരാഷ്ട്ര ലേലക്കമ്പനിയായ ബോൺഹാംസ് അറിയിച്ചു.

സ്റ്റീവ് വോസ്നിയാക്കിന്‍റെ കൈയൊപ്പുള്ള മദർ ബോർഡ്

“കമ്പ്യൂട്ടിങ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിലൊന്നായ ‘ഹാറ്റ്ഫീൽഡ്’ ആപ്പിൾ -1ന് ഈ അസാധാരണമായ തുക ലഭിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്,” ബോൺഹാംസ് ഡയറക്ടർ ഇയാൻ എഹ്ലിങ് പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ആപ്പിളിന്‍റെ 50-ാം വാർഷിക വർഷത്തിൽ കമ്പനിയുടെ ആദ്യ ഉൽപ്പന്നം ലേലത്തിന് എത്തിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1976-ൽ ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് വോസ്നിയാക് രൂപകൽപന ചെയ്ത് നിർമിച്ച കമ്പ്യൂട്ടറിന്‍റെ മദർബോർഡിൽ അദ്ദേഹത്തിന്‍റെ കൈയൊപ്പുമുണ്ട്. ആപ്പിളിന്‍റെ ആദ്യകാല ബിസിനസിന്‍റെ വാണിജ്യകാര്യങ്ങൾ കൈകാര്യം ചെയ്തത് സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സായിരുന്നു.

Scroll to load tweet…

സ്റ്റീവ് ജോബ്‌സ് ഒപ്പിട്ട കത്ത്

കമ്പ്യൂട്ടറിനൊപ്പം നിരവധി ചരിത്രപ്രാധാന്യമുള്ള വസ്തുക്കളും ലേലത്തിൽ ഉൾപ്പെടുത്തിയിരുന്നു. 1978-ൽ സ്റ്റീവ് ജോബ്‌സ് ഒപ്പിട്ട ടൈപ്പ് ചെയ്ത കത്താണ് ഇതിൽ ശ്രദ്ധേയം. കമ്പ്യൂട്ടറിന്‍റെ ആദ്യ ഉടമയായ ഫ്രെഡ് ഹാറ്റ്ഫീൽഡിന് അയച്ച കത്തിൽ, പുതിയ മോഡലായ ആപ്പിൾ II-ലേക്ക് മാറുന്നതിനുള്ള സാധ്യതയെക്കുറിച്ച് പരാമർശിച്ചിരുന്നു. യഥാർഥ പ്രവർത്തന മാനുവലുകൾ, ഹാർഡ്‌വെയർ ഘടകങ്ങൾ, ‘ആപ്പിൾ I ഓണേഴ്‌സ് ക്ലബ്’ എന്ന കൂട്ടായ്മയിൽ അംഗമാകാനുള്ള ടൈപ്പ് ചെയ്ത ക്ഷണക്കത്ത് എന്നിവയും ലേലത്തിൽ ഉൾപ്പെട്ടിരുന്നു.

ഔദ്യോഗിക ആപ്പിൾ -1 രജിസ്ട്രിയിൽ 48 -ാം നമ്പറായി രേഖപ്പെടുത്തിയിരിക്കുന്ന ഈ കമ്പ്യൂട്ടർ, ആദ്യ നിർമാണഘട്ടത്തിൽ പുറത്തിറക്കിയവയിൽ ഇന്നും നിലനിൽക്കുന്ന 75 -ൽ താഴെ യൂണിറ്റുകളിൽ ഒന്നാണ്. ആപ്പിൾ-1 കമ്പ്യൂട്ടർ നിർമിച്ചതിനെക്കുറിച്ച് വോസ്നിയാക് തന്‍റെ 'iWoz' എന്ന ഓർമക്കുറിപ്പ് പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. കീബോർഡിൽ ഏതാനും കീകൾ അമർത്തിയപ്പോൾ സ്ക്രീനിൽ അക്ഷരങ്ങൾ പ്രത്യക്ഷപ്പെട്ടത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം കുറിച്ചിരുന്നു. വ്യക്തിഗത കമ്പ്യൂട്ടിങ് രംഗത്തിന്‍റെ വളർച്ചയിൽ ആപ്പിൾ-1 നിർണായക പങ്കുവഹിച്ച ആദ്യകാല ഉപകരണങ്ങളിലൊന്നാണ്.