ദസറ ആഘോഷത്തിന്റെ ഭാഗമായി യുപി എംഎൽഎ രാജാ ഭയ്യ 500-ലധികം ആയുധങ്ങൾ പൂജയ്ക്കെത്തിച്ചത് വാർത്തയാകുന്നു. ചടങ്ങിൽ അദ്ദേഹം നടത്തിയ ആനക്കൊമ്പിനെക്കുറിച്ചുള്ള പരാമർശം വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചു. കഴിഞ്ഞ വർഷം അനധികൃത ആയുധശേഖരമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് വീണ്ടും ഈ ആയുധപൂജ നടക്കുന്നത്.
ദസറ ആഘോഷത്തിന്റെ ഭാഗമായി 500 -ലധികം ആയുധങ്ങൾ പൂജയ്ക്കെത്തിച്ച് ഉത്തർപ്രദേശിലെ കുണ്ട എംഎൽഎയും ജനസത്താ ദൾ (ലോക്താന്ത്രിക്) അധ്യക്ഷനുമായ രഘുരാജ് പ്രതാപ് സിങ് എന്ന രാജാ ഭയ്യ. പ്രതാപ്ഗഢിലെ ബെന്റി കൊട്ടാരത്തിൽ വിജയദശമി ദിനത്തിൽ നടന്ന ചടങ്ങിനിടെ അദ്ദേഹം നടത്തിയ ‘പ്രദർശനത്തിനും ഭക്ഷണത്തിനും വേണ്ടി ആനയ്ക്ക് വ്യത്യസ്തമായ കൊമ്പുകളുണ്ട്.’ എന്ന പരാമർശവും ഏറെ വിവാദമായി.
എംഎൽഎയുടെ 'ആയുധപൂജ'
ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്ന് മണിവരെ വേദമന്ത്രങ്ങളുടെ അകമ്പടിയിലായിരുന്നു ആയുധപൂജ നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാജാ ഭയ്യയുടെ ഇരട്ടമക്കളായ ശിവ്രാജും ബ്രിജ്രാജും ചടങ്ങിൽ പങ്കെടുത്തു. ബ്ലോക്ക് മേധാവികൾ, ജില്ലാ പഞ്ചായത്ത് അധ്യക്ഷന്റെ പ്രതിനിധി, നൂറുകണക്കിന് അനുയായികൾ എന്നിവരും ചടങ്ങിനെത്തിയിരുന്നു. ഇവരിൽ ചിലർ സ്വന്തം ആയുധങ്ങളും കൊണ്ടുവന്നു. ആയുധങ്ങളുടെ ഉടമകളെ തിരിച്ചറിയുന്നതിനായി ലൈസൻസുകളും തിരിച്ചറിയൽ രേഖകളും സമീപത്ത് വെച്ചിരുന്നുവെന്നാണ് സംഘാടകർ അറിയിച്ചത്.
'ആയുധ പൂജ' പുരാതന പാരമ്പര്യമെന്ന്
വിജയദശമിയിലെ ആയുധപൂജ പുരാതന പാരമ്പര്യമാണെന്നും രാജ്യത്തെയും മതത്തെയും സംരക്ഷിക്കാനുള്ള പ്രതിജ്ഞയുടെ ഭാഗമാണെന്നും രാജാ ഭയ്യ പറഞ്ഞു. ചടങ്ങിൽ പ്രദർശിപ്പിച്ച ആയുധങ്ങൾ മാത്രമല്ല തങ്ങളുടെ കൈവശമുള്ളതെന്ന സൂചനയോടെയാണ് ആനയുടെ കൊമ്പുകളെക്കുറിച്ചുള്ള പരാമർശം രഘുരാജ് പ്രതാപ് സിങ് എംഎൽഎ നടത്തിയത്. ഇതോടെ പ്രസ്താവനയുടെ അർത്ഥത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ തന്നെ നടന്നു.
കഴിഞ്ഞ വർഷം രാജാ ഭയ്യയുടെ ഭാര്യ ഭാന്വി സിങ് അനധികൃത ആയുധശേഖരമുണ്ടെന്ന ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് സമാനമായ ചടങ്ങ് വിവാദമായിരുന്നു. എന്നാൽ, രാജാ ഭയ്യയുടെയും അനുയായികളുടെയും ആയുധങ്ങൾ ലൈസൻസുള്ളവയാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സഹായി അക്ഷയ് പ്രതാപ് അവകാശപ്പെട്ടു. ഇത്തവണയും 500 -ലധികം ആയുധങ്ങൾ ഉൾപ്പെട്ടുത്തി തുടർച്ചയായി രണ്ടാം വർഷമാണ് ചടങ്ങ് നടത്തുന്നത്. സംഭവത്തിന്റെ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.


