ഹോട്ടലിലേക്ക് വന്നിരുന്നവരുടെ എണ്ണത്തിൽ പെട്ടന്നുണ്ടായ കുറവ് തന്നെ അത്ഭുതപ്പെടുത്തിയെന്നും പക്ഷെ ഇങ്ങനൊരു ചതി താൻ പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യയുടെയും ഇന്റർനെറ്റിന്റെയും വളർച്ച വിപ്ലവകരമായ മാറ്റങ്ങളാണ് നമ്മുടെ അനുദിന ജീവിതത്തിലും തൊഴിൽ മേഖലകളിലും വരുത്തിയിട്ടുള്ളത്. ജീവിതത്തെ ആയാസകരമാക്കുന്നതിൽ ഇവ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ, അതേ സാങ്കേതികവിദ്യ തന്നെ പലപ്പോഴും നമുക്ക് പണിതരാറുമുണ്ട്. അത്തരത്തിൽ ഒരു വലിയ തിരിച്ചടി ലഭിച്ചതിന്റെ ആഘാതത്തിലാണ് ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു റെസ്റ്റോറന്റ് ഉടമ. ആപ്പിൾ മാപ്പിൽ നിന്നും സംഭവിച്ച ഒരു സാങ്കേതികപ്പിഴവിൽ ഓസ്‌ട്രേലിയയിലെ 'പംസ് കിച്ചൻ' എന്ന തായ് റെസ്റ്റോറൻ്റ് ഉടമ ക്രിസ് പ്യാറ്റിന് നഷ്ടമായത് 6 ലക്ഷം രൂപയാണ്.
ആപ്പിൾ മാപ്പിൽ ഇദ്ദേഹത്തിന്റെ റെസ്റ്റോറന്റ് എന്നേക്കുമായി അടച്ചു പൂട്ടി എന്ന് കാണിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന് കഴിഞ്ഞ രണ്ടുമാസങ്ങളിൽ ബിസ്സിനസ്സിൽ വലിയ തിരിച്ചടി നേരിടേണ്ടി വരികയായിരുന്നു. മാപ്പിലെ വിവരം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതോടെ ഇവിടേയ്ക്ക് വന്നിരുന്ന ആളുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായാതായും നവംബർ, ഡിസംബർ മാസങ്ങളിൽ ആറുലക്ഷം രൂപയോളം തനിക്ക് നഷ്ടം സംഭവിച്ചതായും ആണ് ക്രിസ് പ്യാറ്റിൻ പറയുന്നത്.
ഹോട്ടലിലേക്ക് വന്നിരുന്നവരുടെ എണ്ണത്തിൽ പെട്ടന്നുണ്ടായ കുറവ് തന്നെ അത്ഭുതപ്പെടുത്തിയെന്നും പക്ഷെ ഇങ്ങനൊരു ചതി താൻ പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഹോട്ടൽ അടച്ചു പൂട്ടിയതിന്റെ കാരണം ചോദിച്ച് ആളുകൾ ഫോൺ വിളിച്ച് തുടങ്ങിയപ്പോഴാണ് താൻ കാര്യങ്ങൾ മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കുണ്ടായ ബുദ്ധിമുട്ട് ആപ്പിൾ കസ്റ്റമർ സപ്പോർട്ട് റെപ്രസെന്റേറ്റീവിനെ അറിയിച്ചെങ്കിലും തനിക്ക് യാതൊരുവിധ സഹായവും ലഭിച്ചില്ലെന്നും ഇദ്ദേഹം പറയുന്നു. വിഷയത്തിൽ 'ഓൺലൈൻ ഫീഡ്‌ബാക്ക്' സമർപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഏറെ ദിവസങ്ങൾക്ക് ശേഷമാണ് തന്റെ പ്രശ്നം പരിഹരിക്കാൻ ആപ്പിളിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടായതെന്നും ക്രിസ് പ്യാറ്റ് പറഞ്ഞു.
(ചിത്രം പ്രതീകാത്മകം)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
