ധ്രുവാംഗ്, പ്രിയങ്ക എന്നിവര്‍ ആര്‍ക്കിടെക്ടുകളാണ്... പക്ഷെ, പരമ്പരാഗതമായി കണ്ടുവരുന്ന തരത്തിലുള്ള വീടുകളാകില്ല ഇവര്‍ നിങ്ങള്‍ക്കായി പണിയുന്നത്. പ്രകൃതിയെ അധികം ചൂഷണം ചെയ്യാതെ, എന്നാല്‍ പ്രകൃതിയോടിണങ്ങിക്കഴിയാവുന്ന രീതിയിലാണ് ഇവരുടെ വീട് നിര്‍മ്മാണം. സാധാരണ പണിക്കാരെ വച്ചുകൊണ്ട് ഇവര്‍ വയ്ക്കുന്ന വീടുകള്‍ പ്രകൃതിയോട് ഇണങ്ങുന്നവയാണ്. 

ഇവര്‍ മണ്ണുവീട് പണിത് തുടങ്ങുന്നത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. സ്വന്തം ആശയത്തിലൂടെയുള്ള, പ്രകൃതിയുമായി അടുത്തിരിക്കുന്ന ആറ് വീടുകള്‍ ഇരുവരും ചേര്‍ന്ന് പണിയിച്ചു കഴിഞ്ഞു. മൂന്ന് പ്രൊജക്ടുകള്‍ നടന്നുവരുന്നു. 

മുംബൈക്കും പൂനെയ്ക്കും ഇടയിലുള്ള ഒരു ഗ്രാമത്തില്‍ ഇവര്‍ നിര്‍മ്മിച്ച വീടാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കുന്നിന്‍ മുകളില്‍ കാടിനോട് ചേര്‍ന്നുള്ള ഒരിടത്താണ് അവര്‍ വീട് നിര്‍മ്മിച്ചത്. ആദ്യം നിര്‍മ്മാണത്തിനുള്ള വസ്തുക്കളവിടെ ഉണ്ടോ എന്നാണ് ഇരുവരും നോക്കിയത്. അപ്പോഴാണ് കരിങ്കല്ലുകള്‍ അവിടെ കിട്ടുന്നുവെന്ന് കണ്ടത്. അവിടെയുള്ള ആളുകള്‍ സാധാരണയായി ഈ കല്ലുകളുപയോഗിച്ചായിരുന്നു വീട് നിര്‍മ്മിച്ചിരുന്നത്. അതുപയോഗിച്ച് വീട് നിര്‍മ്മിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഏഴടിക്ക് മുകളിലേക്ക് ഈ കല്ലുകള്‍ ഉയര്‍ത്താനാകില്ലെന്ന് വന്നതോടെ മറ്റ് മുകളിലോട്ടുള്ള ഭാഗങ്ങളില്‍ ഇഷ്ടിക ഉപയോഗിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷെ, വീട് നിര്‍മ്മാണത്തിന്‍റെ ഒരു ഘട്ടത്തിലും സിമന്‍റ് ഉപയോഗിച്ചിരുന്നില്ല. പകരം, മണ്ണ് ഉപയോഗിച്ചു. 

മുകള്‍ ഭാഗങ്ങളില്‍ മണ്ണും ഇഷ്ടികയും മരവുമാണ് ഉപയോഗിച്ചത്. സാധാരണയായി ഉപയോഗിക്കുന്ന തേക്കിന് പകരമായി പ്രാദേശികമായി കിട്ടുന്ന ഒരു മരമുപയോഗിച്ചാണ് മുകള്‍ ഭാഗം പണിതത്.   അതിനവര്‍ പറയുന്ന കാരണം, ഒരുപാട് തേക്കുകള്‍ വനം വകുപ്പ് തന്നെ നട്ടുപിടിപ്പിക്കുകയും മുറിച്ച് നല്‍കുകയും ചെയ്യുന്നുണ്ട് അത് പ്രകൃതിക്ക് നല്ലതല്ല എന്നാണ്. അതിനാല്‍ തന്നെ ഇതുപോലെയുള്ള മരങ്ങളുപയോഗിച്ചും വീട് പണിയാമെന്നും ഇവര്‍ പറയുന്നു. 

പൂനെയില്‍ നിന്നുള്ള അവരുടെ ആവശ്യക്കാര്‍ക്ക് വേണ്ടിയിരുന്നത് വളരെ ചെലവ് കുറഞ്ഞ ഒരു വീടായിരുന്നു. അതവരുടെ രണ്ടാമത്തെ വീടായിരുന്നു. അതിനാല്‍ തന്നെ സ്ഥിര താമസത്തിനായിട്ടായിരുന്നില്ല അത്. നോക്കാന്‍ എളുപ്പമായിരിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ തന്നെ സിമന്‍റുപയോഗിക്കാത്തതാണ് നല്ലതെന്നും ഇരുവരും തീരുമാനിച്ചു. 

പ്രകൃതയോടിണങ്ങി നില്‍ക്കുന്ന എന്നാല്‍ ആവശ്യക്കാരുടെ ആഗ്രഹത്തോടടുത്ത് നില്‍ക്കുന്നതുമായ വീടായിരുന്നു അവരുടെ ആഗ്രഹം. സിമന്‍റ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീടുകള്‍ എളുപ്പത്തില്‍ അകം ചൂടാവുന്നതായിരിക്കും. പ്രത്യേകിച്ച് മാറിവരുന്ന ഈ കാലാവസ്ഥയില്‍. അതിനാല്‍ പരമാവധി സിമന്‍റ് കുറച്ചുള്ള വീട് പണിയാണ് ഈ ആര്‍ക്കിടെക്ട് ദമ്പതിമാരുടെ നേതൃത്തില്‍ നടക്കുന്നത്. അതിനാല്‍ തന്നെ ഈ വ്യത്യസ്തമായ നിര്‍മ്മാണത്താല്‍ പുറത്ത് 38 ഡിഗ്രി വരെ ചൂടുണ്ടെങ്കിലും അകത്ത് 25 ഡിഗ്രി ഒക്കെയേ കാണൂ. അതിനാല്‍ തന്നെ ഒരിക്കലും എയര്‍ കണ്ടീഷന്‍റേയോ ആവശ്യം വരുന്നില്ല. 

പൂനെയില്‍ ജനിച്ചു വളര്‍ന്ന ധ്രുവാംഗ് മുംബൈയിലെ രചന സന്‍സദ് അക്കാദമി ഓഫ് ആര്‍ക്കിടെക്ചറില്‍ പഠിക്കുമ്പോഴാണ് പ്രിയങ്കയെ പരിചയപ്പെടുന്നത്. എക്കോ- ഫ്രണ്ട്ലി ആയി കെട്ടിടങ്ങള്‍ പണിയാനാഗ്രഹിക്കുന്ന പ്രൊഫ. മാലക്സിങ്ങ് ഗില്‍ അവരെ ആകര്‍ഷിച്ചു. അദ്ദേഹമാകട്ടെ പ്രശസ്ത ആര്‍ക്കിടെക്ട് ലാറി ബേക്കറിന്‍റെ ശിഷ്യനായിരുന്നു. 

പഠനത്തിന്‍റെ ഭാഗമായി പ്രൊഫ. മലക്സിങ്ങിന്‍റെ കൂടെ ഒരു ഗ്രാമം സന്ദര്‍ശിക്കുകയായിരുന്നു ധ്രുവാംഗ്. മഹാരാഷ്ട്രയിലെ ആ ഗ്രാമത്തില്‍ വെച്ചാണ് മനോഹരമായ ഒരു മണ്‍വീട് ധ്രുവാംഗിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. അത്, അയാളെ ആകര്‍ഷിച്ചു. ധ്രുവാംഗിന്‍റെ കൂടെയുണ്ടായിരുന്ന പലരും ആ വീട് വരച്ച് സൂക്ഷിക്കാന്‍ ഉത്സാഹം കാട്ടി. ആ വീട്ടില്‍ പ്രായമായ ഒരു സ്ത്രീ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവര്‍ തനിച്ചാണ് ആ വീട് പണിതത്. ചുമരുകള്‍ക്ക് ചാണകം മെഴുകി അതില്‍ തന്‍റെ പഴയ വളകള്‍ അവര്‍ ചേര്‍ത്തുവെച്ചിരുന്നു. അത് ആ വീടിനെ കൂടുതല്‍ ഭംഗിയുള്ളത്, അടുപ്പം തോന്നിക്കുന്നതുമാക്കി. 

ഇത്രയും വിദ്യാഭ്യാസമുണ്ടായിട്ടും നമുക്ക് കഴിയാത്തത് എന്തോ ആ സ്ത്രീക്ക് കഴിഞ്ഞിരിക്കുന്നുവെന്ന് ആ വീട് കണ്ടപ്പോള്‍ അവര്‍ക്ക് തോന്നി. അങ്ങനെയാണ്, പഠിച്ചുവെച്ചിരിക്കുന്ന സാധാരണ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്തുള്ള വീടുകള്‍ പണിയണമെന്ന് ധ്രുവാംഗ് തീരുമാനിക്കുന്നത്. 

അങ്ങനെയാണ് ധ്രുവാംഗും പ്രിയങ്കയും വ്യത്യസ്തമായ വീട് നിര്‍മ്മാണവുമായി മുന്നോട്ട് പോകുന്നത്. പ്രൊജക്ട് ലഭിച്ചപ്പോള്‍ തന്നെ ഇരുവരും ചേര്‍ന്ന് അതുപോലെയുള്ള കെട്ടിടങ്ങള്‍ സന്ദര്‍ശിച്ചു, അവയെ കുറിച്ച് മനസിലാക്കി. ഓരോ സ്ഥലത്തേയും കാലാവസ്ഥയ്ക്കും അനുയോജ്യമായ വീടുകളെങ്ങനെ നിര്‍മ്മിക്കാമെന്നും നോക്കി. 

ഏറ്റവും കുറച്ച് വസ്തുക്കളുപയോഗിച്ച്, പ്രകൃതിയെ വളരെ കുറച്ച് മാത്രം ആശ്രയിച്ച് എങ്ങനെ വീടുണ്ടാക്കാമെന്നതിനായിരുന്നു ഇരുവരും പ്രാഥമിക പരിഗണന നല്‍കിയിരുന്നത്. അതിനാല്‍ തന്നെ കൊടും ചൂടിലും ഫാനും എ സിയും ഇല്ലാതെ തന്നെ തണുപ്പ് നല്‍കുന്നു ഇവര്‍ നിര്‍മ്മിക്കുന്ന വീടുകള്‍. 

 

കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ