"ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം സൈന്യാധിപന്‍റേതായിരിക്കണം" എന്നാണ് സൈന്യവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകളിൽ ഒന്ന്. എന്നാൽ ജനറൽ ബിപിൻ റാവത് എന്ന നമ്മുടെ ആർമി ചീഫിന്റെ, ഭാവി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ ശബ്ദം കുറച്ചധികം ഉച്ചത്തിലാണ്. അതുയരുമ്പോഴൊക്കെ ആർമി ബാരക്കുകൾക്കുള്ളിൽ മാത്രമല്ല, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അങ്ങോളമിങ്ങോളം വളരെ വ്യക്തമായി അത് കേൾക്കാം. ഇന്നലെ, ജനറൽ വീണ്ടും ഒരിക്കൽ കൂടി ശബ്ദിച്ചു. എന്താണ് അദ്ദേഹം പറഞ്ഞത്?

പരിഭാഷപ്പെടുത്തിയാൽ, "ജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുന്നവരാകണം നേതാക്കൾ. തെറ്റായ ദിശകളിലേക്ക് നയിക്കുന്നവരാകരുത് അവർ. നേതാക്കൾ ജനക്കൂട്ടങ്ങളെക്കൊണ്ട് കലാപങ്ങളും, തീവെപ്പും, കല്ലേറുമൊക്കെ നടത്തിക്കുന്നതായാണ് നമ്മൾ ഇന്ന് യൂണിവേഴ്സിറ്റികളിലും തെരുവുകളിലുമൊക്കെ കാണുന്നത്. ഇതാവരുത് നേതൃത്വം. ശരിയായ ദിശയിലേക്ക് ജനങ്ങളെ നയിക്കുന്ന, അവർക്ക് ശരിയായ ഉപദേശം നൽകുന്ന, നയിക്കുന്ന ജനക്കൂട്ടത്തെപ്പറ്റി മനസ്സിൽ ചിന്തയുള്ളവരാവണം ശരിയായ നേതാക്കൾ. സ്വന്തം ജീവിതത്തിലെ ഓരോ പ്രവൃത്തിയും നേതാക്കൾ ജനങ്ങൾക്ക് നൽകുന്ന സന്ദേശങ്ങളാകണം. ഞങ്ങൾ സേനയെ നയിക്കുന്നവർക്ക് അക്കാര്യത്തിൽ അഭിമാനമുണ്ട്."

"

സൈന്യം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ് ഇന്ത്യയിലെ കീഴ്വഴക്കം. അത് പക്ഷം പിടിക്കാൻ നിൽക്കാറില്ല. വ്യക്തിപരമായ രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾ സേനയുടെ പ്രവർത്തനത്തെ ഒരുകാലത്തും ബാധിച്ച ചരിത്രമില്ല. രാഷ്ട്രീയക്കാരിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത് അതുതന്നെയാണ്. തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾ സൈന്യത്തിനുമേൽ അടിച്ചേൽപ്പിക്കരുത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി സൈന്യത്തെ ദുരുപയോഗം ചെയ്യരുത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ ലക്ഷ്മണരേഖ ഇരുവശത്തുനിന്നും ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഉദാഹരണം, യോഗി ആദിത്യനാഥ് നടത്തിയ ഈ പ്രസംഗം തന്നെയാണ്. ഇതിൽ പറയുന്നത് ഇങ്ങനെയാണ്, "മുൻ കാലങ്ങളിൽ കോൺഗ്രസിന്റെ സൈന്യം ഭീകരവാദികൾക്ക് ബിരിയാണി വെച്ചുകൊടുക്കുകയായിരുന്നു. എന്നാൽ ഇന്ന് മോദിജിയുടെ സൈന്യം ഭീകരവാദികൾക്ക് വെടിയുണ്ടയാണ് നൽകുന്നത്." യോഗി ആദിത്യനാഥ് പറഞ്ഞതും കടന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനിടെ നടന്ന റാലിയിൽ മോദി തന്റെ കന്നിവോട്ടർമാരെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു, "ഞാൻ എന്റെ കന്നി വോട്ടർമാരോട് ചോദിയ്ക്കാൻ ആഗ്രഹിക്കുന്നത് ഇത്രമാത്രം. നിങ്ങളുടെ കന്നിവോട്ട്, ബാലക്കോട്ടിലെ ഭീകരവാദി ക്യാമ്പുകൾ ബോംബിട്ടു തകർത്ത പട്ടാളക്കാർക്ക് സമർപ്പിക്കാൻ സാധിക്കുമോ? നിങ്ങളുടെ കന്നിവോട്ട് പുൽവാമയിലെ വീരചരമമടഞ്ഞ ജവാന്മാർക്ക് സമർപ്പിക്കാനാകുമോ?"

ഇങ്ങനെയൊക്കെ പറഞ്ഞ് കാര്യം വഷളായാൽ, രാഷ്ട്രീയക്കാർക്ക് സ്ഥിരം പറഞ്ഞു നിൽക്കാവുന്ന ഒരു ന്യായമുണ്ട്. കവലപ്രസംഗമായിരുന്നു, മുന്നിൽ മൈക്കും ജനക്കൂട്ടവും കണ്ടപ്പോൾ ആവേശം മൂത്ത് പറഞ്ഞു പോയതാണ്. ഇനിയുണ്ടാവില്ല എന്ന്. എന്നാൽ, ഈ ന്യായം പട്ടാള ജനറൽമാർക്ക് ചേരില്ല. ജനറൽ റാവത് സംസാരിക്കാൻ ചെന്ന പരിപാടിക്ക് പൗരത്വ നിയമ ഭേദഗതിയോടോ അല്ലെങ്കിൽ അതിന്റെ പേരിൽ നടക്കുന്ന സമരങ്ങളോടോ വിദൂരമായ ഒരു ബന്ധവുമുണ്ടായിരുന്നില്ല. അത് ഒരു ആരോഗ്യ ഉച്ചകോടിയായിരുന്നു. എന്ന് മാത്രമല്ല, പൗരത്വ നിയമ ഭേദഗതി എന്നത് രാജ്യം മുഴുവൻ രണ്ടായി തിരിഞ്ഞു നിന്ന് ഘോരഘോരം ചർച്ചിച്ചു കൊണ്ടിരിക്കുന്ന ഒരു വിവാദവിഷയമാണ്. തിളനിലയിലെത്തി നിൽക്കുന്ന ഒരു വിഷയം. കേന്ദ്രം നിയമമുണ്ടാക്കിക്കഴിഞ്ഞു എങ്കിലും, ദിവസം ചെല്ലുന്തോറും ജനപ്രതിഷേധം ഇരട്ടിച്ചു വരികയാണ്. കാര്യങ്ങൾ കോടതിയുടെ പരിഗണനയിലേക്ക് വരാൻ പോവുകയാണ്. അതിനിടെ ഇങ്ങനെ ഒരു പ്രസ്താവന, തികച്ചും അനവസരത്തിലുള്ളതായിപ്പോയി.

ഈ പ്രസ്താവനയ്ക്ക് പലതുണ്ട് കുഴപ്പങ്ങൾ. ഒന്ന്, ഇപ്പോൾ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് സർക്കാരിനെ അനുകൂലിച്ചുകൊണ്ടുള്ള ഒരു വാഴ്ത്തുപാട്ടായിട്ടേ കണക്കാക്കാനാവൂ. അദ്ദേഹം പറയുന്നത് അക്രമമത്തിനെതിരെ മാത്രമാണ് എന്നൊക്കെ വാദിക്കാമെങ്കിലും, എന്നാൽ ഈ കഴിഞ്ഞ കുറേ മാസങ്ങളായി കോളേജുകൾ അല്ലെങ്കിൽ സർവ്വകലാശാലകൾ കേന്ദ്രീകരിച്ചു നടക്കുന്ന സമരങ്ങൾ, അവയുമായി ബന്ധപ്പെട്ടു നടക്കുന്ന അക്രമസംഭവങ്ങൾ ഇവയ്ക്ക് രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്. ഉദാ. ജെഎൻയുവിൽ ഫീസ് വർധനവിന്റെ പേരിൽ നടന്ന സമരങ്ങൾ പൈസയുമായി ബന്ധപ്പെട്ടതല്ല. സാമ്പത്തിക സ്ഥിതി ഉള്ളതും അല്ലാത്തതുമായ കുടുംബങ്ങളിൽ നിന്ന് വന്ന എല്ലാവരും ഒറ്റക്കെട്ടായാണ് പാവപ്പെട്ടവന് ചുരുങ്ങിയ ചെലവിൽ പഠിക്കാനുള്ള സാഹചര്യം ഇല്ലാതാവരുത് എന്ന ആവശ്യം ഉയർത്തിക്കൊണ്ട് സമരം ചെയ്തത്. അതുപോലെതന്നെ, മുസ്ലീങ്ങളോട് വിവേചനമരുത് എന്ന ആവശ്യവുമായി തെരുവിലിറങ്ങിയിരിക്കുന്നവരിൽ ഭൂരിഭാഗവും ഇതര മതസ്ഥരാണ്. ഇത് നിയമ വ്യവസ്ഥയുടെ പരിപാലനത്തെക്കാൾ, നിയമം എന്താവരുത് എന്നതിനെപ്പറ്റിയുള്ള ഒരു ചർച്ച കൂടിയാണ്.

ജനറലിന് അക്രമസംഭവങ്ങൾ ഒഴിവാക്കണം എന്ന ആവശ്യമാണുള്ളത് എങ്കിൽ, സമാധാനപരമായി നടന്ന സമരങ്ങളെ എടുത്തുകാട്ടി പ്രശംസിക്കാമായിരുന്നു. അവ ശരിയായ മാർഗമാണ്, കല്ലേറും തീവെപ്പും അങ്ങനെയല്ല എന്ന് പറയാമായിരുന്നു. ജനറലിന്റെ വിമർശനത്തോടല്ല പ്രതിഷേധമുയരുന്നത്, അതിനായി അദ്ദേഹം തെരഞ്ഞെടുത്ത വാക്കുകളും, പ്രയോഗങ്ങളുമാണ് പ്രശ്‍നമായിരിക്കുന്നത്. മറ്റൊരു പ്രധാനപ്രശ്നം, ജനങ്ങളും സർക്കാരും തമ്മിലുള്ള ഈ അഭിപ്രായ ഭിന്നതയിൽ സൈന്യം മൂന്നാമതൊരു കക്ഷിയായി രംഗത്തുവരികയും, സർക്കാരിനെ പിന്തുണച്ചുകൊണ്ട് നിലകൊള്ളുകയും ചെയ്‌താൽ അത് രാജ്യത്ത് അസന്തുലിതാവസ്ഥയുണ്ടാക്കും.

ഒരു രാജ്യത്തിലെ ദൈനംദിന ഭരണകാര്യങ്ങളിൽ സൈന്യം ഇടപെടലുകൾ നടത്തുന്നത് ഒട്ടും അഭിലഷണീയമല്ല. ഇന്ത്യയിൽ സൈന്യത്തിന്റെ റോൾ എന്നും വളരെ കൃത്യമായി ഭരണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യസുരക്ഷയ്ക്ക് വേണ്ട സംവിധാനങ്ങൾ ഉറപ്പുവരുത്തുക എന്നതാണ്. അത് ഇന്നോളം കൃത്യമായി നടന്നുവന്നിട്ടുമുണ്ട്. ഒരു രാജ്യത്തിൻറെ സൈന്യം എങ്ങനെയാകരുത് എന്നതിന്റെ മകുടോദാഹരണമാണ് നമ്മുടെ അയൽരാജ്യമായ പാകിസ്ഥാൻ. പലവട്ടം പട്ടാള അട്ടിമറി രാജ്യത്തെ അസ്ഥിരമാക്കിയ ചരിത്രമുണ്ട് അതിന്. അങ്ങനെയൊരു സാഹചര്യം ഒരു ദിവസം കൊണ്ടുണ്ടാകുന്നതല്ല, മറിച്ച് ഇത്തരത്തിലുള്ള ചെറിയ ചെറിയ പ്രസ്താവനകളിലൂടെ, എതിർക്കപ്പെടാതെ പോകുന്ന പ്രവൃത്തികളിലൂടെ പതിറ്റാണ്ടുകൾകൊണ്ട് സൃഷ്ടിച്ചെടുക്കപ്പെടുന്നതാണത്. അതുകൊണ്ടുതന്നെയാണ് ജനറൽ റാവത് ഇങ്ങനെയൊരു പ്രസ്താവന നടത്തിയപ്പോൾ ഉടൻ തന്നെ ഇന്ത്യൻ രാഷ്ട്രീയനേതാക്കളുടെ ഭാഗത്തുനിന്ന് കടുത്ത പ്രതികരണങ്ങളും ഉണ്ടായത്. ഏറ്റവും തീക്ഷ്‍ണമായ പ്രതികരണം നടത്തിയത് AIMIM നേതാവായ അസദുദ്ദീൻ ഒവൈസി ആയിരുന്നു. "പ്രധാനമന്ത്രി മോദി അടിയന്തരാവസ്ഥക്കാലത് ഇന്ദിരാഗാന്ധിക്കെതിരെ പ്രക്ഷോഭം നടത്തിയെന്ന് അവകാശപ്പെടാറുണ്ട്.  ജനറലിന്റെ പ്രസ്താവന പ്രകാരം അതും തെറ്റല്ലേ? വാജ്പേയീ അഡ്മിറൽ വിഷ്ണു ഭഗത്തിനെ നീക്കിയതോ? അതിനെപ്പറ്റി എന്താണ് പറയാനുള്ളത്. ജനറലിന്റെ പ്രസ്താവന സർക്കാരിനെ കുറച്ചു കാണുന്ന ഒന്നാണ്. അത് തെറ്റാണ്. സർക്കാരിനെ ഇങ്ങനെയുള്ള പ്രസ്താവനകൾ കൊണ്ട് ജനറൽ അപമാനിക്കുകയാണ് ചെയ്യുന്നത്..." ഒവൈസി പറഞ്ഞു. കോൺഗ്രസിന്റെ ഭാഗത്തു നിന്ന് മനീഷ് തിവാരിയും 'സിവിൽ-മിലിട്ടറി' ബന്ധങ്ങളിൽ ഇത്തരം പ്രസ്താവനകൾ സൃഷ്ടിക്കുന്ന അപഭ്രംശങ്ങളെപ്പറ്റി വേവലാതിപ്പെട്ടുകൊണ്ട് ട്വീറ്റ് ചെയ്തു.

'സിവിൽ-മിലിട്ടറി' ബന്ധം എന്നത് ഇവിടെ ഏറെ ശ്രദ്ധേയമായ ഒരു വാക്കാണ്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയിലേക്ക് ജനറൽ റാവത്തിന്റെ പേര് ഉയർന്നു കേൾക്കുന്ന സമയത്തുതന്നെ സർക്കാർ അനുകൂല പ്രസ്താവനകൾ അദ്ദേഹത്തിൽ നിന്നുണ്ടാവുന്നത് സംശയാസ്പദമായ ഒരു പ്രവൃത്തിയാണ്. മാത്രമല്ല, ലെഫ്റ്റനന്റ് ജനറൽ ആയിരുന്ന ബിപിൻ റാവത്, തന്നെക്കാൾ സീനിയറായ രണ്ടു ജനറൽമാരെ മറികടന്നുകൊണ്ട് കരസേനയുടെ ഇരുപത്തേഴാമത്‌ ചീഫ് ഓഫ് ആർമി സ്റ്റാഫ് ആയതിനു പിന്നാലെ പല വിവാദങ്ങളിലും ചെന്ന് പെട്ടിട്ടുമുണ്ട്. "കാശ്മീരിൽ പ്രതിഷേധക്കാർ സൈന്യത്തിനുനേരെ കല്ലിനു പകരം വെടിയുണ്ടകളാണ് വർഷിച്ചിരുന്നതെങ്കിൽ, എനിക്കിപ്പോൾ തോന്നുന്നത് പോലെ പ്രവർത്തിക്കാൻ സാധിച്ചിരുന്നേനെ" എന്ന് പറഞ്ഞയാളാണ് ജനറൽ റാവത്. ജനം സൈന്യത്തെ ഭയക്കേണ്ടതുണ്ട് എന്നും ഒരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായ പക്ഷപാതിത്വങ്ങൾക്ക് വിധേയനാണ് ജനറൽ ബിപിൻ റാവത് എന്നതാണ് പൊതുവെയുള്ള ആക്ഷേപം.

ജനറൽ ബിപിൻ റാവത്തിനെപ്പറ്റിയുള്ള മേൽപ്പറഞ്ഞ ആക്ഷേപങ്ങൾ ഒക്കെയും തെറ്റാണ് എന്നുവന്നാൽ ഏറ്റവും സന്തോഷിക്കുക നമ്മളായിരിക്കും. എന്നാൽ, ഇതൊക്കെ പൊതുമണ്ഡലത്തിൽ നിലനിൽക്കുമ്പോൾ, നമ്മൾ ജാഗരൂകരായേ മതിയാകൂ. ജനറലും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, അദ്ദേഹം പറയുന്നത് പട്ടാളത്തിന്റെ പടക്കോപ്പുകളെപ്പറ്റിയല്ല, ഇന്ത്യയിലെ പൊതുജനങ്ങളെപ്പറ്റിയാണ്. മനുഷ്യനെയും, പാറ്റൺ ടാങ്കുകളെയും, പോർവിമാനങ്ങളെയും ചേർത്ത് പണ്ടേക്കുപണ്ടേ ബെർതോൾട്ട് ബ്രെഹ്ത്ത് വളരെ കൃത്യമായിത്തന്നെ തന്റെ കവിതയിൽ ഇങ്ങനെ പറഞ്ഞുവെച്ചിട്ടുണ്ട്,

"ജനറല്‍ ,
താങ്കളുടെ പാറ്റന്‍ടാങ്ക്
ഏറെ കരുത്തുള്ള ഒന്നാണ്…
അത് കാടുകളെ തകര്‍ത്തു കേറും,
മനുഷ്യരെ ഞെരിച്ചുടയ്ക്കും...
പക്ഷെ അതിനൊരു
ദോഷമുണ്ട്...
അതിന് ഒരു ഡ്രൈവര്‍ വേണം.

ജനറല്‍ ,
നിങ്ങളുടെ ബോംബര്‍
ഏറെ കരുത്തുള്ള ഒന്നാണ്.
അത് കൊടുങ്കാറ്റിനെക്കാള്‍
വേഗത്തില്‍ പറക്കുകയും
ഒരാനയെക്കാള്‍
ഭാരമേറ്റുകയും ചെയ്യും.
പക്ഷെ അതിനൊരു
ദോഷമുണ്ട്...
അതിനൊരു മെക്കാനിക് വേണം.

ജനറല്‍ ,
മനുഷ്യന്‍ ഏറെ ഉപകാരമുള്ള ഒന്നാണ്.
അവന് പറക്കാനും
ആളുകളെ കൊല്ലാനും കഴിയും.
പക്ഷെ,
അവനും ഒരു ദോഷമുണ്ട്...
അവന് ചിന്തിക്കാന്‍ കഴിയും..."


Also Read:

ജനറല്‍ ബിപിന്‍ റാവത്ത് രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടില്ലെന്ന് കരസേന