Asianet News MalayalamAsianet News Malayalam

ചുംബിക്കുമ്പോള്‍ സുഖം,  കടിക്കുമ്പോള്‍ വേദന;  എന്തുകൊണ്ടാണ് ഇങ്ങനെ?

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ  ഡേവിഡ് ജൂലിയസ്, ആര്‍ദെം പെറ്റപൗറ്റിയന്‍ എന്നിവരുടെ കണ്ടെത്തലുകളെക്കുറിച്ച് അരുണ്‍ അശോകന്‍ എഴുതുന്നു

Arun Ashokan on  2021 Nobel Prize in Medicine for discoveries of receptors for temperature and touch
Author
Thiruvananthapuram, First Published Oct 5, 2021, 6:09 PM IST
  • Facebook
  • Twitter
  • Whatsapp

സ്പര്‍ശവുമായി ബന്ധപ്പെട്ട വൈദ്യശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കണ്ടുപിടിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ കണ്ടെത്തലുകള്‍ സഹായം ചെയ്യുമെന്നാണ് നൊബേല്‍ കമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്. മനുഷ്യരെപ്പോലെ സ്പര്‍ശത്തോട് പ്രതികരിക്കുന്ന റോബോട്ടുകളെ വികസിപ്പിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ഇത് ഉപയോഗിക്കാം.  കാമുകിയെ പോലെ സ്പര്‍ശിക്കുകയും നിങ്ങളുടെ സ്പര്‍ശം തിരിച്ചറിയുകയും ചെയ്യുന്ന റോബോര്‍ട്ട് ഭാവിയില്‍ ഉണ്ടാകാം.  ഇന്ദ്രിയാനുഭവത്തെ തലച്ചോറിലേക്ക് സിഗ്‌നലാക്കി എങ്ങനെ അയയ്ക്കുന്നു എന്നതിലെ നിര്‍ണായക കണ്ടെത്തലായാണ് ഇത് വിലയിരുത്തുന്നത്.  പക്ഷെ ഈ ഇന്ദ്രിയാനുഭവങ്ങളെല്ലാം പ്രോസസ് ചെയ്യപ്പെടുന്നത് തലച്ചോറിലാണ്. അതിന്റെ ന്യൂറല്‍ കംപ്യൂട്ടിംഗ് എന്ത് എന്നത് സംബന്ധിച്ച തിയറി കണ്ടെത്താന്‍ ശാസ്ത്രത്തിന് ഇനിയും ഒരുപാട് മെനക്കെടേണ്ടിവരും.   

 

Arun Ashokan on  2021 Nobel Prize in Medicine for discoveries of receptors for temperature and touch

 

കാമുകി ഒരു ചുംബനം നല്‍കിയാല്‍, ആഹാ എന്ത് സുഖം! അതേ കാമുകി ദേഷ്യം വന്ന് കോമ്പല്ലുകള്‍ താഴ്ത്തി നല്ലൊരു കടി തന്നാല്‍ ഏത് കാമുകനും പുളയും. സുഖം കൊണ്ടല്ല വേദന വന്നിട്ട്. 

നമ്മുടെ തൊലിപ്പുറത്ത് ഉണ്ടാകുന്ന ഒരു സ്പര്‍ശം സുഖവും, കടുത്ത സ്പര്‍ശനങ്ങള്‍ വേദനയും ആയി മാറുന്നത് എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? 

അധികം പേരും അങ്ങനെ ചിന്തിക്കാറില്ല. അതില്‍ എന്താണ് ഇത്ര ചിന്തിക്കാന്‍ എന്നാണ് പലരുടെയും ധാരണ.  ഒരാള്‍ ഒന്ന് തൊട്ടു, അപ്പോള്‍ തൊലിപ്പുറത്ത് അത് അറിഞ്ഞു. പിന്നൊരിക്കല്‍ കടിച്ചു, അപ്പോള്‍ ആ സ്ഥലത്ത് വേദനിച്ചു. എന്നാണ് നമ്മള്‍ കരുതുന്നത്.  പക്ഷെ ഈ രണ്ട് കാര്യങ്ങളിലും സ്റ്റിമുലേഷന്‍ ഉണ്ടാകുന്നത് തൊലിപ്പുറത്ത് ആണെങ്കിലും വേദനയും സുഖവും അറിയുന്നത് ബോധത്തിലാണ്. ആ ബോധത്തിന്റെ ഇരിപ്പിടം തലച്ചോറുമാണ് എന്നാണ് ഇന്നത്തെ സങ്കല്‍പ്പം. 

സ്പര്‍ശം എന്നതിന്റെ കാര്യത്തില്‍ മാത്രമല്ല കാഴ്ച, കേള്‍വി, മണം, രുചി തുടങ്ങിയ മറ്റ് ഇന്ദ്രിയാനുഭവങ്ങളുടെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ. അതായത് നിങ്ങള്‍ ഒരു ചുവന്ന പൂവിനെ കാണുന്നുവെന്ന് കരുതുക. ചുവന്ന പൂവില്‍ തട്ടി വരുന്ന പ്രത്യേക തരംഗദൈര്‍ഘ്യത്തിലുള്ള ഫോട്ടോണുകള്‍ കൃഷ്ണമണിയില്‍ തട്ടുന്നതാണ് ഇവിടുത്തെ ഭൗതിക സ്റ്റിമുലസ്. എന്നാല്‍ ഈ സ്റ്റിമുലസ് പിന്നീട് തലച്ചോറിലെ കാഴ്ചയുടെ കേന്ദ്രത്തില്‍ എത്തി പ്രോസസ് ചെയ്യപ്പെടുമ്പോഴാണ് ചുവന്ന പൂവെന്ന കാഴ്ച നമ്മില്‍ ഉണ്ടാകുന്നത്. ചുവന്ന പൂവ് നമ്മുടെ തലച്ചോറിലേക്ക് ഭൗതികമായി കയറി വരുകയോ, ചുവന്ന പൂവിന്റെ ദൃശ്യം തിയേറ്ററില്‍ സിനിമ കാണിക്കും പോലെ തലച്ചോറിനുള്ളില്‍ പ്രദര്‍ശിപ്പിക്കുകയോ അല്ല ചെയ്യുന്നത്. തലച്ചോറിനുള്ളില്‍ അങ്ങനെയൊരു സ്‌ക്രീനും അവിടെ ദൃശ്യവും ഉണ്ടെങ്കില്‍ അത് കാണാന്‍ പിന്നെ വേറൊരു ചെറിയ ആളെക്കൂടി തലയ്ക്ക് അകത്ത്  സങ്കല്‍പ്പിക്കേണ്ടിവരും. ഇതെല്ലാം കാഴ്ച, കേള്‍വി, സ്പര്‍ശം തുടങ്ങിയ ഇന്ദ്രിയാനുഭൂതികളിലെ അതിസങ്കീര്‍ണ പ്രശ്‌നങ്ങളാണ്. 

അതായത്  നമ്മുടെ ചുറ്റുമുള്ള പ്രപഞ്ചത്തെ അത് പോലെ നമ്മള്‍ ഉള്ളില്‍ എടുക്കുകയല്ല ചെയ്യുന്നത്.  ഭൗതികമായ ചോദനകളില്‍ നിന്നും നമ്മള്‍ നമ്മുടേതായ ഒരു ആന്തരികലോകം സൃഷ്ടിച്ച് എടുക്കുകയാണ് ചെയ്യുന്നത്. അതെങ്ങനെയെന്നത് കാലങ്ങളായി  ചിന്തകരെ കുഴക്കിയിട്ടുള്ള പ്രശ്‌നമാണ്. ഇന്ത്യന്‍ ദാര്‍ശനികരും പാശ്ചാത്യ ഫിലോസഫര്‍മാരും ഇക്കാര്യത്തില്‍ തങ്ങളുടെ പല സിദ്ധാന്തങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 

 

മോഹന്‍ലാലിന്റെ മുഖം

ഇത് ഇത്രയും വലിയ പ്രശ്‌നമാണെങ്കില്‍ എന്തുകൊണ്ട് നമ്മള്‍ ഇത് മനസ്സിലാക്കുന്നില്ല എന്ന് ചോദിച്ചാല്‍,  കാണുകയും കേള്‍ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്, അതില്‍ ഇത്ര അദ്ഭുതം കൂറാന്‍ എന്ത് ഇരിക്കുന്നുവെന്നതാണ് നമ്മുടെചിന്ത. പക്ഷെ ചില സമയത്തെങ്കിലും ഇവയെല്ലാം സങ്കീര്‍ണപ്രശ്‌നങ്ങളാണെന്ന് നമ്മള്‍ തിരിച്ചറിയാറുണ്ട്.  നമ്മുടെ വീട്ടിലെ ടിവി ശരിക്ക് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ടിവിയുടെ പ്രവര്‍ത്തനതത്വം  ആരും അന്വേഷിക്കാറില്ല. പക്ഷെ ടിവിയിലെ മോഹന്‍ലാലിന്റെ മുഖം കോണുകയും ശോഭന രണ്ടാകുകയും ചെയ്യുന്ന സമയത്ത് പ്രവര്‍ത്തന തത്വം അന്വേഷിക്കും. അതുപോലെ  ആരും കാണാത്ത കുഞ്ഞാത്തോലിനെ ജാനകിക്കുട്ടി (എന്റെ സ്വന്തം ജാനകിക്കുട്ടിക്ക്-സംവിധാനം : ഹരിഹരന്‍-1998) മാത്രം കാണുന്നുവെന്ന് വരുമ്പോള്‍  ആ കാഴ്ചയില്‍ എന്തോ പ്രശ്‌നം ഉണ്ടല്ലോയെന്ന് നമ്മള്‍ പറയും. പണ്ട് അതിന് യക്ഷിയെന്നായിരുന്നു പേരെങ്കില്‍ പിന്നീട് സ്‌ക്രീസോഫ്രീനിയ എന്ന് മാറി അത്രമാത്രം.

വൈദ്യശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേലിന് അര്‍ഹമായിരിക്കുന്നത് സ്പര്‍ശം എന്ന ഇന്ദ്രിയാനുഭൂതിയുമായി ബന്ധപ്പെട്ട കണ്ടെത്തലുകളാണ്. അതായത് ഒരു ചൂടുകാലത്ത്  രാവിലെ നിങ്ങള്‍ ഒരു പുല്‍മൈതാനത്തിലൂടെ നഗ്‌നപാദനായി നടക്കുന്നുവെന്ന് കരുതുക.  ആ സമയത്ത് സൂര്യന്റെ ചൂടും മഞ്ഞുതുളളിയുടെ തണുപ്പും ഒരോ പുല്‍നാമ്പിന്റെയും സൂചിമുനയും നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയും.  തൊലിപ്പുറത്ത് കിട്ടുന്ന ഭൗതിക സിഗ്‌നലില്‍ നിന്ന് സ്പര്‍ശം, വേദന, ചൂട് എന്നിവ അറിയാന്‍ ഓരോ മനുഷ്യനും എങ്ങനെയാണ് കഴിയുന്നത് എന്ന അറിവിലെ വളരെ നിര്‍ണായകമായ വിവരങ്ങള്‍ ഡേവിഡ് ജൂലിയസ്, ആര്‍ദെം പെറ്റപൗറ്റിയന്‍ എന്നിവര്‍ കണ്ടെത്തിയെന്നാണ് നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തിയിരിക്കുന്നത്. 

സ്പര്‍ശം, ചൂട്, നമ്മുടെ തന്നെ ശരീര ഭാഗങ്ങളുടെ ചലനം തുടങ്ങിയ വിവരങ്ങള്‍ ത്വക്കില്‍ നിന്നും ശരീരത്തിന്റെ ആന്തരഭാഗത്ത് നിന്നും നിരന്തരം തലച്ചോറിലേക്ക് പോകുന്നുണ്ട്.  വളരെ സ്വഭാവികമായി നമ്മള്‍ ചെയ്യുന്ന പല പ്രവൃത്തിയിലും ഈ വിവരങ്ങളാണ് നമ്മെ സഹായിക്കുന്നത്.  ഉദാഹരണത്തിന് ഒരു കപ്പ് ചൂട് കാപ്പി കുടിക്കണം എന്ന് കരുതുക.  നമ്മുടെ കൈ എങ്ങനെ നീങ്ങുന്നു, കപ്പില്‍ എത്ര ചൂടുണ്ട്, കപ്പിന്റെ ഘടന എന്താണ് തുടങ്ങിയ വിവരങ്ങള്‍ തലച്ചോറിലേക്ക് പോകുകയും അതിന് അനുസരിച്ച് എത്ര ബലത്തില്‍ ഏത് മോഡലിലാണ് വിരലുകള്‍ അറേഞ്ച് ചെയ്യേണ്ടത് തുടങ്ങിയ വിവരങ്ങള്‍ നമ്മുടെ കയ്യിലേക്ക് തിരികെ വരികയും ചെയ്യുന്നുണ്ട്. ഇതിന്റെ അനന്തരഫലമാണ് വളരെ അനായാസമായി നമ്മള്‍ ചെയ്യുന്ന കാപ്പികുടി. 

 

നെര്‍വ് ഫൈബറുകള്‍

സ്പര്‍ശം എന്ന മെക്കാനിക്കല്‍ സ്റ്റിമുലസ് എങ്ങനെ തലച്ചോറില്‍ എത്തുന്നുവെന്നത് സംബന്ധിച്ച് റെനെ ദെക്കാര്‍ത്ത് പതിനേഴാം നൂറ്റാണ്ടില്‍ ചിന്തിച്ചിട്ടുണ്ട്. തൊലിക്ക് അടിയില്‍ നിന്ന് തലച്ചോറിലേക്ക് പോകുന്ന ഒരു കണക്ഷനാണ് അന്ന് ദെക്കാര്‍ത്ത് സങ്കല്‍പ്പിച്ചത്. സ്പര്‍ശം ഉണ്ടാകുമ്പോഴുണ്ടാകുന്ന ശക്തിയില്‍ ഈ ചരട് ചലിക്കുകയും അത് തലച്ചോറിലേക്കുള്ള ഒരു പ്രവേശനത്തിനുള്ള ഓപ്പണിംഗ് നല്‍കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം സങ്കല്‍പ്പിച്ചു. ശാസ്ത്രം മെക്കാനിക്കല്‍ ഫിലോസഫിയായിരുന്ന സമയത്ത് മനുഷ്യ ശരീരം ഒരു യന്ത്രം ആണെന്ന സങ്കല്‍പ്പം ദെക്കാര്‍ത്ത് വച്ച് പുലര്‍ത്തിയിരുന്നതുമായി നമുക്ക് ഇതിനെ കൂട്ടിക്കെട്ടാവുന്നതാണ്.  

ആധുനിക കാലത്ത് ഈ  ധര്‍മം നിറവേറ്റാന്‍ സഹായിക്കുന്ന നെര്‍വ് ഫൈബറുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തുകയുണ്ടായി. ഈ കണ്ടെത്തലിനാണ് 1944 -ല്‍  Joseph Erlanger, Herbert Gasser എന്നിവര്‍ക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍  സമ്മാനം കിട്ടിയത്.  വ്യത്യസ്ത സ്റ്റിമുലസുകളുമായി പ്രതികരിക്കുന്ന വ്യത്യസ്ത തരത്തിലുള്ള ഫൈബറുകള്‍ ഉണ്ടെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഉദാഹരണത്തിന് വേദനയില്ലാത്ത സ്പര്‍ശത്തോട് ഒരു തരത്തിലുള്ള ഫൈബറുകള്‍ പ്രതികരിക്കുമ്പോള്‍ മറ്റൊരു തരം ഫൈബറുകളാകും വേദനയുളള സ്പര്‍ശത്തോട് പ്രതികരിക്കുന്നത്.  ഇങ്ങനെ ഫൈബറുകള്‍ ഉണ്ടെന്ന് പറയുമ്പോഴും വളരെ പ്രധാനപ്പെട്ട ഒരു വിവരം ശാസ്ത്ര ലോകത്തിന് അറിയില്ലായിരുന്നു.  ഒരാള്‍ നമ്മുടെ കയ്യില്‍ പിടിക്കുകയാണെന്ന് കരുതുക. അതൊരു ഫിസിക്കല്‍ സ്റ്റിമുലസ് ആണ്. ഈ ഫിസിക്കല്‍ സ്റ്റിമുലസിനോട് നമ്മുടെ ത്വക്കിലുള്ള സെന്‍സറി ന്യൂറോണ്‍സ് പ്രതികരിക്കുകയും ഈ വിവരം തലച്ചോറിലേക്ക് റിലേ ചെയ്യുകയും ചെയ്യും. പക്ഷെ ഫിസിക്കലായിട്ടുള്ള ഈ സ്റ്റിമുലസിനെ ബയോളജിക്കല്‍ സിഗ്‌നലാക്കി മാറ്റുന്ന ഒരു മോളിക്യൂലാര്‍ റിസപ്റ്റര്‍ ഇവിടെ ആവശ്യമുണ്ട്.  ഈ  റിസപ്റ്ററിന് പിന്നിലുള്ള തത്വം വെളിപ്പെടുത്തിയ പഠനങ്ങളുടെ പേരിലാണ് ജൂലിയസിനും പെറ്റപൗറ്റിയനും നൊബേല്‍ സമ്മാനം ലഭിച്ചത്. 

 

നല്ല എരിവുള്ള ഇറച്ചിക്കറി കഴിച്ച ശേഷം ഇരുന്ന് വിയര്‍ത്തിട്ടുണ്ടോ? ഈ എരിവും വിയര്‍ക്കലും തമ്മില്‍ എന്താണ് ബന്ധം എന്ന് അന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകില്ല. എന്നാല്‍ എരിവുള്ള മുളകിലെ രാസസംയുക്തമായ കപ്‌സാസിന്‍ സെന്‍സറി ന്യൂറോണ്‍സിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് ഡേവിഡ് ജൂലിയസ് പഠനം നടത്തിയത്. യഥാര്‍ത്ഥത്തില്‍ എരിവ് എന്നത് ഒരു രുചിയായാണ് നമ്മള്‍ കണക്കാക്കുന്നത് എങ്കിലും അത് നാവിലെ വേദനയാണ്. അത് കൂടുതലാകുമ്പോഴാണ് അസഹനീയമാകുന്നത്. കപ്‌സാസിനുമായി പ്രവര്‍ത്തിക്കുന്ന പ്രോട്ടീന്‍ എന്‍കോഡ് ചെയ്യുന്ന ജീനേതെന്ന് കണ്ടെത്തുകയായിരുന്നു ജൂലിയസിനും സംഘത്തിനും മുന്നിലുള്ള പ്രശ്‌നം. സാധാരണ നിലയില്‍ കപ്‌സാസിനുമായി പ്രവര്‍ത്തിക്കാത്ത കോശങ്ങളിലേക്ക്,  കപ്‌സാസിനുമായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നിയ ഡിഎന്‍എ ഭാഗങ്ങള്‍ കടത്തിവിടുകയാണ് ഇവര്‍ ചെയ്തത്. TRPV1  എന്ന  റിസപ്റ്റര്‍ കപ്‌സാസിനുമായി പ്രവര്‍ത്തിക്കുന്നതാണെന്ന് ജൂലിയസും കൂട്ടരും കണ്ടെത്തി.  ചൂടിനോടാണ്  TRPV1 പ്രതികരിക്കുന്നതെന്നും കപ്‌സാസിന്‍ സ്റ്റുമുലസ് ചൂടായാണ് ശരീരം എടുക്കുന്നതെന്നും പിന്നീട് വ്യക്തമായി. അതിനാലാണ് എരിവിനോട് വിയര്‍പ്പുകൊണ്ട് നമ്മള്‍ പ്രതികരിക്കുന്നത്. വ്യത്യസ്ത ചൂടുകളോട് പ്രതികരിക്കുന്ന  TRPV1 ന് സമാനമായ മറ്റ് റിസപ്റ്ററുകള്‍ കൂടി കണ്ടെത്തിയതോടെ ചൂട്  എന്ന സ്റ്റിമുലസ് എങ്ങനെയാണ് ബയോളജിക്കല്‍ സിഗ്‌നലായി മാറുന്നത് എന്നതിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. 

സ്പര്‍ശം എങ്ങനെ ഇതുപോലെ മാറ്റപ്പെടുന്നുവെന്നതില്‍ പെറ്റപൗറ്റിയന്റെ ഗവേഷണം പ്രധാനമായി.  ഒറ്റ കോശത്തില്‍ ഏല്‍പ്പിക്കുന്ന ഭൗതികമായ ഒരു സ്പര്‍ശത്തോട് അതേ സെല്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് പെറ്റപൗറ്റിയന് അറിയേണ്ടിയിരുന്നത്. സ്പര്‍ശനത്തോട് പ്രതികരിക്കാന്‍ സഹായിക്കുന്നത് എന്ന് കരുതുന്ന 72  ജീനുകളെ ഇവര്‍ കണ്ടെത്തി. പരീക്ഷണ സെല്ലില്‍  ഇതില്‍ ഓരോന്നായി ഇനാക്ടീവാക്കി. ഏത് ജീന്‍ ഇനാക്ടീവ് ആക്കിയപ്പോഴാണ് ഫിസിക്കല്‍ സ്റ്റിമുലസിനോട് കോശം പ്രതികരിക്കാത്തത് എന്ന് കണ്ടെത്തുകയായിരുന്നു  ഇവരുടെ രീതി.  ഇതിന്റെ ഫലമായി സ്പര്‍ശത്തെ ബയോളജിക്കല്‍ സിഗ്‌നലാക്കി മാറ്റുന്ന  PIEZO 1, PIEZO 2  എന്നിങ്ങനെ രണ്ട്  അയേണ്‍ ചാനലുകള്‍ കണ്ടെത്തി.  അങ്ങനെ സ്പര്‍ശത്തെ സംബന്ധിച്ച റിസപ്റ്റര്‍ പ്രശ്‌നവും പരിഹരിക്കപ്പെട്ടു. 

സ്പര്‍ശവുമായി ബന്ധപ്പെട്ട വൈദ്യശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കണ്ടുപിടിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ കണ്ടെത്തലുകള്‍ സഹായം ചെയ്യുമെന്നാണ് നൊബേല്‍ കമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്. മനുഷ്യരെപ്പോലെ സ്പര്‍ശത്തോട് പ്രതികരിക്കുന്ന റോബോട്ടുകളെ വികസിപ്പിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ഇത് ഉപയോഗിക്കാം.  കാമുകിയെ പോലെ സ്പര്‍ശിക്കുകയും നിങ്ങളുടെ സ്പര്‍ശം തിരിച്ചറിയുകയും ചെയ്യുന്ന റോബോര്‍ട്ട് ഭാവിയില്‍ ഉണ്ടാകാം.  ഇന്ദ്രിയാനുഭവത്തെ തലച്ചോറിലേക്ക് സിഗ്‌നലാക്കി എങ്ങനെ അയയ്ക്കുന്നു എന്നതിലെ നിര്‍ണായക കണ്ടെത്തലായാണ് ഇത് വിലയിരുത്തുന്നത്.  പക്ഷെ ഈ ഇന്ദ്രിയാനുഭവങ്ങളെല്ലാം പ്രോസസ് ചെയ്യപ്പെടുന്നത് തലച്ചോറിലാണ്. അതിന്റെ ന്യൂറല്‍ കംപ്യൂട്ടിംഗ് എന്ത് എന്നത് സംബന്ധിച്ച തിയറി കണ്ടെത്താന്‍ ശാസ്ത്രത്തിന് ഇനിയും ഒരുപാട് മെനക്കെടേണ്ടിവരും.   

അതായത് നിങ്ങള്‍ ഓരോരുത്തരും അനുഭവിക്കുന്ന ഇന്ദ്രിയാനുഭവങ്ങള്‍  എങ്ങനെ എന്നത്,  ഇന്നത്തെ അവസ്ഥയില്‍ നിങ്ങള്‍ക്ക് മാത്രമേ അറിയൂ. അത് ഭാഷയിലൂടെ പറയാന്‍ ഒക്കെ ശ്രമിക്കാം. പക്ഷെ എത്ര പറഞ്ഞാലും  അത് നിങ്ങളുടെ ബോധത്തിന്റെ അനുഭവമാണ്.  മറ്റൊരാള്‍ക്ക് അയാളുടെ അനുഭവവുമായി ബന്ധിപ്പിച്ച് മാത്രമേ അത് മനസ്സിലാക്കാന്‍ കഴിയൂ. അതായത് നിങ്ങളും ഞാനും കാണുന്ന ചുവപ്പ് ഭാഷയില്‍ മാത്രമേ ഒന്നാകുന്നുള്ളൂ എന്ന്.  ഈ  പ്രശ്‌നം എങ്ങനെ പരിഹരിക്കും എന്നത് ശാസ്ത്രത്തിന് മുന്നിലുള്ള വലിയ കീറാമുട്ടിയാണ്. 

Follow Us:
Download App:
  • android
  • ios