അതിജീവിക്കാനും മുന്നേറാനും ഏതൊരു സമൂഹത്തിനുമാവശ്യം ആശയങ്ങൾ തന്നെയാണ്. ലോകത്തെ സുരക്ഷിതമായി നിലനിർത്തണമെങ്കിൽ കൃത്യമായ നയങ്ങളുമുണ്ടാകണം. അതേ, ആശയങ്ങളുടെ ഉത്സവമായ 'അഗോറ' ഒരേസമയം ഒരു പ്രതിരോധവും പ്രതീക്ഷയുമാണ്.

മനുഷ്യർ കൂടിച്ചേരുന്ന ഇടങ്ങളിൽ സംവാദങ്ങളുണ്ടാകും, അറിവുകൾ ഉരുത്തിരിയും. നിരന്തരം ചർച്ചകൾ ചെയ്തും, ചോദ്യങ്ങൾ ചോദിച്ചും, ഉത്തരം കണ്ടെത്തിയുമൊക്കെ വളരുന്നവരാണ് മനുഷ്യർ. ആശയങ്ങളില്ലാത്തിടത്ത്, ചർച്ചകളും, പുതുക്കപ്പെടലുമില്ലാത്തയിടത്ത് സമയവും ലോകവും നിശ്ചലം.

ഈ വലിയ പ്രപഞ്ചത്തിലെ ഓരോന്നിനെക്കുറിച്ചും കൗതുകം കൊള്ളുന്ന കുഞ്ഞായിരിക്കാൻ നാമാഗ്രഹിക്കാറുണ്ട്. അത് നമ്മെ മെച്ചപ്പെട്ടവരാക്കുന്നു, ലോകത്തോട് കൂടുതൽ പ്രതിബദ്ധതയുള്ളവരാക്കുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഭൂമിയിലെ പലപല കാര്യങ്ങളെച്ചൊല്ലി സംശയം സൂക്ഷിക്കുന്നവരാണോ നിങ്ങൾ? സയൻസായിക്കോട്ടെ, ടെക്നോളജിയായിക്കോട്ടെ, സാഹിത്യമായിക്കോട്ടെ, സാമൂഹികമായിക്കോട്ടെ, ആരോഗ്യമായിക്കോട്ടെ, എഐ മനുഷ്യരെയവസാനിപ്പിക്കുമോ നമ്മെ റീപ്ലേസ് ചെയ്യുമോ എന്ന ആശങ്കയായാവട്ടെ, അങ്ങനെ എന്തുമായിക്കൊള്ളട്ടെ. ചര്‍ച്ചകള്‍ക്കായി 'അഗോറ' കാത്തിരിക്കുന്നു. നേരിൽ സംവദിക്കാനായി ഓരോ വിഷയത്തിലെയും വിദഗ്ദ്ധരും. നാളെ ഒരുദിവസം കൂടി കാത്തിരുന്നാൽ മതി ‘അഗോറ’യ്ക്ക്.

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന 'അഗോറ' -ആശയങ്ങളുടെ ഉത്സവം നവംബർ 27, 28, 29 തീയതികളിലായി തിരുവനന്തപുരത്ത് നടക്കുകയാണ്. എന്താണ് അഗോറയുടെ ലക്ഷ്യം? ക്യുറേറ്ററായ സബിൻ ഇഖ്ബാൽ പറയുന്നു.

ഭാവിക്ക് രൂപം നൽകുന്ന വിപ്ലവകരമായ ആശയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദിയൊരുക്കുക എന്നത് തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസൊരുക്കുന്ന അഗോറയുടെ ലക്ഷ്യം. ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, പോളിസിമേക്കേഴ്സ്, ചിന്തകർ, മാധ്യമപ്രവർത്തകർ, സാങ്കേതിക വിദഗ്ധർ, എഴുത്തുകാർ തുടങ്ങി വിവിധ മേഖലകളിലുള്ളവരാണ് മൂന്ന് ദിവസങ്ങളിലായി തലസ്ഥാനത്ത് നടക്കുന്ന അഗോറയിലുണ്ടാവുക.‌ 160 -ലധികം അർത്ഥവത്തായ സംവാദങ്ങളും ഇവിടെ നടക്കും.

മറ്റൊരിക്കലുമില്ലാത്ത വിധം സംവാദങ്ങളാവശ്യമായി വരുന്ന കാലമാണിത്. കാരണം, വലിയ വലിയ മാറ്റങ്ങൾക്കാണ് നമ്മുടെ പ്രപഞ്ചം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. സാങ്കേതികവിദ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയും മാറ്റിമറിച്ചിരിക്കുന്നു. സമ്പത്തിനോടുള്ള അഭിനിവേശവും അധികാരമോഹവും മനുഷ്യരുടെ മനസ്സാക്ഷിയെ തന്നെ കീഴ്പ്പെടുത്തുന്നൊരു കാലത്തിലേക്ക് നാം കാലെടുത്തുവച്ചിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും സമൂഹം കൂടുതൽ ഭിന്നിക്കപ്പെടുകയും ധാർമ്മികമായ മൂല്യങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്യുന്ന ഭയപ്പെടുത്തുന്ന അവസ്ഥയാണ്. ഇതിനെല്ലാമുപരിയായി, ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വലിയ ഭീഷണിയായി നമ്മുടെ മുന്നിലുണ്ട്.

Sabin Iqbal Curator, AGORA by Asianet News

അതിജീവിക്കാനും മുന്നേറാനും ഏതൊരു സമൂഹത്തിനുമാവശ്യം ആശയങ്ങൾ തന്നെയാണ്. ലോകത്തെ സുരക്ഷിതമായി നിലനിർത്തണമെങ്കിൽ കൃത്യമായ നയങ്ങളുമുണ്ടാകണം. അതേ, ആശയങ്ങളുടെ ഉത്സവമായ 'അഗോറ' ഒരേസമയം ഒരു പ്രതിരോധവും പ്രതീക്ഷയുമാണ്.

എല്ലാക്കാലത്തും കേരളത്തിൽ ആശയങ്ങളും സംവാദങ്ങളുമുണ്ടായിട്ടുണ്ട്. മധ്യകാലഘട്ടത്തില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ ഉറവിടമായിരുന്നു നമ്മുടെ നാട്. ഒരു സമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ വികാസത്തിന് ചരക്കുകളുടെ കൈമാറ്റം പോലെ തന്നെ പ്രധാനമാണ് ആശയങ്ങളുടെ കൈമാറ്റവും. അത് വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞവരാണ് ഈ നാടും ഇവിടുത്തെ മനുഷ്യരും.

അഗോറ എന്നത് സെലിബ്രിറ്റികളുടെ ഒത്തുചേരലല്ല. നാം ചർച്ച ചെയ്യുന്ന വിഷയങ്ങളും സെഷനുകളുമാണ് ഇവിടുത്തെ സെലിബ്രിറ്റികൾ. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താൻ നമുക്ക് എന്താണ് ചെയ്യാൻ സാധിക്കുക? അതാണ് അഗോറ മുന്നോട്ടുവയ്ക്കുന്ന ചിന്ത. അഗോറയിൽ ഉരുത്തിരിഞ്ഞു വരുന്ന ഈ ആശയങ്ങളെല്ലാം 'അഗോറ എഡിഷൻസ്' എന്ന പേരിൽ സർക്കാരിനും പോളിസി മേക്കേഴ്സിനും മുന്നിൽ സമർപ്പിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. അതാണ് ഈ ഫെസ്റ്റിവലിന്റെ ശരിക്കുള്ള നേട്ടവും. അല്ലാതെ, വർഷത്തിലൊരിക്കൽ ഒരിടത്ത് ഒത്തുകൂടി എന്തൊക്കെയോ സംസാരിച്ച് ബാക്കിയൊന്നും അവശേഷിപ്പിക്കാതെ ഓരോരുത്തരും അവരവരുടെ വഴിക്ക് പിരിഞ്ഞുപോകുന്നതുകൊണ്ട് ആർക്കെന്ത് പ്രയോജനം, അല്ലേ?

വ്യത്യസ്ത വിഷയങ്ങളിലും മേഖലകളിലുമായി ഏകദേശം ഇരുപതോളം ട്രാക്കുകളാണ് അഗോറയിലുള്ളത്. ഒരു ക്യൂറേറ്റർ എന്ന നിലയിൽ ഇത്രയധികം വിഭാഗങ്ങൾ ഉൾപ്പെടുത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ക്യൂറേറ്റോറിയൽ ടീമും, ഏഷ്യാനെറ്റ് ന്യൂസ് ടീമും, വലിയ പിന്തുണയുമായി മാനേജ്‌മെന്റുമെല്ലാം ഇതിൽ സജീവമാണ്. കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ അഗോറ എത്താൻ ഇനി നാളെ ഒരു ദിവസം കൂടി കാത്തിരുന്നാൽ മതി. വലിയ ബഹുമതിയായിട്ടാണ് അഗോറയെ ജനങ്ങൾക്ക് മുന്നിലെത്തിക്കാനുള്ള ഈ അവസരത്തെ ഞാൻ കാണുന്നത്.

വരും വർഷങ്ങളിൽ അഗോറ കൂടുതൽ വളരുമെന്നും ഏഷ്യാനെറ്റ് ന്യൂസ് അതിനെ വളർത്തിയെടുക്കുമെന്നും എനിക്കുറപ്പുണ്ട്.

അഗോറയിൽ നാം ചർച്ച ചെയ്യുന്ന എല്ലാ ആശയങ്ങളുടെയും കേന്ദ്രബിന്ദു മനുഷ്യരാണ്. അതിനാൽ, ഇതിൽ പങ്കാളികളാകുന്ന നാമെല്ലാവരും ചേർന്നൊരിടം കൂടിയാണ് ഈ അഗോറ. സ്വാഗതം.

അഗോറ എന്ന പേരിന് പിന്നിൽ?

എന്താണ് ഈ അഗോറ? എന്തുകൊണ്ടാണ് അറിവിന്റെയും ആശയസംവാദങ്ങളുടെയും ഈ മഹാവേദിക്ക് 'അഗോറ' എന്നുതന്നെ പേരിട്ടത്? ആ വാക്കിന്റെ അർത്ഥം തന്നെയാണ് പേരിന്റെ തിരഞ്ഞെടുപ്പിന് പിന്നിൽ, 'ഒത്തുചേരാനുള്ള ഇടം' അതാണ് അഗോറ- പുരാതന ഗ്രീക്കിൽ ആളുകൾ ഒത്തുകൂടിയിരുന്ന സ്ഥലങ്ങൾ. രാഷ്ട്രീയ, സാമൂഹിക, കായിക, ആത്മീയ, വാണിജ്യ കാര്യങ്ങളുടെ കേന്ദ്രമായിരുന്നു അഗോറ. ചന്തകൾ പോലും ഉൾപ്പെട്ടിരുന്ന 'അഗോറ'കളിലാണ് പ്ലേറ്റോ ഉൾപ്പെടെയുള്ള തത്ത്വചിന്തകരുടെ പ്രഭാഷണങ്ങളും ബൗദ്ധിക സംവാദങ്ങളും നടന്നിരുന്നത് എന്ന് കേൾക്കുമ്പോൾ അതിശയം തോന്നേണ്ടതില്ല. മനുഷ്യരുള്ള എല്ലായിടങ്ങളും ആശയങ്ങളുടെ വേദികൾ തന്നെ അല്ലേ?

അഗോറയിലെന്തുണ്ട്?

'അഗോറ'യിൽ എന്തൊക്കെയുണ്ട് എന്ന് ചോദിക്കുന്നതിലും നല്ലത് 'അഗോറ'യിൽ എന്തില്ല എന്നു ചോദിക്കുന്നതാവും. അതെ, അഗോറയിൽ സകലതും ചർച്ച ചെയ്യപ്പെടും. നവംബർ 27 മുതൽ 29 വരെ കനകക്കുന്ന് പാലസിലാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന 'അഗോറ'യുടെ ആദ്യ എഡിഷൻ നടക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ആശയങ്ങളുടെ ഉത്സവത്തിൽ 200 -ലധികം സ്പീക്കർമാരാണ് വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിക്കാനായി തലസ്ഥാനത്ത് എത്തുന്നത്.

വിവിധ വിഭാഗങ്ങൾ

സയൻസ് & ടെക്നോളജി

എൻവയോൺമെന്റ് & ക്ലൈമറ്റ് ചേഞ്ച്

ഹെൽത്ത് & വെൽനെസ്സ്

സ്പോർട്സ്

ഹിസ്റ്ററി

എജ്യുക്കേഷൻ

ലിറ്ററേച്ചർ & ബുക്സ്

ആർട്ട്, കൾച്ചർ, ക്രിയേറ്റിവിറ്റി

ബിസിനസ്, ബാങ്കിംഗ്, ഫിനാൻസ്, ബ്ലൂ ഇക്കോണമി

ടൂറിസം & ട്രാവൽ

എനർജി &സസ്റ്റൈനബിലിറ്റി

മീഡിയ

യൂത്ത്

ഫുഡ്

ബ്രെയിൻ

മൈഗ്രേഷൻ

ഗവേണൻസ്

മൊബിലിറ്റി

എന്നിങ്ങനെ 18 ട്രാക്കുകളുണ്ട് അഗോറയിൽ.

വേദികള്‍

നിശാഗന്ധിയിൽ,

ദ കനോപ്പി

ദ കോമൺസ്

ദ ഡയലോഗ്

ദ ഫോറം

ദ മജ്ലിസ്

ദ റൗണ്ട് ടേബിൾ

ദ സ്ക്വയർ

എന്നിങ്ങനെ ഏഴ് വേദികളിലായിട്ടാണ് വിവിധ വിഷയങ്ങളിൽ ചർച്ചകളും അവതരണങ്ങളും നടക്കുന്നത്.

മൂന്ന് ദിവസങ്ങളിൽ, ഏഴ് വേദികളിലായി, 18 ട്രാക്കുകളിൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്നവരടക്കം 250 -ലേറെ പേരാണ് സ്പീക്കേഴ്സായി എത്തുക. രജിസ്ട്രേഷൻ സൗജന്യമാണ്. തലസ്ഥാനം അറിവിന്റെ മഹാവേദിക്ക് സാക്ഷിയാകാനൊരുങ്ങിയിരിക്കുന്നു. നിങ്ങളോ?