പുകവലി തടഞ്ഞതിൽ പ്രകോപിതനായ ലോ നഴ്സിനെ ആക്രമിക്കുകയായിരുന്നു. നഴ്സിന്റെ വലതു കൈമുട്ടിൽ ഇടിക്കുകയും വലതുകാലിൽ ചവിട്ടുകയും കഴുത്തിന് പിടിച്ച് ശ്വാസംമുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു.
ആശുപത്രിയിലെ ശുചിമുറിയിൽ പുകവലിക്കാൻ ശ്രമിച്ചത് തടഞ്ഞ നഴ്സിനെ ആക്രമിച്ച 66 -കാരന് എട്ട് ആഴ്ച തടവുശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. ജയിൽ ശിക്ഷയിൽ ഇളവ് ലഭിച്ച് പുറത്തിറങ്ങിയ കാലയളവിൽ കുറ്റകൃത്യം നടത്തിയതിനാൽ 15 ദിവസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ലോ കീ ലെങ് എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. 'ഷിൻ മിൻ ഡെയ്ലി ന്യൂസ്' ആണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
2025 ഒക്ടോബർ 23 -ന് പുലർച്ചെ ഒരു മണിയോടെ ബോധരഹിതനായി വീണതിനെത്തുടർന്നാണ് ലോ കീ ലെങ്ങിനെ ചികിത്സയ്ക്കായി സിംഗപ്പൂരിലെ സെങ്കാങ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇയാൾ ആശുപത്രിയിലെ ഭിന്നശേഷിക്കാർക്കായി സജ്ജീകരിച്ച ശുചിമുറിയിൽ പ്രവേശിച്ചു.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇയാൾ ശുചിമുറിയിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു പുരുഷ നഴ്സ് ഇയാളുടെ പിന്നാലെ ചെന്നു. ശുചിമുറിക്കുള്ളിൽ ലോ പുകവലിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് നഴ്സ് കണ്ടെത്തി. ആശുപത്രി പരിസരത്ത് പുകവലി നിരോധിച്ചിട്ടുള്ളതിനാൽ നഴ്സ് ഇയാളെ തടഞ്ഞു.
പുകവലി തടഞ്ഞതിൽ പ്രകോപിതനായ ലോ നഴ്സിനെ ആക്രമിക്കുകയായിരുന്നു. നഴ്സിന്റെ വലതു കൈമുട്ടിൽ ഇടിക്കുകയും വലതുകാലിൽ ചവിട്ടുകയും കഴുത്തിന് പിടിച്ച് ശ്വാസംമുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. പരിക്കേറ്റ നഴ്സ് പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു.
2024 നവംബർ 25 -നായിരുന്നു മറ്റൊരു കേസിൽ ജയിൽ ശിക്ഷയിൽ ഇളവ് ലഭിച്ച് ലോ പുറത്തിറങ്ങിയത്. 2026 മേയ് 13 വരെയായിരുന്നു ഈ ഇളവ് കാലാവധി നിശ്ചയിച്ചിരുന്നത്. 2026 നവംബർ 23 -ന് താൻ മനഃപൂർവം നഴ്സിനെ പരിക്കേൽപ്പിച്ചെന്ന് ലോ കോടതിയിൽ സമ്മതിച്ചു. തുടർന്നാണ് എട്ട് ആഴ്ചത്തെ തടവുശിക്ഷ വിധിച്ചത്. ശിക്ഷാ ഇളവ് കാലയളവിനിടെ കുറ്റകൃത്യം നടത്തിയതിനാൽ 15 ദിവസത്തെ അധിക തടവുശിക്ഷ കൂടി അനുഭവിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.















