പക്ഷേ സ്കൂളിൽ പോകാതെയുള്ള ഈ ഓൺലൈൻ പഠനത്തിന് ഒരുപാട് പ്രയാസങ്ങളുണ്ട്. പകൽ ഫുട്പാത്തിൽ ഇരുന്നാണ് അവൾ പഠിക്കുന്നത്. എന്നാൽ, വണ്ടികളുടെ നിരന്തര ശബ്ദം മൂലം ക്ലാസുകൾ കേൾക്കാനോ, പഠിക്കാനോ ബുദ്ധിമുട്ടാണെന്ന് അവൾ പറയുന്നു.
മുംബൈയിലെ തെരുവോരത്തു കഴിയുന്ന ആയിരക്കണക്കിനാളുകളിൽ ഒരാളാണ് അസ്മ ഷെയ്ക്ക്. സ്വന്തമായി വീടില്ല, അവളുടെ അച്ഛൻ കഷ്ടപ്പെട്ട് പണിയെടുത്തിട്ടാണ് അന്നന്നത്തേക്കുള്ള ആഹാരം കണ്ടെത്തുന്നത്. മഴക്കാലത്ത് റോഡരികിൽ ടാർപ്പായ വച്ച് കെട്ടിയാണ് അവർ ഉറങ്ങുന്നത്. എന്നിട്ടും പക്ഷേ അവൾക്ക് 2019 -ൽ മുംബൈ നഗരത്തിലെ ഒരു പ്രമുഖ ഹൈസ്കൂളിൽ പ്രവേശനം നേടാനായി. വീടോ, പണമോ, സമ്പാദ്യമോ ഒന്നും ഇല്ലാത്ത അവളുടെ ഏക സ്വത്ത് പഠിക്കാനുള്ള പുസ്തകങ്ങളും, ആളുകൾ കരുണ തോന്നി വാങ്ങിക്കൊടുത്ത ഒരു സെൽഫോണുമാണ്.
തെരുവിൽ അന്തിയുറങ്ങുന്ന അവൾ തെരുവ് വിളക്കിന്റെ കീഴിലും, ഫുട്പാത്തിലും ഇരുന്നാണ് പഠിക്കുന്നത്. സുഖസൗകര്യങ്ങളുടെ കൈത്താങ്ങില്ലാതെ തന്നെ അവൾ കഷ്ടപ്പെട്ട് തന്റെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നു. കഴിഞ്ഞ വർഷം നാല്പത് ശതമാനം മാർക്കോടെയാണ് അവൾ പരീക്ഷ പാസ്സായത്. എന്നാൽ രണ്ടു വർഷമായിട്ടും കുറയാതെ നിൽക്കുന്ന കൊറോണ വൈറസ് മഹാമാരി ഇപ്പോൾ അവളുടെ സ്വപ്നങ്ങളെ ഇല്ലാതാകുമോ എന്നവൾ ഭയക്കുന്നു.
തെരുവിൽ കഴിയുന്ന തന്റെ കുടുംബത്തിന് ആരെയും ഭയക്കാതെ, മഴയും വെയിലും കൊള്ളാതെ കയറി കിടക്കാൻ ഒരു വീട് പണിയണമെന്നതാണ് അവളുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ അവളുടെ ആ സ്വപ്നത്തിന്റെ ആയുസ്സോർത്ത് ഇന്നവൾ കണ്ണുനീരൊഴുക്കുന്നു. സ്കൂളിൽ ചേർന്ന് രണ്ടു വർഷമായിട്ടും, ഇതുവരെ ഒരു ദിവസം പോലും അവൾക്ക് സ്കൂളിൽ പോകാൻ സാധിച്ചിട്ടില്ല. കൊറോണ വൈറസ് കാരണം ഒരു വർഷത്തിലേറെയായി സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. അതുമാത്രമല്ല അവളെ സ്കൂളിൽ പോകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. തെരുവിൽ കഴിയുന്ന അവളുടെ കൂടെ ആരും കൂട്ടുകൂടില്ലെന്ന് അവൾ ഭയക്കുന്നു.
നാളെ സ്കൂൾ തുറന്നാലും താൻ ഓൺലൈൻ വഴിയാണ് പഠിക്കാൻ ആഗ്രഹിക്കുന്നതെന്ന് അവൾ സങ്കടത്തോടെ പറഞ്ഞു. "ഞാൻ വളരെ പാവപ്പെട്ടവളാണ്. എനിക്ക് നല്ല വസ്ത്രമോ, നല്ല ബാഗോ ഒന്നുമില്ല. വലിയ വീട്ടിലെ കുട്ടികളോട് എങ്ങനെ സംസാരിക്കണമെന്ന് എനിക്കറിയില്ല. ഞാൻ ഇതുവരെ വലിയ ആളുകളോട് മിണ്ടിയിട്ടില്ല. അവരോട് സംസാരിക്കാൻ തന്നെ എനിക്ക് ഭയമാണ്. സ്കൂളിൽ എന്നോട് ആരെങ്കിലും മിണ്ടുമോ?" അസ്മ പറഞ്ഞു.
പക്ഷേ സ്കൂളിൽ പോകാതെയുള്ള ഈ ഓൺലൈൻ പഠനത്തിന് ഒരുപാട് പ്രയാസങ്ങളുണ്ട്. പകൽ ഫുട്പാത്തിൽ ഇരുന്നാണ് അവൾ പഠിക്കുന്നത്. എന്നാൽ, വണ്ടികളുടെ നിരന്തര ശബ്ദം മൂലം ക്ലാസുകൾ കേൾക്കാനോ, പഠിക്കാനോ ബുദ്ധിമുട്ടാണെന്ന് അവൾ പറയുന്നു. അതുകൂടാതെ അവിടെ ഇരിക്കുന്നത് കണ്ടാൽ പൊലീസ് വിരട്ടി ഓടിക്കുമെന്നും, അതുകൊണ്ട് തന്നെ പകൽ നിരന്തരം സ്ഥലം മാറി മാറി ഇരിക്കേണ്ടി വരുമെന്നും, പഠിക്കാൻ സാധിക്കുന്നില്ലെന്നും അവൾ സങ്കടപ്പെട്ടു. രാത്രികാലങ്ങളിൽ തെരുവ് വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ഇരുന്ന് പഠിക്കേണ്ടി വരുന്നതും ഒരു പ്രശ്‌നമാണ്. എന്നാൽ ഏറ്റവും പ്രയാസം ഇരുട്ട് വീഴുമ്പോഴാണ്. രാത്രികാലങ്ങളിൽ താൻ ഉറങ്ങാറില്ലെന്ന് അവൾ പറയുന്നു. തെരുവിൽ കിടന്നുറങ്ങുന്ന സമയത്ത് അമ്മയുടെയും, അവളുടെയും അടുത്ത് ആണുങ്ങൾ വന്ന് കിടക്കും. അതുകൊണ്ട് ഒരു മുളവടിയും അരികിൽ വച്ചാണ് തങ്ങൾ രാത്രി കിടക്കുന്നതെന്നും അവൾ കരഞ്ഞു പറഞ്ഞു. പഠിച്ച്, ഒരു ജോലി നേടാനായാൽ ഈ ദുരിതത്തിൽ നിന്ന് രക്ഷപ്പെടാമല്ലോ എന്നവൾ ആശ്വസിക്കുന്നു.
"എന്റെ മക്കൾ എന്നെപോലെ കഷ്ടപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ എത്ര പ്രയാസപ്പെട്ടിട്ടായാലും അവരെ പഠിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു" സല്മയുടെ അച്ഛൻ സലിം ഷെയ്ക്ക് പറഞ്ഞു. തെരുവിൽ നാരങ്ങാവെള്ളം വിൽക്കുന്ന അദ്ദേഹത്തിന് ലോക്ക് ഡൗണ് മൂലം പണ്ടത്തെപ്പോലെ ജോലിയില്ല. അമ്മയ്ക്കാകട്ടെ ജോലിയ്ക്ക് പോകാനുള്ള ആരോഗ്യവുമില്ല. ആസ്മയ്ക്ക് ഒരു സഹോദരനുമുണ്ട്. അവളുടെ അച്ഛന് ഇപ്പോൾ തന്നെ ആറായിരം രൂപ കടമുണ്ട്. മകളെ പഠിപ്പിക്കാനായി പലയിടത്തുനിന്നും വാങ്ങിയതാണ് ആ തുക. അസ്മ മാത്രമല്ല, ഇത്തരത്തിൽ കഷ്ടപ്പെടുന്നത്. അടുത്തകാലത്ത് നടന്ന പഠനങ്ങളിൽ, നിരവധി കുട്ടികൾക്ക് മഹാമാരി മൂലം പഠനം പാതിവഴിയ്ക്ക് ഉപേക്ഷിക്കേണ്ടി വരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
