Asianet News MalayalamAsianet News Malayalam

ജെപി നദ്ദയുടെ വാഹനത്തിനു നേരെയുള്ള കല്ലേറ്, കൊലവിളിയുമായി ദിലീപ് ഘോഷ്, കലുഷിതമായി ബംഗാൾ രാഷ്ട്രീയം

സ്വന്തം മുഖത്തടിച്ച ശേഷം തൃണമൂൽ പ്രവർത്തകർ മർദ്ദിച്ചു എന്ന് പരാതിപ്പെടുന്നവരാണ് ബംഗാളിലെ ബിജെപി പ്രവർത്തകർ എന്ന് മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു.

attack against jp nadda situaton tense as war of words between trinamool bjp leaders worsen
Author
Kolkata, First Published Dec 11, 2020, 11:32 AM IST

വ്യാഴാഴ്ച ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദയുടെ വാഹനത്തിനു നേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ എന്ന് സംശയിക്കുന്നവരിൽ നിന്നുണ്ടായ കല്ലേറിനെത്തുടർന്ന്, പരസ്പരമുള്ള കൊലവിളിയുമായി ആകെ പ്രക്ഷുബ്ധമായ സാഹചര്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ് ബംഗാൾ രാഷ്ട്രീയം. 

"മാറ്റവും ഉണ്ടാകും, പ്രതികാരവും..."  - "ബോദോൽ  ഹോബേ,ബോദ്‌ല ഹോബേ..." എന്നായിരുന്നു ബംഗാളിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. 2011 -ൽ തൃണമൂൽ അധ്യക്ഷ മമതാ ബാനർജി ഉയർത്തിയ "മാറ്റമാണ് വേണ്ടത്, പ്രതികാരമല്ല" / "ബോദ്‌ല നായ്, ബോദോൽ ചായ്"  എന്ന തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യത്തിന്റെ ചുവടുപിടിച്ചാണ് ദിലീപ് ഘോഷ് തന്റെ പ്രതികരണം നടത്തിയിട്ടുള്ളത്.

Posted by Dilip Ghosh on Thursday, December 10, 2020

കൽക്കത്തയിലെ ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രാമദ്ധ്യേ ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെ തൃണമൂൽ പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായ  അപ്രതീക്ഷിത ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണം പശ്ചിമ ബംഗാളിന്റെ തകർന്ന ക്രമസമാധാന നിലയെയും മമതാ ബാനർജിയുടെ പ്രകടമായ അസംതൃപ്തിയെയുമാണ് സൂചിപ്പിക്കുന്നത് എന്ന് ജെപി നഡ്ഡ പറഞ്ഞു.

തങ്ങളിൽ ഒരാളെ തൃണമൂൽ കൊന്നാൽ തിരികെ നാലുപേരെ വധിക്കുമെന്ന പ്രസ്താവനയുമായി ബിജെപി നേതാവ് സായന്തൻ ബസുവും പരസ്യമായി രംഗത്തുവന്നതോടെ സംഗതികൾ കൂടുതൽ വഷളായി. ദില്ലിയിലെ തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ വസതിക്കുനേരെ നടന്ന ആക്രമണം ഒരു തുടക്കം മാത്രമാണ് എന്നും സായന്തൻ പറഞ്ഞു. ജെപി നഡ്ഡയുടെ കോൺവോയ്ക്കു നേരെ നടന്ന ആക്രമണത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അപലപിച്ചു. തുടർന്ന്, സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്രം ബംഗാൾ ഗവർണർ ജഗദീപ് ധൻകറിനോട് നിർദേശിച്ചു. 

എന്നാൽ ഇതൊക്കെ ബിജെപി പ്രവർത്തകർ നടത്തുന്ന നാടകമാണ് എന്ന് മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. സ്വന്തം മുഖത്തടിച്ച ശേഷം തൃണമൂൽ പ്രവർത്തകർ മർദ്ദിച്ചു എന്ന് പരാതിപ്പെടുന്നവരാണ് ബംഗാളിലെ ബിജെപി പ്രവർത്തകർ എന്നും അവർ ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios