Asianet News MalayalamAsianet News Malayalam

മനുഷ്യനെ അനുകരിക്കുന്ന താറാവ്, പറയുന്നത് 'യൂ ബ്ലഡി ഫൂൾ' എന്ന്...

ബ്രിട്ടനിലെ പ്രശസ്തമായ റോയൽ സൊസൈറ്റിയുടെ ഫിലോസഫിക്കൽ ട്രാൻസാക്ഷൻസ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പക്ഷികൾ പലപ്പോഴും അവരുടെ ചുറ്റുപാടിൽ നിന്നുള്ള ശബ്ദങ്ങൾ അനുകരിക്കുന്നു. 

Australian musk duck repeatedly saying you bloody fool
Author
Australia, First Published Sep 9, 2021, 1:59 PM IST

തത്തകൾ മനുഷ്യരെ അനുകരിച്ച് സംസാരിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ, ഇവിടെ ഒരു താറാവാണ് മനുഷ്യന്റെ സംഭാഷണം അനുകരിച്ചിരിക്കുന്നത്. ഒരു കൂട്ടം ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞരുടെ ഒരു പുതിയ പഠനം പറയുന്നത് ചിലയിനം താറാവുകൾക്ക് തത്തകളെ പോലെ മനുഷ്യന്റെ സംസാരം അനുകരിക്കാൻ കഴിയുമെന്നാണ്. ഇതിനായി അവർ ഒരു ഉദാഹരണവും നൽകുന്നു. ഒരു ഓസ്ട്രേലിയൻ മസ്ക് താറാവ് 'യൂ ബ്ലഡി ഫൂൾ' എന്ന് പറയുന്നത് അവർ രേഖപ്പെടുത്തി. മനുഷ്യ സംഭാഷണത്തെ അനുകരിക്കുന്ന ജീവിവർ​ഗങ്ങളുടെ ആദ്യ രേഖപ്പെടുത്തലാണ് ഇത്.  

റിപ്പർ എന്നാണ് ആ ആൺ താറാവിന്റെ പേര്. പഠനവുമായി ബന്ധപ്പെട്ട് ഗവേഷകർ താറാവുകളുടെ ശബ്ദം പരിശോധിക്കുകയുണ്ടായി. അക്കൂട്ടത്തിൽ റിപ്പറിന്റെ ശബ്‌ദം കേട്ടപ്പോൾ അവർ ശരിക്കും അത്ഭുതപ്പെട്ടു. റിപ്പർ എപ്പോഴും 'ബ്ലഡി ഫൂൾ' എന്ന് പറയുന്നതായി ഗവേഷകർ കണ്ടെത്തി. കാൻബറയുടെ തെക്ക് പടിഞ്ഞാറ് ടിഡ്ബിൻബില്ല പ്രകൃതി സംരക്ഷണ കേന്ദ്രത്തിലാണ് താറാവുള്ളത്. റിപ്പർ തന്റെ പരിചാരകനിൽ നിന്ന് ആവർത്തിച്ച് കേൾക്കുന്ന ഒരു വാചകമായിരിക്കാം ഇതെന്ന് ഗവേഷകർ വിശ്വസിക്കുന്നു. പക്ഷേ, ഇത് ആദ്യമായി പുറപ്പെടുവിച്ചപ്പോൾ അവന് എത്ര വയസ്സുണ്ടായിരുന്നെന്ന് വ്യക്തമല്ല. എന്നാൽ, ഈ ശബ്ദം രേഖപ്പെടുത്തുന്ന സമയത്ത് അവന് നാല് വയസ്സായിരുന്നു. ഇത് കൂടാതെ, റിപ്പർ കതകടയ്ക്കുന്ന ശബ്‍ദവും അനുകരിക്കുമെന്ന് ഗവേഷകർ പറയുന്നു.

വിരമിച്ച ഓസ്ട്രേലിയൻ ഗവേഷകനായ ഡോ. പീറ്റർ ഫുല്ലാഗറാണ് വർഷങ്ങൾക്ക് മുൻപ് താറാവിന്റെ സംഭാഷണ ശബ്‍ദം ആദ്യമായി റെക്കോർഡ് ചെയ്തത്. എന്നാൽ, അടുത്തിടെ അദ്ദേഹത്തിന്റെ റെക്കോർഡിംഗുകൾ നെതർലാൻഡിലെ ലൈഡൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ കാറൽ ടെൻ കേറ്റ് വീണ്ടും കേൾക്കാനിടയായി. പക്ഷികളുടെ ശബ്ദത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിൽ സംസാരിക്കുന്ന താറാവിനെക്കുറിച്ചുള്ള അവ്യക്തമായ ഒരു പരാമർശം കേറ്റ് കണ്ടു. അതിനെ തുടർന്നാണ് ഗവേഷകൻ ഇതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ ആരംഭിച്ചത്.

ഈ കണ്ടെത്തൽ പക്ഷികളിൽ സ്വരഭാഷാ പഠനത്തിന്റെ പരിണാമത്തെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് നൽകുന്നു. ബ്രിട്ടനിലെ പ്രശസ്തമായ റോയൽ സൊസൈറ്റിയുടെ ഫിലോസഫിക്കൽ ട്രാൻസാക്ഷൻസ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പക്ഷികൾ പലപ്പോഴും അവരുടെ ചുറ്റുപാടിൽ നിന്നുള്ള ശബ്ദങ്ങൾ അനുകരിക്കുന്നു. അക്കൂട്ടത്തിൽ മികച്ച രീതിയിൽ അനുകരിക്കാൻ കഴിവുള്ളവയാണ് മസ്ക് താറാവുകൾ എന്നും ​ഗവേഷകർ പറയുന്നു.  

Follow Us:
Download App:
  • android
  • ios