അന്വേഷണത്തില്‍ മൂന്നിലൊന്ന് വനിതാ ജീവനക്കാരും പാര്‍ലമെന്റ് സമുച്ചയത്തിനകത്ത് ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുന്നതായി കണ്ടെത്തി.

പാര്‍ലമെന്റിനകത്തു വെച്ച് ജീവനക്കാരി ബലാല്‍സംഗം ചെയ്യപ്പെട്ട വിവാദത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പരസ്യമായി മാപ്പു പറഞ്ഞു. പാര്‍ലമെന്റിലാണ് അദ്ദേഹം മാപ്പു പറഞ്ഞത്. ബലാല്‍സംഗത്തിന് ഇരയായ ജീവനക്കാരി ഇതിനു സാക്ഷിയാവാന്‍ സന്ദര്‍ശക ഗാലറിയില്‍ എത്തിയിരുന്നു. രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തിനു പിന്നാലെയാണ് സംഭവത്തില്‍ മാപ്പു പറയാന്‍ പ്രധാനമന്ത്രി തയ്യാറായത്. എന്നാല്‍, ഇതു വെറും കണ്‍കെട്ടു മാത്രമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുകയോ ബോയ്‌സ് ക്ലബ് സംസ്‌കാരമെന്ന് അന്വേഷണ സമിതി കണ്ടെത്തിയ അവസ്ഥയ്ക്കു മാറ്റമുണ്ടാക്കി പാര്‍ലമെന്റ് ശുദ്ധീകരിക്കാന്‍ നടപടി എടുക്കുകയോ ചെയ്തില്ലെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 

2019-ലാണ് ബ്രിട്ടാനി ഹിഗിന്‍സ് എന്ന ജീവനക്കാരി താന്‍ പാര്‍ലമെന്റ് സമുച്ചയത്തിനകത്തുവെച്ച് ബലാല്‍സംഗം ചെയ്യപ്പെട്ടതായി പരാതിപ്പെടുന്നത്. മേലധികാരി കാബിനില്‍ വിളിപ്പിച്ച് ബലാല്‍സംഗം ചെയ്തതായിരുന്നു പരാതി. രാഷ്ട്രീയ സമിതി ജീവനക്കാരിയായ അവര്‍ മേധാവിയുടെ കാര്യാലയത്തിനകത്തു വെച്ചാണ് ബലാല്‍സംഗം ചെയ്യപ്പെട്ടത്. തുടര്‍ന്ന് പരാതി നല്‍കിയെങ്കിലും അന്നത്തെ പ്രതിരോധ വകുപ്പ് മന്ത്രി കുറ്റവാളിയെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തത്. പരാതി മറച്ചുവെക്കാനും ഇരയായ യുവതിയെ ജോലിയില്‍നിന്നും പുറത്താക്കാനുമാണ് മന്ത്രി ശ്രമിച്ചത്. തുടര്‍ന്ന് ഇക്കാര്യം ബ്രിട്ടാനി ഹിഗിന്‍സ് പരസ്യമായി പറയുകയും രാജ്യവ്യാപക പ്രക്ഷോഭത്തിന് വഴി തെളിയിക്കുകയും ചെയ്തു. 

ഇതിനെ തുടര്‍ന്ന് ലൈംഗിക വിവോചനത്തിന് എതിരായ സമിതിയുടെ കമീഷണര്‍ കേറ്റ് ജെന്‍കിന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൂന്നിലൊന്ന് വനിതാ ജീവനക്കാരും പാര്‍ലമെന്റ് സമുച്ചയത്തിനകത്ത് ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുന്നതായി കണ്ടെത്തി. 

പാര്‍ലമെന്റില്‍ നിലനില്‍ക്കുന്നത് ബോയ്‌സ് ക്ലബ് സംസ്‌കാരമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മദ്യപിച്ച് സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നതും അപമാനിക്കുന്നതും ബലാല്‍സംഗം ചെയ്യുന്നതും ഇവിടെ പതിവാണെന്ന ഞെട്ടിക്കുന്ന കണ്ടെത്തലും സമിതി നടത്തി. സംഭവത്തില്‍ സര്‍ക്കാര്‍ മാപ്പു പറയണമെന്നും റിപ്പോര്‍ട്ടു ശിപാര്‍ശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ മാപ്പുപറച്ചില്‍. 

സംഭവം പുറത്തു വന്ന ശേഷം പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എടുത്ത നിലപാടുകള്‍ ഏറെ വിമര്‍ശന വിധേയമായിരുന്നു. ഇരകളെ ക്രൂശിക്കുകയും അക്രമികളെ സംരക്ഷിക്കുകയും ചെയ്യുന്ന നടപടിയാണ് ഇദ്ദേഹം കൈക്കൊള്ളുന്നത് എന്നാണ് ആരോപണമുയര്‍ന്നത്. തന്നെ തുടര്‍ച്ചയായി അധിക്ഷേപിക്കുകയും വേട്ടയാടുകയും ചെയ്യുന്നതായി സംഭവത്തില്‍ ഇരയായ ബ്രിട്ടാനി ഹാഗിന്‍സ് തന്നെ പരാതിപ്പെട്ടിരുന്നു. ഇത് വലിയ കോളിളക്കത്തിനാണ് കാരണമായത്. ഇതിനെ തുടര്‍ന്ന്, ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് ഇപ്പോഴത്തെ മാപ്പുപറച്ചില്‍.