വളരെ കഠിനമായ ഭാഷയിലാണ് പോളിറ്റ് സന്ദീപ് കുമാറിന് അയച്ച ഈ മെയിലിൽ വംശീയ പരാമർശം നടത്തിയിരിക്കുന്നത്. ഒരു വെളുത്ത ഓസ്ട്രേലിയക്കാരി എന്ന നിലയിൽ തന്റെ രാജ്യം വളരെ മികച്ചതാണ് എന്നും അത് നിങ്ങളുടെ രാജ്യം പോലെയാക്കി മാറ്റരുത് എന്നും മറ്റും അതിൽ പറയുന്നുണ്ട്.
ഓസ്ട്രേലിയയിൽ ഇന്ത്യക്കാരനെതിരെ വംശീയ പരാമർശം നടത്തിയ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിനെ സസ്‍പെൻഡ് ചെയ്തു. ഇന്ത്യക്കാരുടെ വൃത്തിയെ കുറിച്ചും ഇന്ത്യക്കാർ ഓസ്ട്രേലിയയിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചുമാണ് റിയൽ എസ്റ്റേറ്റ് ഏജന്റ് വംശീയ പരാമർശം നിറഞ്ഞ ഈ മെയിൽ അയച്ചത്. ഇവരുടെ മുൻ വാടകക്കാരനായിരുന്നു സന്ദീപ് കുമാർ എന്ന ഇന്ത്യക്കാരൻ.
2021 മെയ് മാസത്തിൽ, സന്ദീപ് കുമാർ നൽകിയ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്നും ക്ലീനിംഗ് ബിൽ ഇനത്തിൽ ഒരു തുക കിഴിച്ചിട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യമുയർത്തിയപ്പോഴാണ് തിരികെ വംശീയ പരാമർശം നിറഞ്ഞ ഈ മെയിൽ അയച്ചത് എന്ന് ഓസ്‌ട്രേലിയൻ വെബ്‌സൈറ്റായ news.com.au റിപ്പോർട്ട് ചെയ്യുന്നു.
ഇമെയിലിൽ, മവിൻ റിയൽ എസ്റ്റേറ്റ് ഡയറക്ടറായ ബ്രോൺവിൻ പോളിറ്റ് ചെയ്തത് ഓസ്‌ട്രേലിയയിലെ ജീവിതനിലവാരവും ഇന്ത്യയിലെ ജീവിതനിലവാരവും താരതമ്യപ്പെടുത്തുകയാണ്. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും ആളുകൾ തിങ്ങിനിറഞ്ഞ രാജ്യങ്ങളാണ് എന്നും അവിടെയുള്ളവർ ശല്ല്യക്കാരാണ് എന്നും പോളിറ്റ് പറയുകയും ചെയ്തു. മെയിലിൽ, ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ ഓസ്‌ട്രേലിയയെ 'ഇന്ത്യയെ പോലെ വൃത്തികെട്ട' ഇടമാക്കി മാറ്റില്ല എന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും ഇവർ പറഞ്ഞു.
എന്നാൽ, പിന്നീട് ഈ ഈ മെയിൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് സമർപ്പിച്ചു. സെപ്റ്റംബർ 1 മുതൽ എട്ട് മാസത്തേക്ക് റിയൽ എസ്റ്റേറ്റ്, ബിസിനസ് ഏജന്റുമാരുടെ ലൈസൻസ് കൈവശം വയ്ക്കാൻ പോളിറ്റ് അയോഗ്യയാണ് എന്നായിരുന്നു ട്രിബ്യൂണലിന്റെ കണ്ടെത്തൽ.
വളരെ കഠിനമായ ഭാഷയിലാണ് പോളിറ്റ് സന്ദീപ് കുമാറിന് അയച്ച ഈ മെയിലിൽ വംശീയ പരാമർശം നടത്തിയിരിക്കുന്നത്. ഒരു വെളുത്ത ഓസ്ട്രേലിയക്കാരി എന്ന നിലയിൽ തന്റെ രാജ്യം വളരെ മികച്ചതാണ് എന്നും അത് നിങ്ങളുടെ രാജ്യം പോലെയാക്കി മാറ്റരുത് എന്നും മറ്റും അതിൽ പറയുന്നുണ്ട്. ട്രിബ്യൂണലിന്റെ നടപടിക്ക് ശേഷം പോളിറ്റ് സന്ദീപ് കുമാറിനോട് ഖേദം പ്രകടിപ്പിച്ചു.
