മൊൾഡോവ പ്രസിഡണ്ടിന്റെ നായ ഓസ്ട്രിയ പ്രസിഡണ്ടിനെ കടിച്ചു, സംഭവം ഔദ്യോഗിക സന്ദർശനത്തിനിടെ
ക്രോഡറ്റ് എന്നാണ് മൊൾഡോവ പ്രസിഡണ്ടിൻറെ വളർത്തുനായയുടെ പേര്. ബെല്ലൻ നായയെ ഓമനിക്കാൻ ശ്രമിക്കുന്നതിനിടയിലാണത്രെ അത് കയ്യിൽ കടിച്ചത്.

മൊൾഡോവ സന്ദർശിക്കാൻ പോയതാണ് ഓസ്ട്രിയയുടെ പ്രസിഡണ്ട്. എന്നാൽ, അവിടെച്ചെന്ന് പ്രസിഡണ്ടിന് കയ്യൊക്കെ കൊടുത്ത് നിൽക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ഒരു കാര്യം സംഭവിച്ചത്. മൊൾഡോവ പ്രസിഡണ്ടിന്റെ നായ ഓസ്ട്രിയ പ്രസിഡണ്ടിനെ കടിച്ചു.
ഓസ്ട്രിയയുടെ പ്രസിഡണ്ട് അലക്സാണ്ടർ വാൻ ഡെർ ബെല്ലനാണ് സന്ദർശനത്തിനിടെ മൊൾഡോവൻ പ്രസിഡന്റ് മയാ സാൻഡുവിന്റെ വളർത്തു നായയുടെ കടിയേൽക്കേണ്ടി വന്നത്. പ്രസിഡൻഷ്യൽ പാലസിന്റെ മുറ്റത്തു കൂടി രണ്ട് നേതാക്കളും നടന്നു നീങ്ങവേയാണ് ബെല്ലന്റെ കയ്യിൽ നായയുടെ കടിയേറ്റത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാലും അതൊന്നും ബെല്ലനത്ര കാര്യമായി എടുത്തില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാരണം, സന്ദർശനത്തിന്റെ അവസാനത്തെ ദിവസം മയാ സാൻഡുവിന്റെ പ്രിയപ്പെട്ട വളർത്തു നായയ്ക്ക് ഒരു കളിപ്പാട്ടവും സമ്മാനിച്ചാണത്രെ ഓസ്ട്രിയ പ്രസിഡണ്ട് പോയത്.
ക്രോഡറ്റ് എന്നാണ് മൊൾഡോവ പ്രസിഡണ്ടിൻറെ വളർത്തുനായയുടെ പേര്. ബെല്ലൻ നായയെ ഓമനിക്കാൻ ശ്രമിക്കുന്നതിനിടയിലാണത്രെ അത് കയ്യിൽ കടിച്ചത്. സംഭവത്തിൽ മയാ സാൻഡു ബെല്ലനോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഒരുപാട് പേരെ കണ്ടപ്പോൾ ക്രോഡറ്റ് പേടിച്ചിട്ടുണ്ടാവാം. അതായിരിക്കാം കടിക്കാൻ കാരണമായത് എന്നാണ് മൊൾഡോവ പ്രസിഡണ്ട് പറഞ്ഞത്.
ക്രോഡറ്റിന് ഒരു കാർ അപകടത്തിന് പിന്നാലെ ഒരു കാൽ നഷ്ടപ്പെട്ടിരുന്നു. ഈ വർഷം ആദ്യമാണ് മൊൾഡോവ പ്രസിഡണ്ട് ക്രോഡറ്റിനെ ദത്തെടുത്തത്. അതേസമയം, സംഭവം വിവരിക്കുന്ന ഒരു വീഡിയോ ബെല്ലൻ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. താനൊരു മൃഗസ്നേഹിയാണ് എന്നും ബെല്ലൻ പറയുന്നുണ്ട്. നായയുടെ കടിയേറ്റതിലുണ്ടായ പരിക്ക് ഗുരുതരമല്ല എന്നും അദ്ദേഹം പറയുന്നു. നായയ്ക്ക് കളിപ്പാട്ടം സമ്മാനിച്ച കാര്യവും ബെല്ലൻ തന്നെയാണ് പറഞ്ഞത്.
വായിക്കാം: ഇങ്ങനെ ഓരോരോ ഹോബികളാണ് പാമ്പുസ്നേഹികൾക്ക്; തലയിൽ മുത്തം കൊടുത്ത് യുവാവ്..!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം