എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഇവരുടെ പരാമർശങ്ങൾക്ക് ലഭിച്ചത്. ജിംബ്രൂണോ പീഡിപ്പിക്കപ്പെട്ട സ്ത്രീകളെ കുറ്റപ്പെടുത്തുകയാണ് ചെയ്തത് എന്നാരോപിച്ചു കൊണ്ടുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

'കൂടുതൽ മദ്യപിക്കാതിരുന്നാൽ ബലാത്സം​ഗം ഒഴിവാക്കാം' വിവാദ പരാമർശവുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പങ്കാളി. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെ കുറ്റപ്പെടുത്തുന്ന വാക്കുകൾ വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ് ഇറ്റലിയിൽ. വലതുപക്ഷ ചാനൽ റീട്ടെ 4 -ലെ തന്റെ ഷോയിൽ സംസാരിക്കുകയായിരുന്നു ജിംബ്രൂണോ.

നേപ്പിൾസിനടുത്തും പലേർമോയിലും അടുത്തിടെ കൂട്ടബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ആ പശ്ചാത്തലത്തിലാണ് ചാനലിൽ ആൻഡ്രിയ ജിംബ്രൂണോയുടെ പരാമർശം. 'നിങ്ങൾ നൃത്തം ചെയ്യാൻ പോയാൽ നിങ്ങൾക്ക് മദ്യപിക്കാൻ പൂർണ്ണ അർഹതയുണ്ട്... പക്ഷേ, മദ്യപിക്കുന്നതും മദ്യപിച്ച് ബോധം പോകുന്നതും നിങ്ങൾ ഒഴിവാക്കുകയാണെങ്കിൽ ഒരുപക്ഷേ നിങ്ങൾ കുഴപ്പത്തിൽ ചെന്നുചാടുന്നതും ഒഴിവാക്കാം. കാരണം എന്നാലേ ചെന്നായയെ കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കൂ' എന്നായിരുന്നു ഇയാളുടെ പരാമർശം. 

കൂടാതെ ഷോയ്ക്കിടയിൽ, വലതുപക്ഷ ലിബറോ പത്രത്തിന്റെ എഡിറ്ററായ പിയട്രോ സെനാൽഡിയോട് യോജിച്ചു കൊണ്ട് 'നിങ്ങൾ ബലാത്സംഗം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ, എല്ലാറ്റിനുമുപരിയായി നിങ്ങൾക്ക് ബോധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകരുത്' എന്നും ഇയാൾ പറയുകയുണ്ടായി. ഷോയിൽ ബലാത്സംഗികളെ അപലപിച്ചു കൊണ്ട് അവരെ 'ചെന്നായ്' എന്നും ജിംബ്രൂണോയും സെനാൽഡിയും വിശേഷിപ്പിച്ചു. 

എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഇവരുടെ പരാമർശങ്ങൾക്ക് ലഭിച്ചത്. ജിംബ്രൂണോ പീഡിപ്പിക്കപ്പെട്ട സ്ത്രീകളെ കുറ്റപ്പെടുത്തുകയാണ് ചെയ്തത് എന്നാരോപിച്ചു കൊണ്ടുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. പ്രതിപക്ഷ പാർട്ടിയും കടുത്ത ഭാഷയിൽ ജിംബ്രൂണോയുടെ പരാമർശത്തെ വിമർശിച്ചു. രാജ്യത്തെ പ്രതിപക്ഷമായ ഫൈവ് സ്റ്റാർ മൂവ്‌മെന്റ് പാർട്ടി (എം 5 എസ്) ഒരു പ്രസ്താവനയിൽ പറഞ്ഞത്, 'ജിംബ്രൂണോയുടെ വാക്കുകൾ അസ്വീകാര്യവും ലജ്ജാകരവുമാണ്. അവ പ്രതിനിധീകരിക്കുന്നത് പുരുഷ മേധാവിത്വത്തെയും പിന്തിരിപ്പൻ സംസ്കാരത്തെയുമാണ്' എന്നാണ് എന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

എന്നാൽ താൻ അങ്ങനെയല്ല ഉദ്ദേശിച്ചത് സ്ത്രീകളോട് മദ്യവും മയക്കുമരുന്നും ഒക്കെ ഉപയോ​ഗിച്ച് അപകടം വരുത്തിവയ്ക്കരുത് എന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്ന വാദവുമായി ജിംബ്രൂണോയും രം​ഗത്തെത്തി.