നവോത്ഥാനനായകരിൽ പ്രമുഖൻ, പുലയസമുദായാംഗം. ഒരു സമൂഹത്തിന്റെ പോരാട്ടത്തെ മുന്നിൽ നിന്ന് നയിച്ച നേതാവ്. ഇന്ന് മഹാത്മാ അയ്യങ്കാളിയുടെ ചരമദിനം.
സ്ത്രീകളുടെ വസ്ത്രം എല്ലാക്കാലത്തും അധികാരവർഗം തീരുമാനിക്കുമായിരുന്നു. അത് ഭരിക്കുന്നവരായാലും, ജാതികൊണ്ടും മതം കൊണ്ടും 'ഉയർന്ന്' നിൽക്കുന്നവരായാലും, ചുറ്റുമുള്ള പുരുഷന്മാരായാലും. അതൊരുതരം ഭരണത്തിന്റെയും അധികാരത്തിന്റെയും പ്രത്യക്ഷപ്രകടനമായിരുന്നു. അതിനോട് ചേർത്തുവായിക്കേണ്ടത് തന്നെയാണ് അയങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കല്ലുമാല സമരവും.
വസ്ത്രം അടിച്ചേൽപ്പിക്കപ്പെടേണ്ടതല്ല. അത് ഏത് തരമായാലും, അതിൽ മനുഷ്യർക്ക് സമ്പൂർണാധികാരം ഉണ്ടാവുന്നതിനെയാണ് സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത്. അയ്യങ്കാളിയുടെ കാലത്തും സ്ത്രീകളുടെ വസ്ത്രധാരണം അധികാരവർഗത്തിന്റെ തെരഞ്ഞെടുപ്പ് തന്നെയായിരുന്നു. അന്ന് സ്ത്രീകൾ പുരുഷന്മാരെപ്പോലെയാണ് വസ്ത്രം ധരിച്ചിരുന്നത്. അധസ്ഥിതരെന്ന് കരുതപ്പെട്ട ഒരു വിഭാഗത്തിന് അരയ്ക്ക് മുകളിലോട്ട് വസ്ത്രം ധരിക്കാനുള്ള അനുവാദമേയുണ്ടായിരുന്നില്ല. ക്രിസ്ത്യാനികളും മുസ്ലീംകളും മാത്രമായിരുന്നു അരയ്ക്ക് മുകളിലോട്ട് വസ്ത്രം ധരിച്ചിരുന്നത്.
എന്നാൽ, അയ്യങ്കാളി ഇതിനെ ശക്തമായി എതിർത്തു. തന്റെ ജാതിയിലുള്ള സ്ത്രീകളോട് മുലക്കച്ചയണിഞ്ഞു നടക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്‍തത്. അന്ന് ജാതി അടിമത്തത്തിന്റെ നേർസാക്ഷ്യമെന്ന പോലെ ചില ജാതികളിൽ പെട്ട സ്ത്രീകളോട് കല്ലും കുപ്പിച്ചില്ലുമടക്കമുള്ള വസ്തുക്കളടങ്ങിയ മാല ധരിച്ചു നടക്കണമെന്നായിരുന്നു കൽപന. എന്നാൽ അയ്യങ്കാളി, സ്ത്രീകളോട് ആ ഭാരമേറിയ, അധികാരകൽപനയുടെ ഭാഗമായി മാറിയ മാലകളുപേക്ഷിക്കാൻ ആഹ്വാനം ചെയ്തു, മുലക്കച്ചകൾ ധരിക്കാനും.
എന്നാൽ, ഇത് അധികാരവർഗത്തെയും ജാതിയിലുയർന്നവരെയും വല്ലാതെ പ്രകോപിച്ചു. അവർ ആ സ്ത്രീകളുടെ മുലക്കച്ച വലിച്ചുകീറി. അവരെ പരമാവധി ദ്രോഹിച്ചു. സ്ത്രീകളെ തല്ലി, പറ്റാവുന്നിടത്തോളം ഉപദ്രവിച്ചു. ഏറ്റവും ക്രൂരമായ മർദ്ദനങ്ങൾ നടന്നത് കൊല്ലം ജില്ലയിലെ പെരിനാട്ട്. എന്നാൽ, ഏത് മർദ്ദനത്തിനും ഒരു മറുപുറമുണ്ട്, അത് പ്രതികരണവും പ്രതികാരവുമാണ്. അത് ചെറുത്തുനിൽപ്പിന്റെ കൂടി ഭാഷയാണ്. അവർ സവർണ്ണരെ ചെറുത്തു. തിരിച്ചടിക്കാൻ തയ്യാറായി. പലയിടത്തും കലാപവും രക്തച്ചൊരിച്ചിലുമുണ്ടായി.
തുടർന്ന് അയ്യങ്കാളിയുടെ ആഹ്വാനപ്രകാരം സ്ത്രീകൾ കൊല്ലത്തെ പീരങ്കിമൈതാനത്തിൽ ഒത്തുചേർന്നു. അനേകമനേകം ജനങ്ങളവിടെ കൂടി. അവരിലേറെയും അയിത്തത്തെ അംഗീകരിക്കുന്നവരും അത് നടപ്പിലാക്കാൻ ശ്രമിക്കുന്നവരുമായ കൂട്ടത്തിന്റെ അക്രമങ്ങളെ അതിജീവിച്ച് ഓടിയെത്തിയവരായിരുന്നു. 1915 ആണ് വർഷം. ആ സമ്മേളനത്തിൽ വച്ച് സ്ത്രീകളോട് അയ്യങ്കാളി ആവശ്യപ്പെട്ടത് ജാതീയതയുടെ അടയാളമായി അടിച്ചേൽപ്പിക്കപ്പെട്ട കല്ലുമാല വലിച്ചെറിയാനാണ്. ആ സ്ത്രീകൾ തങ്ങളുടെ കല്ലുമാലകൾ പൊട്ടിച്ചെറിഞ്ഞു. കല്ലുമാല സമരം എന്ന് പിൽക്കാലത്തത് അറിയപ്പെട്ടു. സ്ത്രീകളടങ്ങിയ ഒരു വലിയ വിപ്ലവമായിരുന്നു അന്ന് അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്നത്.
അയ്യങ്കാളി മുന്നിൽ നിന്ന് നയിച്ച അനേകം സമരങ്ങളിലൊന്ന് മാത്രമാണിത്. ദളിതരുടെ ആദ്യ പള്ളിക്കൂടവും, പഞ്ചമിയെന്ന പെൺകുട്ടിയുടെ കൈപിടിച്ച് അദ്ദേഹം സ്കൂളിലേക്ക് നടത്തിയ യാത്രയും, വില്ലുവണ്ടി സമരവും, കർഷകത്തൊഴിലാളി സമരവും എല്ലാം അതിൽ പെടുന്നു. ചരിത്രത്തിൽ ചില മനുഷ്യരുള്ളത് കൊണ്ടാണ് നമ്മുടെ വർത്തമാനകാല ജീവിതം ഇത്രയെങ്കിലും ആയാസം കുറഞ്ഞതാവുന്നത്. പോരാട്ടത്തിന് തുടർച്ച ആവശ്യമാണ് എങ്കിലും. അവർ നടന്ന വഴികളിലാണ് പിന്നീട് മാറ്റങ്ങൾ പലതും അടയാളം കൊണ്ടത്. അയ്യങ്കാളി ഒരു സമരനായകൻ മാത്രമല്ല, മറിച്ച് അദ്ദേഹം സമരം തന്നെയായിരുന്നു. ഇന്ന്, ആ നവോത്ഥാന നായകന്റെ ചരമദിനമാണ്. അയ്യങ്കാളി അഗ്നിയായിരുന്നു -അനേകർക്ക് വെളിച്ചം പകർന്ന, പോരാട്ടത്തിന്റെ ചൂട് പകർന്ന അഗ്നി.
