12 വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരിമാരായ ബ്രാഹ്മിയും സുന്ദരിയും തങ്ങളുടെ സഹോദരനെ അന്വേഷിച്ച് കായോത്സർഗയിലെത്തി. അവിടെ ശരീരമാസകലം വള്ളികള്‍ പടര്‍ന്ന് കയറി, മുടിയില്‍ പക്ഷികള്‍ കൂട്ടുകൂട്ടിയ നിലയില്‍ ധ്യാനനിരതനായ ബാഹുബലിയെ അവര്‍ കണ്ടെത്തി.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇന്ന് ബാഹുബലിയെന്നാല്‍ രാജമൗലിയുടെ സിനിമയാണ്. എന്നാല്‍, ദക്ഷിണേന്ത്യ എന്ന് ഇന്ന് അറിയപ്പെട്ടുന്ന ഭൂഭാഗത്തിലെ ഒരു പ്രദേശം ഒരിക്കല്‍ ഭരിച്ചിരുന്ന ശക്തനായ ഒരു ഭരണാധികാരിയായിരുന്നു ബാഹുബലിയെന്ന് അറിയുന്നവര്‍ വളരെ ചുരുക്കം. ആര്യന്‍ അധിനിവേശം ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയിലേക്ക് പടര്‍ന്ന് കയറാന്‍ തുടങ്ങുന്നതിനും മുമ്പ്, ഇന്നത്തെ കര്‍ണ്ണാടകയില്‍ അതിശക്തമായ വേരുകളാഴ്ത്തി നിന്നിരുന്നത് ജൈനമതത്തിലെ ശ്വേതാംബര, ദിഗംബര വിഭാഗങ്ങളായിരുന്നു. ഈ രണ്ട് വിഭാഗങ്ങളിലും ബഹുബലിയെ കുറിച്ച് പരാമര്‍ശങ്ങളുണ്ടെങ്കിലും അതില്‍ പ്രധാനമായും ദിഗംബരന്മാര്‍ക്കിടയിലാണ് ബാഹുബലിയെ ആരാധിക്കുന്നവര്‍ ഏറെയുണ്ടായിരുന്നത്.
പത്താം നൂറ്റാണ്ടിൽ രാഷ്ട്രകൂട രാജവംശത്തിലെ ഒരു സാമന്തന്‍റെ കൊട്ടാരത്തിൽ രചിക്കപ്പെട്ട കന്നഡ ഇതിഹാസ കാവ്യമായ പമ്പയിലെ ആദിപുരാണത്തിൽ നിന്നാണ് ബാഹുബലിയെ കുറിച്ചുള്ള ആദ്യ സൂചനകള്‍ ലഭിക്കുന്നത്. ആദിപുരാണത്തില്‍ ഋഷഭദേവന്‍റെ, ബാഹുബലി ഒഴികെയുള്ള എല്ലാ മക്കളും അദ്ദേഹത്തിന്‍റെ മൂത്ത മകനായ ഭരതന് വേണ്ടി തങ്ങളുടെ രാജ്യങ്ങളും അധികാരങ്ങളും ഉപേക്ഷിച്ചു. എന്നാല്‍, അധികാര തര്‍ക്കം രൂക്ഷമായപ്പോള്‍ ഭരതനും ബാഹുബലിയും പരസ്പരം യുദ്ധം ചെയ്തു. യുദ്ധത്തിന്‍റെ തുടക്കത്തില്‍ തന്നെ ബാഹുബലി, ഭരതനെ കീഴ്പ്പെടുത്തി. പക്ഷേ, യുദ്ധം സൃഷ്ടിച്ച രക്തച്ചൊരിച്ചില്‍ ബാഹുബലിയെ വേദനിപ്പിച്ചു. അദ്ദേഹം രാജ്യവും അധികാരവും ഉപേക്ഷിച്ച് വനവാസം തെരഞ്ഞെടുത്തു. പിന്നീട് വനാന്തര്‍ഭാഗത്ത് കായോത്സർഗ (ചലനരഹിത) എന്ന സ്ഥലത്ത് അദ്ദേഹം നിശ്ചലനായി നിന്നതായി പുരാണത്തില്‍ പരാമര്‍ശിക്കുന്നു.
ഒടുവില്‍ ബാഹുബലിയുടെ സഹോദരിമാരായ ബ്രാഹ്മിയും സുന്ദരിയും 12 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ സഹോദരനെ അന്വേഷിച്ച് കായോത്സർഗയിലെത്തി. അവിടെ ശരീരമാസകലം വള്ളികള്‍ പടര്‍ന്ന് കയറി, മുടിയില്‍ പക്ഷികള്‍ കൂട്ടുകൂട്ടിയ നിലയില്‍ ധ്യാനനിരതനായ ബാഹുബലിയെ അവര്‍ കണ്ടെത്തി. അവര്‍ സഹോദരന്‍റെ ശരീരത്തില്‍ പടര്‍ന്ന് കയറിയ വള്ളികള്‍ നീക്കം ചെയ്ത് അദ്ദേഹത്തെ കോട്ടാരത്തിലേക്ക് ക്ഷണിച്ചു. ഈ സമയത്ത് അദ്ദേഹത്തിന് ബോധോദയമുണ്ടായതായും സര്‍വ്വജ്ഞാനം ലഭിച്ചതായും പറയപ്പെടുന്നു.
മനുഷ്യന് കഴിക്കാനായി ചൈനയുടെ 'പാറ്റ കൃഷി'; പ്രതികരണവുമായി നെറ്റിസണ്‍സ് !
പിന്നീട് അദ്ദേഹത്തിന്‍റെ പേരില്‍ നിര്‍മ്മിക്കപ്പെട്ട ശില്പങ്ങളെല്ലാം തന്നെ നഗ്നനായി, ചുരുണ്ട മുടിയോട് കൂടി, കാലുകളിലൂടെ കൈകളിലേക്ക് പടര്‍ന്ന് കയറിയ വള്ളികളോടെ കായോത്സർഗ സ്ഥാനത്ത് നിവർന്ന് നിൽക്കുന്ന രൂപത്തിലായിരുന്നു. ആറാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ 4-ാം ബദാമി ഗുഹയില്‍ വരയ്ക്കപ്പെട്ടതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പഴക്കമുള്ള ചിത്രം. ഇരുപത്തിമൂന്നാം തീർത്ഥങ്കരനായ പാർശ്വനാഥനോടൊപ്പമാണ് ആദ്യകാല ബാഹുബലിയെ കാണാന്‍ കഴിയുക. പിന്നീട് അമ്പര ചുംബികളായ പ്രതിമകളായി അദ്ദേഹം പുനര്‍നിര്‍മ്മിക്കപ്പെട്ടു. പത്താം നൂറ്റാണ്ട് മുതൽ ബാഹുബലി ആരാധനാക്രമം രാജകുടുംബങ്ങൾക്കിടയിൽ വലിയ പ്രചാരം നേടിയിരുന്നുവെന്ന് ആദിപുരാണത്തില്‍ സൂചനകളുണ്ട്. പത്താം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ ഗംഗ സാമന്തരാജാവായ ചാമുണ്ഡരായ ശ്രാവണബലഗോളയിൽ ഏകശിലാരൂപത്തിലുള്ള ബാഹുബലിയുടെ 57 അടി ഉയരമുള്ള ഏറ്റവും വലിയ പ്രതിമ സ്ഥാപിച്ചു.
ആശ്രിത നിയമനം; ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നിയമ ഭേദഗതി സാധ്യമാക്കിയ വിധം
ഇന്നും ജൈന ക്ഷേത്രങ്ങളിൽ ബാഹുബലി ആരാധന തുടരുന്നു. പത്താം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെ, ഹൊയ്‌സാല രാജവംശത്തിന്‍റെ ഭരണകാലത്ത് ബാഹുബലിയുടെ പ്രതിമകളില്‍ ഉറുമ്പ് കൂടുകളും പരിചാരിക സ്ത്രീ രൂപങ്ങളും ഉൾപ്പെടെ കൂട്ടിച്ചേര്‍ക്കപ്പെട്ടു. മധ്യകാലഘട്ടത്തിന്‍റെ അവസാനം മുതൽ ജൈനമതത്തിന്‍റെ ജനപ്രീതി കുറഞ്ഞ് തുടങ്ങി. അതേസമയം ബാഹുബലിയുടെ ഏകശിലാ പ്രതിമകൾ പലയിടങ്ങളിലും സ്ഥാപിക്കപ്പെട്ടുകൊണ്ടിരുന്നു. കാർക്കളയിലും (പതിനഞ്ചാം നൂറ്റാണ്ട്), വേണൂരും (പതിനേഴാം നൂറ്റാണ്ട്) ഇന്നും പ്രാദേശിക ജൈന സമുദായങ്ങൾ ആരാധിക്കുന്ന പ്രതിമകള്‍ അങ്ങനെ സ്ഥാപിക്കപ്പെട്ടവയാണ്.
