ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. എന്നാൽ, ജനിച്ച് 20 മിനിറ്റിനുള്ളിൽ തന്നെ കുട്ടി മരിക്കുകയാണുണ്ടായത്.

നാല് കൈകളും നാല് കാലുകളുമായി പെൺകുഞ്ഞ്. ചൊവ്വാഴ്ച ബിഹാറിലെ സരൺ ജില്ലയിലെ ഛപ്രയിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ തലയുടെ ആകൃതിയിലും വ്യത്യാസമുണ്ടായിരുന്നു. ഇതോടെ കുഞ്ഞിനെ കാണാനായി വൻജനക്കൂട്ടം തന്നെ കുഞ്ഞിനെ പ്രസവിച്ച നഴ്സിങ് ഹോമിന് മുന്നിൽ തടിച്ച് കൂടിയിരുന്നു. ചിലർ കുഞ്ഞിനെ ദൈവത്തിന്റെ അവതാരമായി കണ്ടെങ്കിൽ മറ്റ് ചിലർ ഇത് ജൈവികപരമായ പ്രത്യേകതയാണ് എന്ന് പറഞ്ഞു. എന്നാൽ, ജനിച്ച് അധികം കഴിയും മുമ്പ് തന്നെ കുഞ്ഞ് മരണപ്പെട്ടു. 

ഛപ്രയിലെ ശ്യാംചക്കിലുള്ള സഞ്ജീവനി നഴ്സിംഗ് ഹോമിലാണ് പ്രസൂത പ്രിയ ദേവി എന്ന യുവതി ഈ പെൺകുഞ്ഞിന് ജന്മം നൽകിയത്. നവജാത ശിശുവിനെ കണ്ടപ്പോൾ ഡോക്ടർമാരും ഒരുപോലെ അമ്പരന്നു. പിന്നാലെ തന്നെ വളരെ വേ​ഗത്തിൽ കുഞ്ഞിനെ കുറിച്ചുള്ള വാർത്തകൾ എല്ലായിടത്തും പ്രചരിച്ചു. നഴ്സിങ് ഹോമിലെ ജീവനക്കാരും രോ​ഗികളും ഒരുപോലെ കുഞ്ഞിനെ കണ്ട് അമ്പരക്കുകയും എല്ലാവരോടും വിവരം പങ്ക് വയ്ക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ കുഞ്ഞിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു. 

ആശുപത്രി ഡയറക്ടറായ ഡോ. അനിൽ കുമാറാണ് അസാധാരണമായ പെൺകുഞ്ഞിനെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയത്. അവൾക്ക് ഒരു തലയും നാല് ചെവികളും നാല് കാലുകളും നാല് കൈകളും രണ്ട് സുഷുമ്നാ നാഡികളും ഉണ്ടായിരുന്നു. അതുപോലെ, അവൾക്ക് മിടിക്കുന്ന രണ്ട് ഹൃദയങ്ങൾ ഉണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. എന്നാൽ, ജനിച്ച് 20 മിനിറ്റിനുള്ളിൽ തന്നെ കുട്ടി മരിക്കുകയാണുണ്ടായത്. കുഞ്ഞിന്റെ അമ്മയുടെ ആരോ​ഗ്യത്തിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും അവർ ആരോ​ഗ്യവതിയായിരിക്കുന്നു എന്നും ആശുപത്രി അധികൃതർ പറയുന്നു.