തനിക്ക് കിട്ടിയ സമ്മാനങ്ങളില്‍ നിന്നും പണമായി ലഭിച്ചതെല്ലാം അച്ഛന്‍ മറ്റിയതില്‍ ദേഷ്യം വന്ന കുട്ടിയാണ് പോലീസിനെ വിളിച്ച് അച്ഛനെതിരെ പരാതിപ്പെട്ടത്. 


ചൈനയില്‍ ചാന്ദ്ര പുതുവത്സരാഘോഷങ്ങൾ നടക്കുകയാണ്. പുതുവത്സരത്തിന്‍റെ ഭാഗമായി ആളുകൾ പരസ്പരം സമ്മാനങ്ങൾ നല്‍കുന്നു. ഇത് ചിലപ്പോൾ എന്തെങ്കിലും സമ്മാനങ്ങളാകുമ്പോൾ മറ്റ് ചിലപ്പോൾ സമ്മാനക്കൂപ്പണുകളായിട്ടായിരിക്കും ലഭിക്കുക. ഇത്തരത്തില്‍ തനിക്ക് ലഭിച്ച സമ്മാനക്കൂപ്പണുകൾ അച്ഛന്‍ എടുത്ത് സൂക്ഷിച്ച് വച്ചതില്‍ ദേഷ്യം വന്ന കുട്ടി, പോലീസിനെ വിളിച്ച് വീട്ടില്‍ ഒരു മോശപ്പെട്ട മനുഷ്യനുള്ളതായി പരാതിപ്പെട്ടെന്ന് റിപ്പോര്‍ട്ട്. വടക്ക് കിഴക്കൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലെ ലാൻഷോയിലെ പോലീസ് സ്റ്റേഷനിലേക്കാണ് കുട്ടി വിളിച്ചത്. വീട്ടിൽ ഒരു വൃത്തിക്കെട്ട മനുഷ്യനുണ്ടെന്നും അയാൾ തന്‍റെ സമ്മാനക്കൂപ്പണുകൾ മോഷ്ടിച്ചെന്നുമായിരുന്നു കുട്ടി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞത്. 

ഫെബ്രുവരി ആദ്യം സ്റ്റേഷനിലേക്ക് വിളിച്ച് ഒരു കുട്ടി തന്‍റെ വീട്ടില്‍ ഒരു മോശം മനുഷ്യനുണ്ടെന്നും അയാൾ തന്‍റെ പണം മോഷ്ടിച്ചതായി പരാതിപ്പെട്ടെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞതായി സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, കുട്ടിയുടെ പ്രായം പോലീസ് പുറത്ത് വിട്ടില്ല. ചൈനയിലെ കുടുംബങ്ങളില്‍ മനോഹരമായി അലങ്കരിച്ച ചുവന്ന കവറുകളില്‍ കുട്ടികൾക്ക് പണം നല്‍കുന്ന ഒരു ചടങ്ങുണ്ട്. എന്നാല്‍, മിക്ക മാതാപിതാക്കളും ചടങ്ങ് കഴിഞ്ഞാല്‍ കവറിലെ പണം തിരികെ എടുക്കുന്നതാണ് പതിവെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം പരാതിയില്‍ അച്ഛനെതിരെ കേസെടുക്കാകില്ലെന്ന് പോലീസ് കുട്ടിയെ അറിയിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

Read More:വിശ്വസ്തത കാണിച്ച 140 ജീവനക്കാർക്ക് 14.5 കോടി രൂപ ബോണസ് നൽകി കോയമ്പത്തൂരിലെ കമ്പനി

മാതാപിതാക്കൾക്കെതിരെ ഇത് ആദ്യമായല്ല ചൈനയിലെ കുട്ടികൾ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പരാതി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഹോം വര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നെന്ന് പറഞ്ഞ് രണ്ട് കുട്ടികൾ തങ്ങളുടെ മാതാപിതാക്കൾക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഹോം വര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിച്ച അച്ഛനെതിരെ പോലീസ് പരാതി പറഞ്ഞ കുട്ടി തന്‍റെ വീട്ടില്‍ അച്ഛന്‍ ഓപ്പിയം സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പരാതി പറഞ്ഞത്. ഇതോടെ പോലീസ് അന്വേഷിച്ചെത്തുകയും അച്ഛനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവുകയും ചെയ്തത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Read More: കടലില്‍ വച്ച് സ്രാവിനൊപ്പം ഫോട്ടോയ്ക്ക് ശ്രമം; യുവതിയുടെ ഇരുകൈകളും കടിച്ചെടുത്ത് സ്രാവ്