ചെറുപ്പം മുതൽ തന്നെ ബാലാമണിയമ്മ കവിതകളെഴുതി തുടങ്ങിയിരുന്നു. 1930 -ൽ ആദ്യകവിതയായ കൂപ്പുകൈ ഇറങ്ങി. അമ്മ, കുടുംബിനി, സ്ത്രീഹൃദയം, അവർ പാടുന്നു, പ്രണാമം, ജീവിതത്തിലൂടെ, അമ്മയുടെ ലോകം തുടങ്ങി അനേകം കൃതികൾ ബാലാമണിയമ്മയുടേതായി ഉണ്ട്.
മലയാളത്തിലെ പ്രശസ്ത കവിയായിരുന്ന എൻ. ബാലാമണിയമ്മയുടെ 113 -ാം ജന്മദിനമാണ് ഇന്ന്. ഗൂഗിൾ ഇന്ന് ഡൂഡിലിലൂടെ ബാലാമണിയമ്മയെ ആദരിക്കുകയാണ്. മലയാള സാഹിത്യത്തിലെ മുത്തശ്ശിയായിട്ടാണ് ബാലാമണിയമ്മ അറിയപ്പെടുന്നത്.
ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ഞുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ നാലപ്പാട്ട് തറവാട്ടിലാണ് ബാലാമണിയമ്മ ജനിക്കുന്നത്. അമ്മാവനും കവിയുമായിരുന്ന നാലാപ്പാട്ട് നാരായണ മേനോന്റെ പുസ്തകശേഖരമാണ് അവരെ വായിക്കാനും എഴുതാനും പ്രേരിപ്പിച്ചത് എന്ന് പറയാറുണ്ട്. മാതൃഭൂമിയുടെ മാനേജിംഗ് ഡയറക്ടറും എഡിറ്ററുമായിരുന്ന വിഎം നായരെയാണ് അവർ വിവാഹം കഴിച്ചത്. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്.
ചെറുപ്പം മുതൽ തന്നെ ബാലാമണിയമ്മ കവിതകളെഴുതി തുടങ്ങിയിരുന്നു. 1930 -ൽ ആദ്യകവിതയായ കൂപ്പുകൈ ഇറങ്ങി. അമ്മ, കുടുംബിനി, സ്ത്രീഹൃദയം, അവർ പാടുന്നു, പ്രണാമം, ജീവിതത്തിലൂടെ, അമ്മയുടെ ലോകം, വെളിച്ചത്തിൽ, സോപാനം, മുത്തശ്ശി , അമൃതംഗമയ, കളങ്കമറ്റ കൈ, ജീവിതത്തിലൂടെ തുടങ്ങി അനേകം കൃതികൾ ബാലാമണിയമ്മയുടേതായി ഉണ്ട്.
1987 -ൽ പത്മഭൂഷൺ നൽകി ബാലാമണിയമ്മ ആദരിക്കപ്പെട്ടു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്കാരം,ലളിതാംബികാ അന്തർജ്ജന പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങളും അവരെ തേടിയെത്തി.
ഗൂഗിൾ ഡൂഡിലിൽ വെള്ള സാരി ധരിച്ച് പുസ്തകങ്ങൾക്കരികിലായി ഇരുന്ന് എഴുതുന്ന ബാലാമണിയമ്മയെ കാണാം. ബാലാമണിയമ്മയുടെ ജന്മദിനത്തിൽ പുസ്തകങ്ങളെയും എഴുത്തിനെയും ഓർമ്മിപ്പിച്ചു കൊണ്ട് കൂടിയാണ് ഗൂഗിൾ അവരെ ആദരിച്ചിരിക്കുന്നത്. സ്ത്രീകളധികമൊന്നും എഴുത്തിൽ വരാതിരുന്ന അല്ലെങ്കിൽ വരാൻ പറ്റാതിരുന്ന ഒരു കാലത്താണ് ബാലാമണിയമ്മ സാഹിത്യലോകത്ത് തന്റെ ഇടമുണ്ടാക്കിയത്.
