ഇസ്‌ലാമിക മതമൗലികവാദികള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ ബംഗ്ലാദേശിനെ താലിബാനിസ്താനാക്കി മാറ്റുകയാണ് എന്നായിരുന്നു വിമര്‍ശനം.  ആണും പെണ്ണും പരസ്പരം കാണാത്ത ബംഗ്ലാദേശാണ് ഇസ്‌ലാമിസ്റ്റുകള്‍ ആഗ്രഹിക്കുന്നതെന്നും അതിന് വളംവെക്കുകയാണ് സര്‍ക്കാര്‍ എന്നുമായിരുന്നു മറ്റ് വിമര്‍ശനം. 

സ്ത്രീകള്‍ക്ക് മാത്രമായി ബീച്ച് കൊണ്ടുവന്ന തീരുമാനത്തില്‍നിന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ പിന്‍മാറി. ഇസ്‌ലാമിക മതമൗലികവാദികളെ പ്രീണിപ്പിക്കാനുള്ള നീക്കമാണ് ഇതെന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്. ആണും പെണ്ണും ഇടകലരുന്ന ബീച്ചുകള്‍ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ വ്യാഴാഴ്ച ആരംഭിച്ച കോക്‌സ് ബസാറില്‍ ആരംഭിച്ച സ്ത്രീകള്‍ക്കു മാത്രമായുള്ള ബീച്ച് ഇപ്പോള്‍ എല്ലാവര്‍ക്കുമായി മാറ്റി. 

ലോകത്തെ ഏറ്റവും വലിയ പ്രകൃതിദത്ത കടല്‍തീരമാണ് ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ബീച്ച്. ഇതിന്റെ 150 മീറ്റര്‍ ഭാഗം സ്ത്രീകള്‍ക്ക് മാത്രമായി മാറ്റുകയായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി സന്ദര്‍ശിക്കാന്‍ കഴിയുന്ന ബീച്ച് എന്നു പറഞ്ഞാണ് ഇവിടെ പ്രത്യേക ബീച്ച് പദ്ധതി നിലവില്‍ വന്നത്. ഇതിനെ ചില ഇസ്‌ലാമിസ്റ്റ് സംഘടനകള്‍ സ്വാഗതം ചെയ്തിരുന്നു. 

അതിനിടയിലാണ്, സോഷ്യല്‍ മീഡിയയിലടക്കം രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. ഇസ്‌ലാമിക മതമൗലികവാദികള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ ബംഗ്ലാദേശിനെ താലിബാനിസ്താനാക്കി മാറ്റുകയാണ് എന്നായിരുന്നു വിമര്‍ശനം. ആണും പെണ്ണും പരസ്പരം കാണാത്ത ബംഗ്ലാദേശാണ് ഇസ്‌ലാമിസ്റ്റുകള്‍ ആഗ്രഹിക്കുന്നതെന്നും അതിന് വളംവെക്കുകയാണ് സര്‍ക്കാര്‍ എന്നുമായിരുന്നു മറ്റ് വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം വലിയ ചര്‍ച്ചാ വിഷയമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അതിവേഗം തീരുമാനം പിന്‍വലിച്ചത്. 

ചില സ്ത്രീകള്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് സ്ത്രീകള്‍ക്കു മാത്രമായി ബീച്ച് കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അന്യപുരുഷന്‍മാരുടെ മുന്നില്‍ ചെല്ലാനുള്ള നാണക്കേടും മടിയും ചൂണ്ടിക്കാണിച്ചാണ് ഇവര്‍ പ്രത്യേക ബീച്ച് വേണമെന്ന് ആവശ്യം ഉന്നയിച്ചത്. സ്ത്രീകളുടെ സുരക്ഷ മാത്രമായിരുന്നുസര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇതേ ബീച്ചില്‍ ഒരു സ്ത്രീക്കെതിരെ കൂട്ടബലാല്‍സംഗം നടന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനെ തുടര്‍ന്നാണ്, സ്ത്രീ സുരക്ഷ മുന്‍ നിര്‍ത്തി ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ടൂറിസം വകുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ അബൂ സുഫ്‌യാന്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

മുസ്‌ലിം രാജ്യമായ ബംഗ്ലാദേശില്‍ ഇസ്‌ലാമികമായ പെരുമാറ്റരീതികള്‍ കൊണ്ടുവരണമെന്ന് ഇസ്‌ലാമിസ്റ്റ് സംഘടനകള്‍ കുറച്ചുനാളായി ആവശ്യപ്പെട്ടുവരുന്നുണ്ട്. ഈയടുത്തായി, തൊഴിലിടങ്ങളിലും ഫാക്ടറികളിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ഇടങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇസ്‌ലാമിസ്റ്റ് സംഘടനകള്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സ്ത്രീകള്‍ക്ക് മാത്രമായി ബീച്ച് എന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നത്.